Cabinet Meeting: സർക്കാർ ഓഫീസുകൾക്ക് ശനി, ഞായർ അവധി; സുപ്രധാന തീരുമാനമുണ്ടാകുമോ? മന്ത്രി സഭാ യോഗം ഇന്ന്
Kerala Cabinet Meeting Today: പൊതുഭരണ വകുപ്പ് തയ്യാറാക്കിയ ശുപാർശ ചീഫ് സെക്രട്ടറിയുടെ അംഗീകാരം നേടി മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തിയതായാണ് സൂചന. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിൽ പിണറായി സർക്കാർ ഇവ ചർച്ചചെയ്യാനുള്ള സാധ്യത കൂടുതലാണ്.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് ഓൺലൈനായാണ് മന്ത്രിസഭാ യോഗം നടക്കുന്നത്. വിവിധ സുപ്രധാന തീരുമാനങ്ങൾ ഇന്നെടുത്തേക്കുമെന്നാണ് സൂചന. സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് മുൻഗണന. സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം അഞ്ചാക്കി ജീവനക്കാർക്ക് ശനിയും ഞായറും അവധിയാക്കുന്ന നിർണായക തീരുമാനം ഇന്ന് വന്നേക്കും. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെന്നാണ് വിവരം.
6 പ്രവൃത്തി ദിനങ്ങളെന്നത് 5 ആക്കി കുറയ്ക്കണമെന്ന ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യം നടപ്പിലാക്കാനുള്ള അവസാനവട്ട ഫയൽ നീക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. പൊതുഭരണ വകുപ്പ് (GAD) തയ്യാറാക്കിയ ശുപാർശ ചീഫ് സെക്രട്ടറിയുടെ അംഗീകാരം നേടി മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തിയതായാണ് സൂചന. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിൽ പിണറായി സർക്കാർ ഇവ ചർച്ചചെയ്യാനുള്ള സാധ്യത കൂടുതലാണ്.
ALSO READ: തൃശൂരിൽ വയോധികയെ നായ കടിച്ചുകൊന്നു, പോസ്റ്റ്മോർട്ടം ഇന്ന്
ജീവനക്കാർക്ക് സന്തോഷമാകുന്ന തീരുമാനം പ്രഖ്യാപിച്ചാൽ വരുന്ന തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കും എന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. ജീവനക്കാരുടെ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം ഭരണപരമായ ചെലവുകൾ കുറയ്ക്കാനും ഈ നീക്കം സഹായിക്കും. മാർച്ച് 16-ഓടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ സാധ്യതയുള്ളതിനാൽ, പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഇത്തരം തീരുമാനങ്ങളെടുക്കാനാണ് സർക്കാർ നീക്കം.
നിലവിൽ മാസത്തിലെ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധിയാണ്. പുതിയ മാറ്റം വന്നാൽ ആഴ്ചയിലെ എല്ലാ ശനിയാഴ്ചകളും അവധി ദിനങ്ങളായി മാറും. അതേസമയം, ശനിയാഴ്ചയിലെ നഷ്ടം പരിഹരിക്കാൻ ബാക്കി അഞ്ച് ദിവസങ്ങളിലെ പ്രവൃത്തി സമയം കൂട്ടാനും സാധ്യതയുണ്ട്. നിലവിലെ, രാവിലെ 10.15 മുതൽ 5.15 വരെയുള്ള ജോലിസമയം 9.30 മുതൽ 5.30 വരെയാക്കി മാറ്റിയേക്കാം. കൂടാതെ, കാഷ്വൽ ലീവുകളുടെ എണ്ണത്തിലും നേരിയ കുറവ് വരുത്തിയേക്കാം.