Gianni Infantino: ഇതിനെക്കാള്‍ എന്ത് ഡീസന്റായിരുന്നു വെറുതെയിരിക്കുന്നത്! ജിയാനി ഇൻഫാന്റീനോയുടെ കസേര ഇളകുന്നു
Gianni Infantino FIFA Controversy: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ യുവേഫയുടെ അവിശ്വാസ പ്രമേയ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ഫിഫ വേൾഡ് കപ്പിന്റെയും മറ്റ് പ്രധാന മത്സരങ്ങളുടെയും വാണിജ്യ അവകാശങ്ങളിൽ നിന്നുള്ള ഒരു വിഹിതം (സ്റ്റേക്ക്) സ്വകാര്യ നിക്ഷേപകർക്ക് വിൽപ്പന നടത്താനുള്ള ഇന്‍ഫാന്റീനയുടെ നീക്കം വിവാദമായിരുന്നു.

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ യുവേഫയുടെ അവിശ്വാസ പ്രമേയ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ഫിഫ വേൾഡ് കപ്പിന്റെയും മറ്റ് പ്രധാന മത്സരങ്ങളുടെയും വാണിജ്യ അവകാശങ്ങളിൽ നിന്നുള്ള ഒരു വിഹിതം (സ്റ്റേക്ക്) സ്വകാര്യ നിക്ഷേപകർക്ക് വിൽപ്പന നടത്താനുള്ള ഇന്‍ഫാന്റീനയുടെ നീക്കം വിവാദമായിരുന്നു. യുവേഫ, എഎഫ്‌സി അടക്കമുള്ള പ്രതിഷേധം ഉയര്‍ത്തിയതോടെ വിവാദനീക്കം ഉപേക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഫിഫ പ്രസിഡന്റിനെതിരെ യുവേഫ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് (Image Credit Source: PTI).

ഇൻഫാന്റീനോ സ്വയം രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ അടിയന്തര അവിശ്വാസ വോട്ടെടുപ്പ് നടത്താൻ യുഎഫ തയാറെടുക്കുകയാണെന്ന് 'ദി ടെലഗ്രാഫ്' പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയിലെ 55 അംഗ അസോസിയേഷനുകളും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യുവേഫയ്ക്ക് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കണമെങ്കില്‍ 43 അംഗ അസോസിയേഷനുകളുടെ പിന്തുണ മതി. ഫിഫയുടെ നിലവിലെ നേതൃത്വത്തിനും ഭരണരീതിക്കും എതിരെ രൂക്ഷമായ വിമർശനമാണ് യുവേഫ ഉന്നയിക്കുന്നത്.

സ്വകാര്യവൽക്കരണ നിർദ്ദേശം പിൻവലിക്കാനുള്ള ഫിഫയുടെ തീരുമാനത്തെ യുവേഫ സ്വാഗതം ചെയ്തു. നീക്കം പിന്‍വലിച്ചത് ഫുട്‌ബോളിന്റെ വിജയമാണെന്നാണ് യുവേഫ വിശേഷിപ്പിച്ചത്. ലോകകപ്പ് ഉൾപ്പെടെയുള്ള സ്വന്തം മത്സരങ്ങളുടെ വിഹിതം സ്വകാര്യ വ്യക്തികളിലേക്കോ സ്ഥാപനങ്ങളിലേക്കോ കൈമാറാനുള്ള ഫിഫയുടെ നീക്കം തങ്ങളുടെ അംഗ അസോസിയേഷനുകൾ ഏകകണ്ഠമായി തള്ളിക്കളഞ്ഞുവെന്നും യുവേഫ വ്യക്തമാക്കി. 'ഫുട്‌ബോള്‍ വില്‍പ്പനയ്ക്കുള്ളതല്ല' എന്ന നിലപാട് അസോസിയേഷന്‍ ആവര്‍ത്തിച്ചു.

പദ്ധതിയെ ശക്തമായി എതിർത്ത ആരാധകർ, ക്ലബ്ബുകൾ, ലീഗുകൾ, കളിക്കാർ, ദേശീയ അസോസിയേഷനുകൾ, വിവിധ കോൺഫെഡറേഷനുകൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്ക് യുവേഫ നന്ദി അറിയിച്ചു. ഫിഫ നേതൃത്വത്തിന് യുഎഫയുടെ വിശ്വാസം മാത്രമല്ല നഷ്ടപ്പെട്ടിരിക്കുന്നത്, മറിച്ച് ഫുട്ബോൾ കുടുംബത്തിലെ മറ്റ് പല അംഗങ്ങളുടെയും വിശ്വാസം കൂടി നഷ്ടപ്പെട്ടതായും യൂറോപ്യന്‍ അസോസിയേഷന്‍ വിമര്‍ശിച്ചു. ഫിഫ പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സുതാര്യത ഉറപ്പുവരുത്തുമെന്ന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇൻഫാന്റീനോ പരാജയപ്പെട്ടുവെന്നും ആരോപിച്ചു. ഇന്‍ഫാന്റീനോയ്‌ക്കെതിരെ ശക്തമായ നിലപാടാണ് വിവാദത്തിലുടനീളം യുവേഫ സ്വീകരിച്ചത്.

ഇന്‍ഫാന്റീനോ നിർദ്ദേശിച്ച 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' എന്ന പുതിയ വാണിജ്യ സ്ഥാപനത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പ്രധാന ഫിഫ മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യാനും പുറത്തുനിന്നുള്ള നിക്ഷേപകർക്ക് ഇക്വിറ്റി വിഹിതം നൽകാനും അനുവദിക്കുന്നതായിരുന്നു നീക്കം. എന്നാല്‍ ഇത് വന്‍വിവാദമായി. തുടര്‍ന്ന് ഈ നീക്കം ഫിഫ പ്രസിഡന്റ് ഉപേക്ഷിച്ചു.