Virat Kohli: ‘കോലി താമസിക്കുന്നത് ലണ്ടനിലെ ആ വീട്ടിലല്ലേ?’; രഹസ്യമാക്കി വച്ചിരുന്ന അഡ്രസ് പുറത്തുവിട്ട് ജൊനാതൻ ട്രോട്ട്
Virat Kohlis London Address Revealed: ലണ്ടനിൽ വിരാട് കോലി താമസിക്കുന്ന സ്ഥലത്തിൻ്റെ അഡ്രസ് പുറത്തുവിട്ട് ജൊനാതൻ ട്രോട്ട്. അബദ്ധത്തിലാണ് താരം അഡ്രസ് പുറത്തുവിട്ടത്.
രഹസ്യമാക്കിവച്ചിരുന്ന ലണ്ടനിലെ വിരാട് കോലിയുടെ അഡ്രസ് പുറത്തുവിട്ട് ഇംഗ്ലണ്ടിൻ്റെ മുൻ താരം ജൊനാതൻ ട്രോട്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിനിടെ സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുമ്പോഴാണ് ട്രോട്ട് കോലിയുടെ അഡ്രസ് അബദ്ധത്തിൽ വെളിപ്പെടുത്തിയത്. കരിയർ അവസാനിപ്പിക്കുമ്പോൾ കോലിയും കുടുംബവും പൂർണമായി ലണ്ടനിലേക്ക് മാറുമെന്നാണ് വിവരം. നിലവിൽ ഇവർക്ക് ലണ്ടനിൽ വസതിയുണ്ട്. ഈ വീടിൻ്റെ അഡ്രസാണ് പരസ്യമായത്.
“അദ്ദേഹം ഇപ്പോൾ താമസിക്കുന്നത് സെൻ്റ് ജോൺസ് വുഡിലോ അതിൻ്റെ അടുത്തോ മറ്റോ അല്ലേ? അദ്ദേഹത്തെ തിരികെവരാനായി നിർബന്ധിക്കാനാവില്ലേ?”- ട്രോട്ട് ചോദിച്ചു.
നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിലാണ് ട്രോട്ടിൻ്റെ പ്രതികരണം. ലണ്ടനിലെ സെറ്റ് ജോൺസ് വുഡിലാണ് കോലിയുടെ താമസമെന്നതായിരുന്നു റിപ്പോർട്ടുകൾ. താരവും കുടുംബവും ലണ്ടൻ നഗരത്തിൽ കറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. കോലിയും കുടുംബവും താമസിക്കുന്നത് നോട്ടിങ് ഹില്ലിൽ ആണെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ട്രോട്ടിൻ്റെ അബദ്ധം ഇപ്പോൾ താരത്തിൻ്റെ താമസസ്ഥലം വെളിപ്പെടുത്തിയിരിക്കുകയാണ്.




ടി20യിൽ നിന്നും ടെസ്റ്റ് മത്സരങ്ങളിൽ നിന്നും വിരാട് കോലി വിരമിച്ചിരുന്നു. ഇപ്പോൾ ഏകദിന മത്സരങ്ങളിൽ മാത്രമാണ് താരം കളിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ ഈ വർഷം ജനുവരിയിൽ അവസാനിച്ച ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലാണ് കോലി അവസാനമായി കളിച്ചത്.
പരമ്പര നഷ്ടമായതിന് പിന്നാലെ കോലിയും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 2024 ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ കോലിയും രോഹിതും ടെസ്റ്റ് കരിയറും അവസാനിപ്പിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി നേട്ടത്തിന് ശേഷം ഇരുവരും ഏകദിനം അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.