CD Leganes: ആരും കൈവെക്കാത്ത ഇടം; ഷോർട്ട്സിൻ്റെ മധ്യഭാഗത്ത് വൃഷണാർബുദത്തിൻ്റെ പരസ്യം നൽകിയ മാർക്കറ്റിങ് ജീനിയസ്
CD Leganes Testicular Cancer Awareness Ad: സ്പെയിനിലെ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗായ സെഗുണ്ട ഡിവിഷനിൽ കളിക്കുന്ന സിഡി ലെഗനെസ് ക്ലബ് ഒരു പരസ്യത്തിൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഒരു പരസ്യമാണ് ക്ലബിനെ വൈറലാക്കിയത്.

സിഡി ലെഗനെസ്
സ്പെയിനിലെ ഒരു ഫുട്ബോൾ ക്ലബാണ് സിഡി ലെഗനെസ്. സ്പെയിൻ ഫുട്ബോളിലെ രണ്ടാം ഡിവിഷനായ സെഗുണ്ട ഡിവിഷനിൽ കളിക്കുന്നൊരു ക്ലബ്. ഫുട്ബോൾ ലോകത്ത് സെഗുണ്ട ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. കിരീടനേട്ടമോ ഗോളെണ്ണമോ ഒന്നുമല്ല, അതിൻ്റെ കാരണം. ഒരു സ്പോൺസർഷിപ്പാണ് സെഗുണ്ട ക്ലബിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. ഇതുവരെ ഒരാളും കൈവെക്കാത്ത ഇടത്തിലാണ് ലെഗനെസ് പരസ്യം പ്രദർശിപ്പിച്ചത്. ഷോർട്ട്സിൻ്റെ മധ്യഭാഗത്ത്, ലൈംഗികാവയവത്തിന് മുകളിൽ.
വൃഷണാർബുദ സൊസൈറ്റിയും എഫ്പി7മക്‌കാൻ ഏജൻസിയുമായി സഹകരിച്ചാണ് ലെഗനെസ് തങ്ങളുടെ ജഴ്സിയിൽ, ഷോർട്ട്സിൻ്റെ മധ്യഭാഗത്ത് പരസ്യം പ്രദർശിപ്പിച്ചത്. വൃഷണാർബുദവുമായി ബന്ധപ്പെട്ട പ്രചാരണാർത്ഥമാണ് പരസ്യം. താരങ്ങൾ അണിയുന്ന ഷോർട്ട്സിൻ്റെ മധ്യഭാഗത്ത് വൃഷണാർബുദ സൊസൈറ്റിയുടെ പർപ്പിൾ ചെറി ലോഗോ ആണ് പതിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം #TenemosUnPar (ഞങ്ങൾക്ക് ഇരട്ട (വൃഷണങ്ങൾ) ഉണ്ട് എന്ന ഹാഷ്ടാഗ് സ്റ്റേഡിയത്തിലെ ബിൽബോർഡുകളിലും പ്രദർശിപ്പിച്ചു.
ലെഗനെസ് യെസ് പറയുന്നതിന് മുൻപ് പല ക്ലബുകളെയും ഈ ആവശ്യത്തിനായി വൃഷണാർബുദ സൊസൈറ്റി സമീപിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇവരൊന്നും ലൈംഗികാവയവത്തിൻ്റെ ഭാഗത്ത് പരസ്യം പതിപ്പിക്കാൻ തയ്യാറായില്ല. ഒടുവിലാണ് ലെഗനെസ് സമ്മതം മൂളിയത്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്കെതിരെ നടന്ന മത്സരത്തിൽ ഇവർ ഈ ഷോർട്ട്സ് അണിഞ്ഞ് ഇറങ്ങി. 180ലധികം രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ഈ മത്സരത്തോടെ പരസ്യ ക്യാമ്പയിൻ വലിയ ഹിറ്റായി. ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മത്സരം കഴിഞ്ഞുള്ള 24 മണിക്കൂറിൽ വൃഷണാർബുദവുമായി ബന്ധപ്പെട്ട ഇൻ്റർനെറ്റ് സെർച്ച് 700 ശതമാനമാണ് വർധിച്ചത്. മത്സരത്തിന് പിന്നാലെ വൃഷണാർബുദ സൊസൈറ്റിയുടെ സൈറ്റ് 20 ലക്ഷത്തിലധികം പേർ സന്ദർശിച്ചു.
നേരത്തെ, വൃഷണാർബുദം പരിശോധിക്കാൻ താരങ്ങൾക്ക് പോലും അറിയില്ലായിരുന്നു എന്നും പരസ്യം വന്നതിന് ശേഷം എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കാൻ തുടങ്ങിയെന്നും ടീം ക്യാപ്റ്റൻ സെർജിയോ ഗോൺസാലസ് പറഞ്ഞു.