Fuel Saving Tips: പെട്രോൾ അടിച്ച് പോക്കറ്റ് കാലിയാകില്ല, ഈ സിമ്പിൾ ട്രിക്കുകൾ പരീക്ഷിക്കൂ
Fuel Saving Hacks: ഡ്രൈവിംഗിലും വാഹനം കൈകാര്യം ചെയ്യുന്ന രീതിയിലും ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ വലിയൊരു തുക ഇന്ധനയിനത്തിൽ ലാഭിക്കാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? മൈലേജ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ട്രിക്കുകൾ പരിചയപ്പെട്ടാലോ....
പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ എൽപിജി, ഇന്ധന പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഭയപ്പെടേണ്ടെ സാഹചര്യമില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പെട്രോൾ പമ്പുകളിലെ നീണ്ട നിരയും പാചകവാതകത്തിന്റെ ക്ഷാമവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, ഇവയുടെ വില കൂടുമോ എന്ന സംശയവും നിലനിൽക്കുന്നു. ഇന്ധനവില കുതിച്ചുയരുപ്പോൾ വാഹനം ഉപയോഗിക്കുന്ന ഏതൊരാളുടെയും പ്രധാന ആശങ്കയാണ് മൈലേജ്.
എന്നാൽ നമ്മുടെ ഡ്രൈവിംഗിലും വാഹനം കൈകാര്യം ചെയ്യുന്ന രീതിയിലും ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ വലിയൊരു തുക ഇന്ധനയിനത്തിൽ ലാഭിക്കാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? ദിവസേനയുള്ള യാത്രകളിൽ മൈലേജ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ട്രിക്കുകൾ പരിചയപ്പെട്ടാലോ….
മൈലേജ് കൂട്ടാനുള്ള വഴികൾ
ടയർ പ്രഷർ: ഇന്ധനക്ഷമതയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് ടയറിലെ കാറ്റ്. ടയറിൽ എയർ കുറവാണെങ്കിൽ റോഡുമായുള്ള ഘർഷണം കൂടും. ഇതോടെ വാഹനം മുന്നോട്ട് നീങ്ങാൻ എൻജിന് കൂടുതൽ കരുത്ത് ഉപയോഗിക്കേണ്ടി വരും. ഇത് മൈലേജ് വൻതോതിൽ കുറയ്ക്കാൻ കാരണമാകുന്നതാണ്. അതുകൊണ്ട് ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങളുടെ വണ്ടിയുടെ ടയർ പ്രഷർ നിർദേശിച്ച അളവിലാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
അമിതഭാരം: വാഹനത്തിലെ അമിതഭാരം ഒഴിവാക്കുക എന്നതാണ് അടുത്ത വഴി. ആവശ്യമില്ലാത്ത സാധനങ്ങൾ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. കാരണം, വാഹനത്തിന്റെ ഭാരം കൂടുന്നതിനനുസരിച്ച് എൻജിൻ കൂടുതൽ ഇന്ധനം കത്തിക്കേണ്ടി വരും. ഇത് മൈലേജ് കുറയ്ക്കും. അതിനാൽ അനാവശ്യമായ ഭാരമേറിയ സാധനങ്ങൾ ഡിക്കിയിൽ നിന്നും മറ്റും നീക്കം ചെയ്യുക.
ALSO READ: ഗ്യാസ് തീർന്നാലും അടുക്കള പുകയും! രുചിയോടെ പാചകം ചെയ്യാൻ ഇതാ ചില വിദ്യകൾ
ഗിയർ മാറ്റുക: ലോ-ഗിയറിൽ അമിത വേഗതയിൽ ഓടിക്കുന്നതും ഉയർന്ന ഗിയറിൽ കുറഞ്ഞ വേഗതയിൽ പോകുന്നതും എൻജിന് ആയാസമുണ്ടാക്കും. ഓരോ വാഹനത്തിനും അനുയോജ്യമായ ഗിയർ-സ്പീഡ് അനുപാതം പാലിക്കുന്നത് വഴി മികച്ച മൈലേജ് ഉറപ്പാക്കാം.
സ്മൂത്ത് ഡ്രൈവിംഗ്: പെട്ടെന്ന് ആക്സിലറേറ്റർ കൊടുക്കുന്നതും പെട്ടെന്ന് ബ്രേക്ക് ഇടുന്നതുമെല്ലാം ഇന്ധനം നഷ്ടപ്പെടുത്തും. അതിനാൽ മിതമായ വേഗതയിൽ വാഹനം ഓടിക്കുക. ട്രാഫിക് സിഗ്നലുകൾ ദൂരെ കാണുമ്പോൾ തന്നെ ആക്സിലറേറ്ററിൽ നിന്ന് കാൽ മാറ്റുന്നത് വഴി ബ്രേക്കിന്റെ ഉപയോഗം കുറയ്ക്കാനും അത് വഴി ഇന്ധനം ലാഭിക്കാനും സഹായിക്കും.
എൻജിൻ ഐഡിൽ: ട്രാഫിക് കുരുക്കിലോ മറ്റാരെയെങ്കിലും കാത്തുനിൽക്കുമ്പോഴോ വാഹനം ഓഫ് ചെയ്യാൻ ശ്രമിക്കുക. ഓഫ് ചെയ്യാതെ എൻജിൻ പ്രവർത്തിപ്പിക്കുന്നത് വലിയ തോതിൽ പെട്രോൾ നഷ്ടപ്പെടുത്തും. 30 സെക്കൻഡിൽ കൂടുതൽ വാഹനം നിർത്തിയിടേണ്ടി വന്നാൽ എൻജിൻ ഓഫ് ചെയ്യുന്നത് ശീലമാക്കേണ്ടതാണ്.
കൃത്യസമയത്തുള്ള സർവീസിംഗ്: വൃത്തിയുള്ള എയർ ഫിൽട്ടറിലൂടെ വായു സഞ്ചരിച്ചാൽ മാത്രമേ എൻജിൻ കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ. അതിനാൽ വാഹനത്തിന്റെ എൻജിൻ ഓയിൽ, എയർ ഫിൽട്ടർ എന്നിവ കൃത്യസമയത്ത് മാറ്റുക.