Asian Games 2026: കിറ്റ് ശരിയായില്ല, മുറിയിൽ സ്ഥലമില്ല! ജപ്പാനില്‍ പുതിയ ഹോട്ടൽ തിരക്കി ബിസിസിഐ
Setback for Indian Cricket Team Ahead of Asian Games: ചില അംഗങ്ങൾ ഇനിയും കിറ്റുകൾക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മിക്ക പ്രശ്നങ്ങളും പരിഹരിച്ചെങ്കിലും, ചില താരങ്ങൾക്ക് ഇനിയും കിറ്റ് ലഭിക്കാനുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വ്യത്യസ്ത ജേഴ്സികൾ ഉപയോഗിക്കേണ്ടതുള്ളതിനാൽ ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമാണെന്ന് ഐഒഎ വൃത്തങ്ങൾ പ്രതികരിച്ചു.

പ്രതീകാത്മക ചിത്രം
ശ്രേയസ് അയ്യറുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജപ്പാനിലേക്ക് പുറപ്പെടും മുമ്പേ തിരിച്ചടി നേരിടുന്നു. ഞായറാഴ്ച പുലർച്ചെ ഐച്ചി-നാഗോയയിലേക്ക് പോകാനാണ് നീക്കം. എന്നാൽ, ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയും (ബിസിസിഐ), ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി (ഐഒഎ) ബന്ധപ്പെട്ട കിറ്റ് സപ്ലയറായ ജെഎസ്ഡബ്ല്യു ഇൻസ്പെയറും തമ്മിൽ നിരവധി ആശയവിനിമയങ്ങൾ നടന്നിട്ടും ചില അംഗങ്ങൾ ഇനിയും കിറ്റുകൾക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മിക്ക പ്രശ്നങ്ങളും പരിഹരിച്ചെങ്കിലും, ചില താരങ്ങൾക്ക് ഇനിയും കിറ്റ് ലഭിക്കാനുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വ്യത്യസ്ത ജേഴ്സികൾ ഉപയോഗിക്കേണ്ടതുള്ളതിനാൽ ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമാണെന്ന് ഐഒഎ വൃത്തങ്ങൾ പ്രതികരിച്ചു.
“ക്രിക്കറ്റ് താരങ്ങളുടെ കിറ്റുകളുടെ അളവിൽ ഒരു പ്രശ്നമുണ്ടായിരുന്നു. അവയിൽ ഭൂരിഭാഗവും തിരുത്തിയിട്ടുണ്ട്. കുറച്ചുപേരുടേത് മാത്രമാണ് ബാക്കിയുള്ളത്. അവ ഉടൻ തന്നെ ടീമിന് എത്തിച്ചുനൽകും. കളിക്കാർക്ക് അവിടെ രണ്ട് വ്യത്യസ്ത ജേഴ്‌സികൾ (ഒന്ന് ദ്വിരാഷ്ട്ര പരമ്പരയ്ക്കും മറ്റൊന്ന് ഏഷ്യൻ ഗെയിംസിനും) ആവശ്യമായതിനാൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാം,” എന്ന് ഐഒഎ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
രണ്ട് വ്യത്യസ്ത ജേഴ്‌സികൾ
ജപ്പാന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് രണ്ട് വ്യത്യസ്ത ജഴ്‌സികള്‍ ആവശ്യമായി വരും. സെപ്തംബര്‍ 22-ന് ജപ്പാനെതിരെ നടക്കുന്ന ടി20 സൗഹൃദ മത്സരത്തിൽ ഇന്ത്യ കളിക്കും. ഇതിനായി ഇന്ത്യ പതിവ് ജേഴ്‌സി ഉപയോഗിക്കും. തുടർന്ന് സെപ്തംബര്‍ 28-ന് ടൂർണമെന്റ് ആരംഭിക്കുമ്പോൾ സംഘം ഔദ്യോഗിക ഏഷ്യൻ ഗെയിംസ് ജേഴ്‌സിയിലേക്ക് മാറും.
Also Read: കോടികളാണ് കോടികള്‍! ബിസിസിഐ കേന്ദ്രത്തിന് നല്‍കുന്ന നികുതി എത്ര? ഒടുവില്‍ വെളിപ്പെടുത്തല്‍
ഹോട്ടല്‍ തിരഞ്ഞ് ബിസിസിഐ
ഇന്ത്യൻ സംഘത്തിലെ മറ്റ് കായികതാരങ്ങൾ നേരിട്ട താമസം, ലൊജിസ്റ്റിക്കൽ ബുദ്ധിമുട്ടുകൾ എന്നിവ കണക്കിലെടുത്ത് ഐഒഎ വഴി അനുവദിച്ച താമസസൗകര്യത്തിന് പകരം പുരുഷ ടീമിനായി പ്രത്യേക ഹോട്ടൽ ക്രമീകരിക്കാൻ ബിസിസിഐ തീരുമാനിച്ചതായും പിടിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താരങ്ങളുടെ കിറ്റ് ബാഗുകൾ സൂക്ഷിക്കാൻ പോലും പരിമിതമായ സ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. പുരുഷ ക്രിക്കറ്റ് ടീമിന് ആദ്യം അനുവദിച്ച താമസസൗകര്യം അനുയോജ്യമല്ലെന്നാണ് വിലയിരുത്തല്‍.
“വനിതാ ടീമിന്റെ താമസസൗകര്യത്തിൽ പ്രശ്‌നങ്ങളില്ലായിരുന്നു. സംഘാടകർ പുരുഷ ടീമിനായി നൽകിയ മുറികളിൽ കിറ്റ് ബാഗുകൾ വയ്ക്കാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. അവിടെ വലിയ ഹോട്ടലുകൾ അധികമില്ലെങ്കിലും, ജപ്പാനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സ്വന്തമായി ക്രമീകരണങ്ങൾ ചെയ്യാൻ ബിസിസിഐക്ക് കഴിഞ്ഞു,” എന്ന് ഉറവിടത്തെ ഉദ്ധരിച്ച് പിടിഐ വ്യക്തമാക്കി.
English Summary
The Shreyas Iyer-led Indian men’s cricket team faces kit and accommodation delays before leaving for the Asian Games in Japan. Several players are still waiting for correctly sized jerseys provided by kit supplier JSW Inspire and the IOA. Due to cramped rooms allocated by local organizers, the BCCI has decided to arrange a separate hotel for the team.