‘ഇനിയും പുക ഉയരും’! പന്തില്‍ കൃത്രിമം നടന്നത് ബൗളര്‍ അറിയാതിരിക്കുമോ? ഓസീസിനെ വെട്ടിലാക്കി ഹെയ്ഡന്
Matthew Hayden Calls for Fresh Inquiry into Australia's 2018 Sandpapergate Scandal: പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുണ്ടെന്ന് മുന്‍താരം മാത്യു ഹെയ്ഡന്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ വിശ്വാസ്യതയെയും സത്യസന്ധതയെയും സംബന്ധിച്ച് ഈ വിവാദം ഇപ്പോഴും ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓസീസ് ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച 2018-ലെ പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുണ്ടെന്ന് മുന്‍താരം മാത്യു ഹെയ്ഡന്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ വിശ്വാസ്യതയെയും സത്യസന്ധതയെയും സംബന്ധിച്ച് ഈ വിവാദം ഇപ്പോഴും ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ നീതിയുക്തവും സ്വതന്ത്രവുമായ ഒരു അന്വേഷണം വേണമെന്ന് ഹെയ്ഡന് ആവശ്യപ്പെട്ടു. “ഈ തീയിൽ നിന്ന് ഇനിയും ഒരുപാട് പുക ഉയരാനുണ്ടെന്ന് ജിയോസ്റ്റാറിന്റെ ‘സാൻഡ്പേപ്പർഗേറ്റ്: ദ അൺസെറ്റിൽഡ് ഡിബേറ്റ്’ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെ ഹെയ്ഡന് അഭിപ്രായപ്പെട്ടു.
മുന്‍ താരം ഉസ്മാന് ഖവാജ നടത്തിയ ചില പ്രതികരണങ്ങളാണ് വിവാദം വീണ്ടും ചര്‍ച്ചയാക്കിയത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ് നടപടി നേരിട്ടത്. എന്നാല്‍ പന്തില്‍ കൃത്രിമം നടത്തുന്ന വിവരം സപ്പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ ടീമിലെ എല്ലാവര്ക്കും അറിയാമായിരുന്നുവെന്ന് ഖവാജ പറഞ്ഞിരുന്നു.
2018-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുണ്ടായ സംഭവങ്ങൾ പരിശോധിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ സുതാര്യമായ ഒരു നടപടിക്രമം കൊണ്ടുവരണമെന്നും, നിലവിലുള്ളവരും വിരമിച്ചവരുമായ താരങ്ങൾ ഉൾപ്പെടെ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകണമെന്നും ഹെയ്ഡൻ വ്യക്തമാക്കി.
ബൗളര്‍ അറിയാതിരിക്കുമോ?
“കൈയിലിരിക്കുന്ന പന്ത് ഏതാണെന്ന് താങ്കള്‍ക്ക് അറിയില്ലെന്ന് നമ്മള് പറഞ്ഞാല്‍ നിങ്ങള്‍ തമാശ പറയുകയാണോയെന്ന് അവര്‍ നമ്മളോട് ചോദിക്കും. അത് ആരെങ്കിലും നമ്മളുടെ ബാറ്റില്‍ കൃത്രിമം കാണിക്കുന്നതുപോലെയായിരിക്കും. എന്റെ ബാറ്റിലെ ഓരോ സെന്റിമീറ്ററും എനിക്ക് കൃത്യമായി അറിയാം”-ഹെയ്ഡന് പറഞ്ഞു. പന്തില്‍ കൃത്രിമം നടന്നത് ബൗളര്‍ അറിഞ്ഞിട്ടുണ്ടാകുമെന്ന് പരോക്ഷമായി അഭിപ്രായപ്പെടുകയായിരുന്നു ഓസീസ് മുന്‍താരം.
നാം കൃത്യമായ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. തുടർ അന്വേഷണത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് കണ്ടെത്തുകയും, അതിനുശേഷം വ്യക്തമായ പരിധികളോടെയും എല്ലാവർക്കും നീതി ലഭിക്കുന്ന രീതിയിലും മുന്നോട്ട് പോകുകയും വേണം. സംശയങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം, കാര്യങ്ങൾ രമ്യമായി പരിഹരിക്കപ്പെടുക എന്നത് അസാധ്യമാണെന്നും ഹെയ്ഡന് അഭിപ്രായപ്പെട്ടു.
ഐസിസി ഇതിനകം അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ നിയമങ്ങൾ വിപുലീകരിച്ചതായും പുതിയ നയങ്ങൾ കൊണ്ടുവന്നതായും അമ്പയർമാർക്ക് കൂടുതൽ അധികാരം നൽകിയതായും അവർ അറിയിച്ചു. പന്തിൽ അനാവശ്യമായി കൃത്രിമം കാണിക്കുന്നത് ആരും ആഗ്രഹിക്കാത്ത കാര്യമായതിനാൽ, ഐസിസിയുടെ ഈ നടപടി വളരെ നല്ലൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary
Former Australian opener Matthew Hayden has called for a fresh, independent inquiry into the 2018 ‘Sandpapergate’ ball-tampering scandal. He believes Cricket Australia must establish a transparent process to address lingering questions around integrity and trust.