Diabetes Health: മരുന്നില്ലാതെ പ്രമേഹം നിയന്ത്രിക്കാം; ഇതാ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടവ
Diabetes Health Care: നമ്മുടെ അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന വെളുത്ത കാബേജിനേക്കാൾ പോഷകഗുണങ്ങൾ പർപ്പിൾ കാബേജിൽ ഉണ്ട്. പർപ്പിൾ കാബേജിലെ ഉയർന്ന നാരുകളും പോളിഫെനോളുകളും ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു.

ആധുനിക കാലത്തെ ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും വെല്ലുവിളിയായ പ്രമേഹത്തെ തടയാൻ ആരോഗ്യകരമായ ഭക്ഷണക്രമം അനിവാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നത് തടയാൻ ചില പ്രത്യേക ഭക്ഷണങ്ങൾക്ക് സാധിക്കുമെന്ന് പ്രമുഖ എൻഡോക്രൈനോളജിസ്റ്റ് ഡോ. അലസ്സിയ റോണൽറ്റ് വ്യക്തമാക്കുന്നു. (Image Credits: Getty Images)

ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നതിനും ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഡോ. അലസ്സിയ ചൂണ്ടികാട്ടുന്നത്. ശരിയായ ഭക്ഷണക്രമം തന്നെയാണ് ജീവിതശൈലീ രോഗങ്ങൾക്കുള്ള ഏറ്റവും മികച്ച പ്രതിവിധി. രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വർദ്ധിക്കുന്നത് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.

നമ്മുടെ അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന വെളുത്ത കാബേജിനേക്കാൾ പോഷകഗുണങ്ങൾ പർപ്പിൾ കാബേജിൽ ഉണ്ട്. പർപ്പിൾ കാബേജിലെ ഉയർന്ന നാരുകളും പോളിഫെനോളുകളും ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയാനുള്ള ഇതിന്റെ സവിശേഷമായ കഴിവ് പ്രമേഹരോഗികൾക്ക് വലിയ ആശ്വാസമാണ്.

പോഷകങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ് ബ്ലൂബെറികൾ. എന്നാൽ സാധാരണ ബ്ലൂബെറികളേക്കാൾ വലുപ്പത്തിൽ ചെറുതായ കാട്ടു ബ്ലൂബെറികളാണ് യഥാർത്ഥത്തിൽ 'സൂപ്പർ ഫുഡ്'. അവയുടെ തൊലിയിലെ ആന്തോസയാനിനുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇവ നല്ലതാണ്.

പാചക എണ്ണകളിൽ ഏറ്റവും ശുദ്ധമായത് ഏതെന്ന ചോദ്യത്തിന് ആരോഗ്യവിദഗ്ദ്ധർക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ, എക്‌സ്‌ട്രാ വെർജിൻ ഒലിവ് ഓയിൽ. രാസവസ്തുക്കളോ അമിതമായ ചൂടോ ഏൽക്കാതെ 'കോൾഡ് പ്രസ്സ്' രീതിയിൽ വേർതിരിച്ചെടുക്കുന്നതിനാൽ ഇതിലെ സ്വാഭാവിക പോഷകങ്ങളും സുഗന്ധവും അങ്ങനെതന്നെ നിലനിൽക്കുന്നു. ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഈ എണ്ണ, ഹൃദയാരോഗ്യത്തിനും നല്ലതാണ്.