മുംബൈ വിട്ട ജയവര്‍ധനെയെ ഡല്‍ഹി റാഞ്ചി; ഇനി പുതിയ റോള്‍
Delhi Capitals Appoint Mahela Jayawardene Ahead of WPL 2027 Season: മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്ധനയെക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍ പുതിയ ചുമതല. മഹേല ജയവർധനെയെ, 2027 സീസണിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസിന്റെ വിമൻസ് പ്രീമിയർ ലീഗ് ടീമിന്റെ 'ഡയറക്ടർ ഓഫ് ക്രിക്കറ്റ്' ആയി നിയമിച്ചു.

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്ധനയെക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍ പുതിയ ചുമതല. മഹേല ജയവർധനെയെ, 2027 സീസണിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസിന്റെ വിമൻസ് പ്രീമിയർ ലീഗ് ടീമിന്റെ 'ഡയറക്ടർ ഓഫ് ക്രിക്കറ്റ്' ആയി നിയമിച്ചു. ടീം തന്ത്രങ്ങൾ ആവിഷ്കരിക്കുക, പ്രതിഭകളെ കണ്ടെത്തുക, താരങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്റെയും വികസനം എന്നിവയുൾപ്പെടെ എല്ലാ കാര്യങ്ങൾക്കും ജയവർധനെ മേൽനോട്ടം വഹിക്കുമെന്ന് ഫ്രാഞ്ചെസി അറിയിച്ചു. ക്യാപിറ്റൽസിന്റെ സഹ ഉടമകളായ മാതൃകമ്പനി ജിഎംആർ സ്പോർട്സിന്റെ ക്രിക്കറ്റ് ഡയറക്ടർ എന്ന വലിയ പദവിയുടെ കീഴിലാണ് ജയവർധനെയുടെ ഈ നിയമനം (Image Credit Source: PTI).

ഐഎൽടി20-യിൽ ദുബായ് ക്യാപിറ്റൽസിനൊപ്പവും, ദി ഹണ്ട്രഡിൽ സതേൺ ബ്രേവിനൊപ്പവും അദ്ദേഹം ഇതേ പദവിയിൽ പ്രവർത്തിക്കും. 2024-ൽ ജിഎംആർ ഗ്രൂപ്പ് ഏറ്റെടുത്ത ഇംഗ്ലീഷ് കൗണ്ടി ടീമായ ഹാംഷെയർ ക്രിക്കറ്റിലെ ക്രിക്കറ്റ് ഡയറക്ടർ ഗൈൽസ് വൈറ്റുമായും ജയവർധനെ സഹകരിച്ച് പ്രവർത്തിക്കും. 13 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയവർധനെ ഡല്‍ഹി ഫ്രാഞ്ചെസിയുടെ ഭാഗമാകുന്നത്. 2012, 2013 സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഭാഗമായിരുന്നു.

രണ്ടാമത്തെ സീസണിൽ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ നാളായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. 2017, 2019, 2020 വർഷങ്ങളിൽ ടീമിനെ കിരീട വിജയങ്ങളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എന്നാല്‍ സമീപ സീസണുകളില്‍ മുംബൈയുടെ പ്രകടനം മോശമായിരുന്നു.

ഡൽഹി ക്യാപിറ്റൽസിന് ശക്തമായ ഒരു വ്യക്തിത്വമുണ്ട്. ഒപ്പം വനിതാ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ആവേശകരമായ കാഴ്ചപ്പാടും അവർക്കുണ്ടെന്ന് ജയവര്‍ധനെ പറഞ്ഞു. ഡബ്ല്യുപിഎൽ ടീമിന്റെ 'ഡയറക്ടർ ഓഫ് ക്രിക്കറ്റ്' എന്ന ചുമതല ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ ക്രിക്കറ്റിന്റെ ഭാവി രൂപപ്പെടുത്താൻ ഈ ടൂർണമെന്റിന് വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിവുറ്റ താരങ്ങളുടെ ഒരു മികച്ച നിരയോടും, പരിചയസമ്പന്നരായ സപ്പോർട്ട് സ്റ്റാഫിനോടും ഒപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. ടീമിന്റെ നിലവിലുള്ള കരുത്ത് വർധിപ്പിക്കുക, പ്രകടനങ്ങളിൽ കൂടുതൽ സ്ഥിരത കൊണ്ടുവരിക, ടീമിനെ നിരന്തരം വളർത്തി കിരീടത്തിനായി മത്സരിക്കാൻ പ്രാപ്തരാക്കുക എന്നിവയിലായിരിക്കും ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. സഹ ഉടമകളായ കിരൺ കുമാർ ഗ്രാന്ധിയും പാർത്ഥ് ജിൻഡാലും ജയവർധനെയുടെ വരവിനെ സ്വാഗതം ചെയ്തു. മുഖ്യ പരിശീലകൻ ജോനാഥൻ ബാറ്റി, ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് എന്നിവർക്കൊപ്പമായിരിക്കും അദ്ദേഹം പ്രവർത്തിക്കുക.