India-Bangladesh Cricket: തമീം നയിക്കും, ‘ക്രിക്കറ്റ്’ ജയിക്കും! ഇന്ത്യയുമായുള്ള കായിക ബന്ധം പുനഃസ്ഥാപിക്കാന്‍ ബംഗ്ലാദേശ്
BCCI-BCB bilateral cricketing ties: ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങി ബംഗ്ലാദേശ്. അഡ്-ഹോക്ക് കമ്മിറ്റിയുടെ ഇടക്കാല പ്രസിഡന്റായ തമീം ഇഖ്ബാലിലിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടത്തുന്നത്. ഇന്ത്യയിൽ പര്യടനം നടത്താനുള്ള താൽപര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഈ വർഷം അവസാനം ഒരു പരമ്പരയ്ക്കായി ബിസിസിഐയെ ബംഗ്ലാദേശിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ധാക്ക: ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങി ബംഗ്ലാദേശ് (Bangladesh Cricket Team). 11 അംഗ അഡ്-ഹോക്ക് കമ്മിറ്റിയുടെ ഇടക്കാല പ്രസിഡന്റായ മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇഖ്ബാലിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടത്തുന്നത്. ഇന്ത്യയിൽ പര്യടനം നടത്താനുള്ള താൽപര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അറിയിച്ചിട്ടുണ്ട്. അതോടൊപ്പം, ഈ വർഷം അവസാനം ഒരു പരമ്പരയ്ക്കായി ബിസിസിഐയെ ബംഗ്ലാദേശിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ബംഗ്ലാദേശില്‍ കളിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ നീക്കങ്ങള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദശ് സമ്മതിച്ചിരുന്നില്ല. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ രാഷ്ട്രീയ ബന്ധത്തിന് പുറമെ ക്രിക്കറ്റ് ബന്ധവും വഷളാക്കി.
തുടര്‍ന്ന് ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയാണ് ഐസിസി ടൂർണമെൻ്റ് സംഘടിപ്പിച്ചത്. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതും അത് ബംഗ്ലാദേശിനെ ചൊടിപ്പിച്ചിരുന്നു. ഇതെ തുടർന്നാണ് ലോകകപ്പിൽ നിന്നും പിന്മാറാനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൻ്റെ തീരുമാനം ഉണ്ടാകുന്നത്. ഇതിനിടെ ബംഗ്ലാദേശ് അമിനുൾ ഇസ്ലാം ബുൾബുളിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെയാണ് ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ബിസിബി ശ്രമിക്കുന്നത്.
അടുത്ത 90 ദിവസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനാണ് അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. തമീം ഇഖ്ബാലിന്റെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളും ക്രിക്കറ്റ് ബന്ധം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം, തന്നെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെതിരെ അമിനുൾ ഇസ്ലാം ഐസിസിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളുടെ ഹര്‍ജിയില്‍ ഐസിസി അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
2025 ഓഗസ്റ്റിലായിരുന്നു ഇന്ത്യ ബംഗ്ലദേശ് പര്യടനം നടക്കേണ്ടത്. എന്നാൽ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തെ തുടർന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. ശേഷം 2026 സെപ്റ്റംബറിൽ നടത്താനായിരുന്നു തീരുമാനം. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യവും ലോകകപ്പ് വിവാദം എല്ലാ കൂടിയായപ്പോൾ പര്യടനം നടത്തണോ വേണ്ടായോ ആലോചിക്കുകയാണ് ബിസിസിഐ. മൂന്ന് വീതം ഏകദിനവും ടി20 പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായി ഒരു ടെസ്റ്റ് മത്സരവും ഉണ്ട് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക്.