Innova Flex Fuel: എഥനോൾ പേടി വേണ്ട, ഇന്നോവയുടെ ഫ്ലക്സ് ഫ്യുവൽ മോഡൽ ഉടൻ
Innova Hycross Flex Fuel Model Launch: അങ്ങനെ ഇന്ത്യൻ വാഹന ലോകം കാത്തിരുന്ന മറ്റൊരു ലോഞ്ച് കൂടി ഈ നവംബർ മാസത്തിൽ ഉണ്ടാകുമെന്ന് ഉറപ്പായി. നവംബർ 26-ന് ടൊയോട്ട, ഇന്നോവയുടെ ഫ്ലെക്സ് ഫ്യൂവൽ (flex-fuel) മോഡൽ പുറത്തിറങ്ങുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പൂർണ്ണമായും എഥനോൾ അടങ്ങിയ 'E100' ഇന്ധനത്തിലും, പെട്രോളും എഥനോളും ചേർന്ന അനുയോജ്യമായ മിശ്രിതങ്ങളിലും പ്രവർത്തിക്കാൻ ഈ മോഡലിന് കഴിയും.

ടൊയോട്ട നൽകിയ ഒരു ഫ്ലെക്സ്-ഫ്യൂവൽ ഇന്നോവ വാഹനം ഏകദേശം ഒന്നര വർഷമായി താൻ ഉപയോഗിച്ചുവരികയാണെന്ന് ന്യൂഡൽഹിയിൽ നടന്ന 'ENRich 2026' പരിപാടിയിൽ പങ്കെടുക്കവെ ഗഡ്കരി പറഞ്ഞു. ഉയർന്ന തോതിൽ എത്തനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കാൻ പാകത്തിൽ പരിഷ്കരിച്ച പെട്രോൾ എൻജിനും, ടൊയോട്ടയുടെ 'സ്ട്രോങ്-ഹൈബ്രിഡ്' (strong-hybrid) സംവിധാനവും ഈ മൾട്ടി പർപ്പസ് വാഹനത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. ( Image Credit Source Toyota Website)

2023 ഓഗസ്റ്റിലാണ് ടൊയോട്ട, ഇന്നോവ ഹൈക്രോസ് ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യൂവൽ പ്രോട്ടോടൈപ്പ് ആദ്യമായി അവതരിപ്പിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കുന്നതിന് മുൻപ് കൂടുതൽ പരീക്ഷണങ്ങളും സർട്ടിഫിക്കേഷനും ആവശ്യമാണെന്ന് അന്ന് കമ്പനിയും സർക്കാരും ആ സമയത്ത് അറിയിച്ചിരുന്നു.

അതേ സമയം 2022-ൽ വിപണിയിലെത്തിയതിന് ശേഷമുള്ള ഇന്നോവ ഹൈക്രോസിന്റെ ഫേസ് ലിഫ്റ്റ് എഡിഷൻ, നവംബർ 26-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട സ്ഥിരീകരിച്ചിട്ടുണ്ട്. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, കൂടുതൽ ആകർഷകമായ ഹെഡ്‌ലാമ്പുകൾ, പരിഷ്കരിച്ച ബമ്പറുകൾ, മാറ്റങ്ങൾ വരുത്തിയ ടെയിൽ ലാമ്പുകൾ എന്നിവ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനത്തിനുള്ളിൽ, നിലവിലുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീനിന് പകരം 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. കൂടാതെ, അനലോഗ് ഡയലുകൾക്ക് പകരമായി, സെൻട്രൽ എംഐഡി (MID) സൗകര്യത്തോടുകൂടിയ 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും കൊണ്ടുവരാൻ സാധ്യതയുണ്ട്.

ഈ ഫേസ് ലിഫ്റ്റ് പതിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം, ഫ്ലെക്സ്-ഫ്യുവൽ (flex-fuel) പവർട്രെയിൻ തന്നയാകും. നിലവിലുള്ള 2.0 ലിറ്റർ, ഫോർ-സിലിണ്ടർ, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാകും അടിസ്ഥാനപരമായി വാഹനത്തിൽ ഉണ്ടാവുക. ഈ എൻജിനിൽ ഫ്ലെക്സ്-ഫ്യൂവൽ ഉപയോഗിക്കാൻ പാകത്തിൽ ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.