മലേഷ്യയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഇനി പഴയതുപോലെ പോകാനാവില്ല; ഇന്ത്യക്കാർക്ക് വൻ തിരിച്ചടി!
Travelling to Malaysia in 2027? Here Are the Strict New Visa and Insurance Rules for Indian Nationals: മലേഷ്യയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർക്ക് ഒന്ന് ശ്രദ്ധിച്ചോളു. ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശന സൗകര്യം 2027 ജനുവരി ഒന്ന് മുതൽ മലേഷ്യ പിൻവലിക്കുകയാണ്. നവംബർ 17-ന് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. ജനുവരി 1 മുതൽ മലേഷ്യയിലെത്തുന്ന എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളും യാത്രയ്ക്ക് മുൻപ് തന്നെ വിസ നേടിയിരിക്കണം. 2026 ഡിസംബർ ഒന്ന് മുതൽ മൈവിസ ഓൺലൈൻ പോർട്ടൽ വഴി വിസയ്ക്ക് അപേക്ഷിക്കാം.

പൂർത്തിയാകാത്ത വിസ അപേക്ഷകൾക്കും ഇമിഗ്രേഷൻ വകുപ്പ് പുതിയ ചട്ടം കൊണ്ടുവന്നിട്ടുണ്ട്. 'ന്യൂ ആപ്ലിക്കേഷൻ' അല്ലെങ്കിൽ 'പെൻഡിംഗ് പേയ്‌മെൻ്റ്' വിഭാഗത്തിൽ ഏഴ് പ്രവൃത്തി ദിവസത്തിലധികം തുടരുന്ന അപേക്ഷകൾ റദ്ദാക്കപ്പെടും. 2026 ഒക്ടോബർ ഒന്നിനാണ് ഈ ചട്ടം നിലവിൽ വന്നത്. എന്നാൽ സെപ്റ്റംബർ ഒന്നിന് മുൻപുള്ള എല്ലാ അപേക്ഷകൾക്കും ഈ ചട്ടം ബാധകമാണ്. ഇത്തരത്തിൽ വിസ അപേക്ഷ റദ്ദാക്കപ്പെട്ടാൽ പുതുതുതായി വീണ്ടും അപേക്ഷിക്കാവുന്നതാണ്. (Image Credit Source: Unsplash)

പുതിയ വിസ നയത്തിൻ്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്നും പരിഷ്കരിച്ച നിബന്ധനകൾ അപേക്ഷകർ ശ്രദ്ധിക്കണമെന്നും വകുപ്പ് നിർദ്ദേശിച്ചു. അപേക്ഷ അംഗീകരിച്ചാലും നിരസിച്ചാലും വിസ പ്രോസസിംഗ് ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കില്ല. നയപരമായ മാറ്റങ്ങളോ യാത്രാ പദ്ധതികളിലെ തിരുത്തലുകളോ ഉണ്ടായാലും തുക മടക്കി നൽകില്ല. മലേഷ്യൻ സർക്കാരിൻ്റെ നിർദ്ദേശപ്രകാരം പ്രവേശന നിബന്ധനകൾ എപ്പോൾ വേണമെങ്കിലും പരിഷ്കരിക്കാൻ വകുപ്പിന് അവകാശമുണ്ടായിരിക്കും.

മലേഷ്യയുടെ വിസ ചട്ടങ്ങളിൽ അടുത്തിടെ വരുത്തിയ നിരവധി പരിഷ്കാരങ്ങളുടെ തുടർച്ചയായാണ് ഏറ്റവും പുതിയ പ്രഖ്യാപനം. 2026 സെപ്റ്റംബർ ഒന്ന് മുതൽ മൾട്ടിപ്പിൾ എൻട്രി വിസകളുടെ ലഭ്യത അർഹതയുള്ള 31 രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമായി രാജ്യം പരിമിതപ്പെടുത്തിയിരുന്നു. ബിസിനസ്, ചികിത്സ, വെഡ്ഡിംഗ് ടൂറിസം, ഫ്ലൈ-ആൻഡ്-ക്രൂയിസ് യാത്രകൾ തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കായി എത്തുന്ന സഞ്ചാരികൾക്ക് മാത്രമാണ് നിലവിൽ ഈ വിസ അനുവദിക്കുന്നത്.

ഇതിനുപുറമെ, രാജ്യത്ത് താമസിക്കുന്ന മുഴുവൻ കാലയളവിലേക്കും ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് എടുക്കണമെന്ന് വിദേശ സഞ്ചാരികളോട് മലേഷ്യ പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്. നവംബർ 16-ന് ഇമിഗ്രേഷൻ വകുപ്പ് പുറത്തിറക്കിയ മറ്റൊരു അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് താമസിക്കുന്ന കാലയളവിൽ ആവശ്യമായി വരുന്ന ചികിത്സയുടെയും മറ്റ് ആരോഗ്യ സേവനങ്ങളുടെയും മുഴുവൻ ചെലവും വിദേശ സന്ദർശകർ സ്വയം വഹിക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

മലേഷ്യൻ വിസ അപേക്ഷകൾക്കൊപ്പം അനുബന്ധ രേഖയായി സമർപ്പിക്കാൻ 'മൈട്രിപ്പ്‌പാസ്' എന്ന ഇൻബൗണ്ട് ട്രാവൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ ഇമിഗ്രേഷൻ വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. മെഡിക്കൽ ഇൻഷുറൻസും അടിയന്തര സഹായവും വാഗ്ദാനം ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോമിലൂടെ പരിരക്ഷ വാങ്ങുന്ന യാത്രക്കാർക്ക് ഉടൻ തന്നെ ഇൻഷുറൻസിൻ്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും. പുതുവർഷത്തിൽ മലേഷ്യയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ ഈ മാറ്റങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.