Jebel Akhdar: പനിനീർ താഴ്വരകൾ; ഗൾഫ് ടൂറിസത്തിൻ്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ഒമാനിലെ ജബൽ അഖ്ദറിലേക്ക് ഒരു യാത്ര പോയാലോ?
Escape to the Green Mountain: How About a Trip to Oman's Jebel Akhdar?: സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഒമാനിലെ ജബൽ അഖ്ദർ. വിശ്രമിക്കാനും ട്രെക്കിംഗിനും ഒമാൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം നേരിട്ടറിയാനും ഈ പച്ചപ്പണിഞ്ഞ മലനിരകൾ വിനോദസഞ്ചാരികൾക്ക് എപ്പോഴും മികച്ച അവസരമാണ് ഒരുക്കുന്നത്. ദിവസങ്ങൾക്ക് മുൻപാണ് ഗൾഫ് കോ- ഓപറേഷൻ കൗൺസിൽ കൗൺസിലിൽ ഒമാനിലെ ജബൽ അഖ്ദറിനെ 2027-ലെ ഗൾഫ് ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ചത്.

തലസ്ഥാനമായ മസ്കറ്റിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയാണ് ജബൽ അഖ്ദർ സ്ഥിതി ചെയ്യുന്നത്. മക്സ്കറ്റിൽ നിന്നും രണ്ട് മണിക്കൂർ യാത്ര ചെയ്താൽ ഈ പ്രദേശത്ത് എത്താം. ദുർഘടമായ ഭൂപ്രകൃതിയാണെങ്കിലും പർവ്വതങ്ങളുടെ മുകളിലേക്ക് പോകുന്തോറും പ്രകൃതിയുടെ യഥാർത്ഥ മനോഹാരിത ആസ്വദിക്കാനാകും. ഡമാസ്ക് പനിനീർ പുഷ്പങ്ങൾ, വാൽനട്ട് മരങ്ങൾ, മാതളനാരകം, ആപ്രിക്കോട്ട് തോട്ടങ്ങൾ തുടങ്ങിയവ ഈ ഉയർന്ന പ്രദേശത്തെ കൂടുതൽ ആകർഷകമാക്കുന്നു. (Image Credit source: Getty Images)

ഒമാൻ്റെ തനതായ പൈതൃക ഗ്രാമങ്ങൾ നേരിട്ട് കാണാൻ ഗൈഡുകൾക്കൊപ്പമുള്ള ട്രെക്കിംഗാണ് ഏറ്റവും മികച്ച മാർഗ്ഗം. അൽ അഖുർ ഗ്രാമത്തിൽ നിന്ന് തുടങ്ങി വാദി അൽ മുഅയ്ദീൻ വരെയുള്ള W18b എന്ന ട്രെക്കിംഗ് റൂട്ട് സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. അയ്യായിരം വർഷം വരെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന, ഒമാൻ്റെ പരമ്പരാഗത ജലസേചന രീതിയായ 'ഫലജ്' സംവിധാനം ഇപ്പോഴും ഇവിടെ സംരക്ഷിച്ചിട്ടുണ്ട്.

ഉയർന്ന പർവ്വതങ്ങളിലെ ദുർഘടമായ റോഡുകളിലൂടെയുള്ള യാത്രകൾക്ക് വൈദഗ്ധ്യമുള്ള ഡ്രൈവർമാരെ ഒപ്പം കൂട്ടുന്നതാണ് കൂടുതൽ നല്ലത്. പൂർണ്ണമായും മണ്ണുകൊണ്ട് നിർമ്മിച്ച വീടുകളുള്ള 'വാദി ബനി ഹബീബ്' പോലുള്ള പുരാതന ഗ്രാമങ്ങൾ ഈ യാത്രയിൽ നേരിട്ട് കാണാനാകും..ചെറിയ നടപ്പാതകളിലൂടെ നടന്നാൽ മാതളനാരകങ്ങളും വാൽനട്ട് മരങ്ങളും തണൽ വിരിക്കുന്ന അതിമനോഹരമായ താഴ്വരകൾ കാണാം.

ജബൽ അഖ്ദറിൽ നിന്നുള്ള റോസ് വാട്ടർ ലോക പ്രശസതമാണ്. സെയ്ഖ് നഗരത്തിൽ പോയാൽ ഇത് നേരിട്ട് വാങ്ങാനാകും. ഇവിടെയുള്ള പരമ്പരാഗത റോസ് വാട്ടർ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിച്ചാൽ പൂർണ്ണമായും പരമ്പരാഗത രീതിയിൽ പനിനീർ വേർതിരിച്ചെടുക്കുന്ന പ്രക്രിയയ നേരിട്ട് കണ്ടുമനസ്സിലാക്കാൻ സാധിക്കും. ഇത് സഞ്ചാരികൾക്ക് പുതിയൊരു അനുഭവം നൽകും.

ഡമാസ്ക് റോസാപ്പൂക്കൾ വിരിയുന്ന മാർച്ചും ഏപ്രിലുമാണ് ജബൽ അഖ്ദർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വസന്തകാലത്തിൻ്റെ തുടക്കത്തിൽ തന്നെ ഇവിടെയെങ്ങും പൂക്കളുടെ സുഗന്ധം നിറഞ്ഞുനിൽക്കും. ഉയർന്ന പ്രദേശമായതിനാൽ വളരെ പെട്ടെന്ന് തന്നെ ഇവിടെ തണുപ്പ് കൂടാനും താപനിലയിൽ മാറ്റങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ യാത്ര പുറപ്പെടുമ്പോൾ തണുപ്പിനെ പ്രതിരോധിക്കുന്ന കട്ടിയുള്ള വസ്ത്രങ്ങൾ കൂടി എടുക്കാൻ സഞ്ചാരികൾ പ്രത്യേകം ശ്രദ്ധിക്കണം.