Robin Uttappa: ‘കോലിയെയും രോഹിതിനെയും നിർബന്ധിച്ച് വിരമിപ്പിച്ചതുപോലെ തോന്നുന്നു’; ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഉത്തപ്പ
Robin Uttappa About Kohli And Rohit: രോഹിത് ശർമ്മയും വിരാട് കോലിയും ടെസ്റ്റിൽ നിന്ന് വിരമിച്ച് സ്വാഭാവികമായി തോന്നിയില്ലെന്ന് ഉത്തപ്പ. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് താരത്തിൻ്റെ ആരോപണം.

രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും ടെസ്റ്റ് വിരമിക്കലിലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പ്രസ്താവനയുമായി റോബിൻ ഉത്തപ്പ. ഇരുവരെയും നിർബന്ധിച്ച് വിരമിപ്പിച്ചതുപോലെ തനിക്ക് തോന്നുന്നു എന്നാണ് ഉത്തപ്പ തൻ്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചത്. (Image Credits - PTI)

"എനിക്കറിയില്ല, നിർബന്ധിച്ചെടുപ്പിച്ച തീരുമാനം ആണോ എന്ന്. പക്ഷേ, അതൊരു സ്വാഭാവിക യാത്രപറച്ചിലായി തോന്നിയില്ല. സത്യം എന്തുതന്നെയായാലും അവർ സ്വയം അവർക്ക് തോന്നുന്ന സമയത്ത് പറയും. പക്ഷേ, എനിക്ക് തോന്നുന്നത് അത് സ്വാഭാവികമല്ലെന്നാണ്."

"രോഹിത് ഓസ്ട്രേലിയയിൽ റൺസ് കണ്ടെത്താൻ വിഷമിക്കുമ്പോൾ അദ്ദേഹം ആറ് മാസം ബ്രേക്കെടുത്ത് ഫിറ്റ്നസ് ശരിയാക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. അദ്ദേഹം വീണ്ടും റൺസ് സ്കോർ ചെയ്യുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല."- അദ്ദേഹം പറഞ്ഞു.

മെയ് മാസത്തിൽ ദിവസങ്ങൾക്കിടെയാണ് രോഹിത് ശർമ്മയും വിരാട് കോലിയും ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിതിനെ ബിസിസിഐ നീക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചു.

ദിവസങ്ങൾക്ക് ശേഷം കോലിയും ടെസ്റ്റ് ജഴ്സി അഴിച്ചുവച്ചു. ടെസ്റ്റ് ടീമിൽ തുടരാനായി ബിസിസിഐ നിർബന്ധം ചെലുത്തിയെങ്കിലും കോലി വഴങ്ങിയില്ല. രോഹിത് ശർമ്മയുടെ ടെസ്റ്റ് വിരമിക്കൽ പരിഗണിച്ചാണ് കോലി വിരമിക്കാൻ തീരുമാനിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.