977-ാം ഗോളടിച്ച്, 25-ാം സീസൺ ഉദ്ഘാടനം ചെയ്ത് റോണോ; ആദ്യ ഇലവനിൽ കളിപ്പിച്ചാൽ ടീം തോൽക്കുമെന്ന് മുൻ താരം
Cristiano Ronaldo started his 25th club season with a goal: പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 25-ാം ക്ലബ് സീസൺ ഗോൾ നേട്ടത്തോടെ ഉദ്ഘാടനം ചെയ്തിരിക്കുന്നു. അൽ നസർ താരമായ റോണോ സൗദി പ്രോ ലീഗിൽ അൽ റിയാദിനെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയാണ് ഗോൾ നേടിയത്. 1000 കരിയർ ഗോൾ എന്ന ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന റോണോയുടെ 977-ാം ഗോൾ ആണ് അൽ റിയാദിനെതിരേ പിറന്നത്.
റിയാദ്: ലോകകപ്പിന് ശേഷം വിശ്രമം കഴിഞ്ഞ് ക്ലബ് ഫുട്ബോളിലേക്ക് മടങ്ങിയെത്തിയ പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 25-ാം ക്ലബ് സീസൺ ഗോൾ നേട്ടത്തോടെ ഉദ്ഘാടനം ചെയ്തിരിക്കുന്നു. അൽ നസർ താരമായ റോണോ സൗദി പ്രോ ലീഗിൽ അൽ റിയാദിനെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയാണ് ഗോൾ നേടിയത്. 1000 കരിയർ ഗോൾ എന്ന ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന റോണോയുടെ 977-ാം ഗോൾ ആണ് അൽ റിയാദിനെതിരേ പിറന്നത്. 41 വയസുകാരനായ റോണോ അധികം വൈകാതെ ഫുട്ബോൾ അവസാനിപ്പിച്ചേക്കും എന്ന നിലയ്ക്കുള്ള ചില സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. അതിനാൽത്തന്നെ ഏറെക്കുറെ റോണോയുടെ അവസാന സീസണാകും ഇത് എന്ന് കരുതപ്പെടുന്നു.
25-ാം സീസണിന് ഇറങ്ങിയിരിക്കുന്ന റോണോയുടെ പ്രധാന ലക്ഷ്യം 1000 കരിയർ ഗോളുകൾ എന്ന നേട്ടമാണ്. അതിലേക്കുള്ള പുതിയ സീസണിലെ യാത്രയുടെ തുടക്കം കൂടിയായിരുന്നു അൽ റിയാദിനെതിരായ ഗോളോടെ കുറിക്കപ്പെട്ടത്. 62-ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ റൊണാൾഡോ, 83-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. ഐമാൻ യഹ്‌യ നൽകിയ പന്ത് മികച്ച രീതിയിൽ നിയന്ത്രിച്ച് റോണോ അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.
സൗദി പ്രോ ലീഗിൽ അൽ റിയാദിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് റോണോയുടെ അൽ നസർ ജയിച്ചു. അബ്ദുലേഖ് അൽ-അംരി, ആഞ്ചലോ ഗബ്രിയേൽ, ജാവോ ഫെലിക്സ് എന്നിവരാണ് അൽ നസറിനായി ഗോൾ നേടിയ മറ്റ് താരങ്ങൾ. ഈ മത്സരത്തിലെ ഗോൾ നേട്ടത്തോടെ തുടർച്ചയായ 25-ാം പ്രൊഫഷണൽ സീസണിലും ഗോൾ കണ്ടെത്തുകയെന്ന അപൂർവ്വ നേട്ടവും സിആർ7 സ്വന്തമാക്കി.
തന്നിലെ ഗോൾ വേട്ടക്കാരന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുന്നത് കൂടയായിരുന്നു റോണോയുടെ ഗോൾ. അൽ റിയാദിനെതിരെയുള്ള മത്സരത്തിൽ മുന്നേറ്റനിരയെ നയിച്ച റോണോ ബോക്സിനുള്ളിൽ ലഭിച്ച അവസരം കൃത്യമായ ഫിനിഷിംഗിലൂടെ വലയിലാക്കി തന്റെ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു. സൗദി പ്രോ ലീഗിൽ കിരീടം ലക്ഷ്യമിടുന്ന അൽ നസറിന്റെ തുറുപ്പുചീട്ട് റോണോയാണ്.
എന്നാൽ, അൽ റിയാദിനെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഗോൾ നേടിയെങ്കിലും റോണോയ്ക്ക് എതിരേ വിമർശനവുമായി സൗദി അറേബ്യൻ മുൻ ദേശീയ താരം അഹമ്മദ് അതീഫ് രംഗത്തെത്തി. വരും മത്സരങ്ങളിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കരുതെന്ന് അതീഫ് ഒരു പ്രോഗ്രാമിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു.
“മത്സരം അവസാനിക്കാറായ സമയത്ത് പകരക്കാരനായി ഇറങ്ങി റൊണാൾഡോ ഗോൾ അടിച്ചത് സ്വാഭാവികമാണ്. എന്നാൽ വരും മത്സരങ്ങളിൽ കോച്ച് അദ്ദേഹത്തെ ആദ്യ ഇലവനിൽ കളിപ്പിക്കരുത്. റൊണാൾഡോയുടെ ശാരീരികവും സാങ്കേതികവുമായ മികവ് ഏറെ കുറഞ്ഞിട്ടുണ്ട്. അൽ ഹിലാൽ, അൽ അഹ്ലി, അൽ ഖാദ്സിയ തുടങ്ങിയ വമ്പൻ ടീമുകൾക്കെതിരായ പ്രധാന മത്സരങ്ങളിൽ റൊണാൾഡോയെ ആദ്യമേ ഇറക്കിയാൽ അൽ നസർ പരാജയപ്പെടും” – എന്നാണ് അഹമ്മദ് അതീഫ് പറയുന്നത്.
പോയിന്റ് ടേബിളിൽ പിന്നിലുള്ള ചെറിയ ടീമുകൾക്കെതിരെ റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ കളിപ്പിക്കാമെങ്കിലും, വമ്പൻ പോരാട്ടങ്ങളിൽ റോണോയെ കളിപ്പിക്കുന്നത് ടീമിന് തിരിച്ചടിയാകുമെന്നാണ് അതീഫിന്റെ വിലയിരുത്തൽ. ശക്തരായ എതിരാളികൾക്കെതിരെ കൃത്യമായി പ്രസ്സ് ചെയ്യാനും പ്രതിരോധിക്കാനും റൊണാൾഡോയ്ക്ക് സാധിക്കുന്നില്ലെന്നും, ഇതുമൂലം അൽ നസറിന് 10 കളിക്കാരുമായി കളിക്കേണ്ട അവസ്ഥയാണെന്നും അതീഫ് കൂട്ടിച്ചേർത്തു. മികച്ച പെർഫോമൻസുകൊണ്ട് വിമർശകരുടെ വായടപ്പിച്ച ചരിത്രമുള്ള റോണോ ഈ വിമർശനത്തിനും കളത്തിൽ മറുപടി നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
English Summary
Cristiano Ronaldo has opened his 25th club season with a goal. Al Nasr player Ronaldo scored the goal as a substitute in the Saudi Pro League match against Al Riyadh. Ronaldo, who is on track to reach 1000 career goals, scored his 977th goal against Al Riyadh. Meanwhile, former Saudi player Ahmed Otaif has warned that Al Nasr will lose if Ronaldo is included in the starting eleven.