Sanju Samson: ‘സഞ്ജുവിനെ ഇപ്പോൾ ടീമിൽ നിന്ന് മാറ്റുന്നത് നീതിയല്ല’; പിന്തുണച്ച് ഇന്ത്യയുടെ മുൻ താരങ്ങൾ
Rahane And Ashwin Support Sanju Samson: സഞ്ജു സാംസണെ പിന്തുണച്ച് ഇന്ത്യയുടെ മുൻ താരങ്ങളായ അജിങ്ക്യ രഹാനെയും ആർ അശ്വിനും. മാനേജ്മെൻ്റ് സഞ്ജുവിന് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസീലൻഡിനെതിരെ തുടർച്ചയായി നിരാശപ്പെടുത്തിയ സഞ്ജു സാംസണെ പിന്തുണച്ച് ഇന്ത്യയുടെ മുൻ താരങ്ങൾ. അജിങ്ക്യ രഹാനെയും ആർ അശ്വിനുമാണ് മലയാളി താരത്തെ പിന്തുണച്ച് രംഗത്തുവന്നത്. സഞ്ജുവിനെ ഇപ്പോൾ ടീമിൽ നിന്ന് മാറ്റുന്നത് നീതിയല്ലെന്ന് ഇരുവരും പറഞ്ഞു. (Image Credits - PTI)

തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ്റെ പ്രതികരണം. നന്നായി കളിച്ചുകൊണ്ടിരുന്നപ്പോൾ സഞ്ജുവിന് അവസരങ്ങൾ നൽകിയില്ല. ഇപ്പോൾ ഇഷാൻ കിഷൻ നന്നായി കളിക്കുന്നു. അയാളുടെ പൊസിഷനും മാറ്റി സർക്കസ് കളിക്കരുത് എന്ന് അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

ആദ്യം മുതൽ ആക്രമിച്ചുകളിക്കാൻ ശ്രമിക്കുമ്പോഴാണ് സഞ്ജു ഔട്ടാവുന്നത്. ഇപ്പോൾ സഞ്ജുവിനെ ശിക്ഷിക്കുന്നത് നീതിയല്ല. ഇത്തരത്തിൽ ടീം മാനേജ്മെൻ്റ് ചിന്തിക്കരുതെന്നും അശ്വിൻ പ്രതികരിച്ചു. രാജസ്ഥാൻ റോയൽസ് ടീമിൽ സഞ്ജു സാംസണും ആർ അശ്വിനും ഒരുമിച്ച് കളിച്ചിരുന്നു.

വരുന്ന രണ്ട് മത്സരങ്ങളിലും ലോകകപ്പിലും സഞ്ജു കളിക്കുമെന്ന് മാനേജ്മെൻ്റ് താരത്തിന് ഉറപ്പുനൽകണമെന്ന് അജിങ്ക്യ രഹാനെയും ആവശ്യപ്പെട്ടു. ഈ സമയത്ത് ക്യാപ്റ്റൻ്റെയും മാനേജ്മെൻ്റിൻ്റെയും പങ്ക് നിർണായകമാണ് എന്നും രഹാനെ ക്രിക്ക്ബസിനോട് പ്രതികരിച്ചു.

സഞ്ജുവിനോട് എല്ലാ മത്സരങ്ങളിലും കളിക്കും, ലോകകപ്പിലും ഉണ്ടാവുമെന്ന് മാനേജ്മെൻ്റ് ഉറപ്പുനൽകണം. അത് അവൻ്റെ ആത്മവിശ്വാസം വർധിപ്പിക്കും. അഭിഷേകിനെപ്പോലെ കളിക്കാതെ സ്വന്തം ഗെയിമിൽ വിശ്വസിക്കണമെന്നും സഞ്ജുവിനൊപ്പം രാജസ്ഥാൻ റോയൽസിൽ കളിച്ച രഹാനെ പറഞ്ഞു.