Kevin Pietersen: ഇപ്പഴത്തെ ബൗളർമാരൊക്കെ എന്ത്; പണ്ടത്തെ ബൗളർമാരെ നേരിടാൻ എന്ത് പാടായിരുന്നു: കെവിൻ പീറ്റേഴ്സൺ
Batting Is Really Easy Now Says Kevin Pietersen: ഇക്കാലത്ത് ബാറ്റിംഗ് വളരെ എളുപ്പമെന്ന് ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സൺ. മുൻപുള്ള ബൗളർമാർ വളരെ മികച്ചവരായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പഴയ കാലം പരിഗണിക്കുമ്പോൾ ഇക്കാലത്ത് ബാറ്റ് ചെയ്യാൻ എളുപ്പമാണെന്ന് ഇംഗ്ലണ്ടിൻ്റെ മുൻ താരം കെവിൻ പീറ്റേഴ്സൺ. 20/25 വർഷങ്ങൾക്ക് മുൻപ് ഇപ്പോഴത്തേതിനെക്കാൾ ഇരട്ടി ബുദ്ധിമുട്ടായിരുന്നു ബാറ്റിംഗ് എന്ന് പീറ്റേഴ്സൺ പറഞ്ഞു. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് താരത്തിൻ്റെ പ്രതികരണം. (Image Courtesy- Social Media)

"എന്നോട് ദേഷ്യപ്പെടരുത്. പക്ഷേ, 20/25 വർഷം മുൻപത്തേതിനേക്കാൾ ബാറ്റിംഗ് ഇപ്പോൾ എളുപ്പമാണ്. ഇപ്പോഴത്തിനെക്കാൾ ഇരട്ടിയോളം ബുദ്ധിമുട്ടായിരുന്നു."- പീറ്റേഴ്സൺ കുറിച്ചു. ചില പഴയ ബൗളർമാരെ അദ്ദേഹം തൻ്റെ പോസ്റ്റിൽ പേരെടുത്ത് പ്രതിപാദിക്കുകയും ചെയ്തു.

"വഖാർ, ഷൊഐബ്, അക്രം, മുഷ്താഖ്, കുംബ്ലെ, ശ്രീനാഥ്, ഹർഭജൻ, ഡൊണാൾഡ്, പൊള്ളോക്ക്, ക്ലൂസ്നർ, ഗോഹ്, മഗ്രാത്ത്, ലീ, വോൺ, ഗില്ലസ്പി, ബോണ്ട്, വെട്ടോറി, കെയിൻസ്, വാസ്, മുരളി, കർട്ലി, കോർട്നി ഈ പട്ടിക ഇങ്ങനെ നീളും."- അദ്ദേഹം തൻ്റെ കുറിപ്പിൽ വിശദീകരിച്ചു.

"ഞാൻ മുകളിൽ പറഞ്ഞത് 22 പേരെയാണ്. പുതിയ കാല ക്രിക്കറ്റിൽ മുകളിലെ പേരുകളോട് കിടപിടിക്കുന്ന 10 ബൗളർമാരെ ഇങ്ങനെ പറയാൻ കഴിയുമോ?"- പീറ്റേഴ്സൺ ചോദിച്ചു. ടെസ്റ്റ് റൺസിൽ ജോ റൂട്ട് റെക്കോർഡുകൾ പഴങ്കഥയാക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിൻ്റെ പോസ്റ്റ്.

പോസ്റ്റിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടിയ താരങ്ങളിൽ ജോ റൂട്ട് നിലവിൽ രണ്ടാമതാണ്. നാലാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ നേടിയ സെഞ്ചുറിയോടെ താരം സച്ചിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു.