Rishabh Pant: ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഋഷഭ് പന്ത് ക്യാപ്റ്റൻ; സർഫറാസ് ഖാന് ടീമിൽ ഇടമില്ല
Sarfaraz Khan Will Not Play For India A: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഇന്ത്യൻ ടീമിൽ സർഫറാസ് ഖാൻ കളിക്കില്ല. ഋഷഭ് പന്താണ് ക്യാപ്റ്റൻ.

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ചതുർദിന പരമ്പരയിൽ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും. ഒക്ടോബർ 30 മുതൽ നവംബർ 9 വരെയുള്ള കാലയളവിൽ ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ചതുർദിന മത്സരങ്ങളാണ് ഇന്ത്യ എ കളിക്കുക. സായ് സുദർനാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

രണ്ട് മത്സരങ്ങൾക്കുമായി രണ്ട് വ്യത്യസ്ത സ്ക്വാഡുകളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാൽ, ഈ രണ്ട് ടീമിലും സർഫറാസ് ഖാന് ഇടം ലഭിച്ചില്ല. മുംബൈ യുവതാരം ആയുഷ് മാത്രെ പോലും ടീമിൽ ഉൾപ്പെട്ടെങ്കിലും സർഫറാസ് ഖാനെ പരിഗണിച്ചില്ല. ഇത് സമൂഹമാധ്യമങ്ങളിൽ വിവാദമാണ്.

ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ എ ടീമിനായി 92 റൺസെടുത്ത താരം പരിക്കേറ്റ് പുറത്തായിരുന്നു. ഈ സമയത്ത് തൻ്റെ ഫിറ്റ്നസ് മെച്ചപ്പെടുത്തിയ സർഫറാസ് ശരീരഭാരവും കുറച്ചു. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ താരം 74 റൺസ് നേടി. എങ്കിലും സർഫറാസിന് എ ടീമിൽ ഇടം ലഭിച്ചില്ല.

ദേവ്ദത്ത് പടിക്കൽ, ആയുഷ് മാത്രെ, രജത് പടിദാർ, കെഎൽ രാഹുൽ, ധ്രുവ് ജുറേൽ തുടങ്ങിയ താരങ്ങൾ ടീമുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മാനവ് സൂത്തർ, സരാൻഷ് ജെയിൻ, ഗുർനൂർ ബ്രാർ തുടങ്ങി പുതുമുഖങ്ങൾക്കൊക്കെ ടീമുകളിൽ അവസരം ലഭിച്ചപ്പോഴാണ് സർഫറാസിനോടുള്ള അവഗണന.

ഒക്ടോബർ 30 മുതൽ നവംബർ 2 വരെ ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസിലാണ് ആദ്യ മത്സരം. രണ്ടാം ചതുർദിന മത്സരവും ഇതേ വേദിയിലാണ്. നവംബർ ആറ് മുതൽ 9 വരെയാണ് മത്സരം. നവംബർ 14 മുതലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക.