ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ, ഇന്ത്യ- പാക് പോരാട്ടം! ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: 4 ടീമുകൾ ക്വാർട്ടർ ഉറപ്പിച്ചു
Asian Games 2026 Cricket India VS Pakistan match chances: ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് ടീമുകൾക്ക് ഏഷ്യൻ ഗെയിംസ് 2026 ക്രിക്കറ്റിന്റെ ക്വാർട്ടറിലേക്ക് ഡയറക്ട് യോഗ്യത ലഭിച്ചു. ക്വാർട്ടറിൽ ഇന്ത്യയും പാകിസ്താനും വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇരു ടീമുകളും ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ സെമി ഫൈനിലിലോ, ഫൈനലിലോ നേർക്ക് നേർ എത്തും.

Asian Games 2026 Cricket India Vs Pakistan Match Chances
ന്യൂഡൽഹി: ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങൾക്ക് എന്നും ആവേശം കൂടുതലായിരിക്കും. അതിനാൽത്തന്നെ ഇരു ടീമുകളും തമ്മിലുള്ള കളി കാണാനും അതേപ്പറ്റി അറിയാനും ആളുകൾ വളരെ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടുന്നത് കാണാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്ന ചില വാർത്തകൾ ഇപ്പോൾ ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയും പാകിസ്താനും കളിക്കുന്നുണ്ട്. ഒത്താൽ ഇരു ടീമുകളും തമ്മിൽ സെമി ഫൈനലിലോ, ഫൈനലിലോ നേർക്ക് നേർ ഏറ്റുമുട്ടും. കാരണം നാല് ടീമുകൾക്ക് ഏഷ്യൻ ഗെയിംസ് 2026 ക്രിക്കറ്റിന്റെ ക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിട്ടുണ്ട്.
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് ടീമുകൾക്കാണ് ക്വാർട്ടറിലേക്ക് ഡയറക്ടായി പ്രവേശനം ലഭിച്ചിരിക്കുന്നത്. ടീമുകളുടെ അന്താരാഷ്ട്ര ടി20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ നാല് ടീമുകൾക്കും ക്വാർട്ടർ യോഗ്യത അനുവദിച്ചത്. ക്വാർട്ടറിൽ ഇന്ത്യയും പാകിസ്താനും വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇരു ടീമുകളും ക്വാർട്ടറിൽ തോറ്റില്ലെങ്കിൽ സെമി ഫൈനിലിലോ, ഫൈനലിലോ നേർക്ക് നേർ എത്തും.
Also Read: ‘ഞങ്ങൾ ശരിക്കും തോറ്റിട്ടില്ല’! ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് അർജന്റീന ആരാധകർ
ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ ടി20 മത്സരങ്ങളാണ് നടക്കുക. പുരുഷന്മാരുടെ മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 1 വരെയും വനിതകളുടെ മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ 22 വരെയും നടക്കും. നിലവിൽ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് വനിതാ, പുരുഷ സ്വർണ്ണ മെഡലുകൾ ഇന്ത്യക്കാണ്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യയുടെ ഇരുടീമുകളും ഏഷ്യൻ ഗെയിംസിനിറങ്ങുക.
ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് പുരുഷ ടീമുകളുടെ ക്വാർട്ടറിലേക്ക് പ്രവേശിക്കാനായി 6 ടീമുകൾ പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ അഫ്ഗാനിസ്ഥാൻ, ജപ്പാൻ, നേപ്പാൾ എന്നിവരും ഗ്രൂപ്പ് ബിയിൽ ഹോങ്കോങ്, മലേഷ്യ, ഒമാൻ എന്നിവരുമാണ് മത്സരിക്കുക. ഇരു ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ ക്വാർട്ടറിലേക്ക് യോഗ്യത നേടും.
ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ ഇന്ത്യ- പാക് പോരാട്ടം ഉണ്ടാകില്ല. അതേസമയം പാകിസ്താനോ ഇന്ത്യയോ ക്വാർട്ടറിൽ തോറ്റ് പുറത്തായാൽ പിന്നീട് ഇന്ത്യ- പാക് പോരാട്ടം നടക്കില്ല. വനിതാ ടീമിന്റെ കാര്യമെടുത്താൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീം ആദ്യ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ നേരിടും. പാകിസ്താന് തായ്‌ലൻഡാണ് എതിരാളി.
ജപ്പാനെ തോൽപ്പിച്ചാൽ ഇന്ത്യ വനിതകൾക്ക് സെമിയിൽ ബംഗ്ലാദേശിനെയോ ചൈനയെയോ നേരിടേണ്ടിവരും. വനിതാ വിഭാഗത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിന് ഫൈനലിൽ മാത്രമേ സാധ്യത കാണുന്നുള്ളൂ. ഹർമൻപ്രീത് കൗർ ആണ് ഇന്ത്യയുടെ വനിതാ ടീമിനെ നയിക്കുന്നത്. പുരുഷ ടീമിനെ ശ്രേയസ് അയ്യർ നയിക്കും, തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ.
English Summary
Four teams, India, Pakistan, Sri Lanka and Bangladesh, have qualified directly for the quarterfinals of the Asian Games 2026 cricket. India and Pakistan are in different groups in the quarterfinals. If both teams do not lose in the quarterfinals, they will face each other in the semifinals or final. The men’s cricket matches will be held from September 24 to October 1 and the women’s matches from September 17 to 22.