അണ്ടര്‍ 19 മത്സരത്തിനിടെ മോദി സ്റ്റേഡിയത്തിൽ ബോംബ് ഭീഷണി! അഹമ്മദാബാദിൽ നടുക്കം
Hoax bomb threat sparks security scare at Narendra Modi stadium: ഗുജറാത്ത് ഹൈക്കോടതിക്കും നഗരത്തിലെ നിരവധി സ്കൂളുകൾക്കും കോളേജുകൾക്കും സമാനമായ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇമെയില്‍ ലഭിച്ച ഉടൻ തന്നെ പൊലീസിനെ ബന്ധപ്പെട്ടതായി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനിൽ പട്ടേൽ വ്യക്തമാക്കി.

Narendra Modi Stadium in Ahmedabad
അഹമ്മദാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍ 19 രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിക്കുമ്പോൾ ഇരു ടീമുകളിലെയും താരങ്ങൾ സ്റ്റേഡിയത്തിൽ തന്നെ ഉണ്ടായിരുന്നുവെന്ന് ‘സ്‌പോർട്ട്‌സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. 11 മണിയോടെയാണ് അധികൃതർക്ക് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ സൈബര്‍ സെല്‍ സംഘം സ്‌റ്റേഡിയത്തിലെത്തി. ആദ്യം താരങ്ങളെ വിവരം അറിയിച്ചിരുന്നില്ല. സാഹചര്യം ബോധ്യപ്പെടുത്തിയതിനും ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചതിനും ശേഷം, ഉച്ചയ്ക്ക് ഒരു മണിയോടെ ഇരു ടീമുകളും സ്റ്റേഡിയത്തിൽ നിന്ന് മടങ്ങി. ഇമെയില്‍ സന്ദേശം വ്യാജമായിരുന്നുവെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു.
ഗുജറാത്ത് ഹൈക്കോടതിക്കും നഗരത്തിലെ നിരവധി സ്കൂളുകൾക്കും കോളേജുകൾക്കും സമാനമായ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇമെയില്‍ ലഭിച്ച ഉടൻ തന്നെ പൊലീസിനെ ബന്ധപ്പെട്ടതായി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനിൽ പട്ടേൽ വ്യക്തമാക്കി.
“ഇമെയിൽ ലഭിച്ച ഉടൻ തന്നെ ഞങ്ങൾ പോലീസിനെ വിവരം അറിയിച്ചു. 2023-ലെ ഏകദിന ലോകകപ്പ്, ഐപിഎൽ തുടങ്ങിയ മത്സരങ്ങളിലും സമാനമായ സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്” എന്ന് അനിൽ പട്ടേൽ പറഞ്ഞതായി സ്പോർട്ട്സ്റ്റാർ റിപ്പോർട്ട് ചെയ്തു.
Also Read: ഒടുവില്‍ ഭുവനേശ്വര്‍ തിരിച്ചെത്തി; അടുത്ത ഊഴം ഷമിയുടേതോ? അശ്വിന്‍ പറയുന്നു
ഇമെയിലുകളിൽ പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ചിനെക്കുറിച്ചും പരാമർശിച്ചിരുന്നു. നവംബർ 21-ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന സംഗീതപരിപാടിയിൽ ആളുകൾ പങ്കെടുക്കരുതെന്നായിരുന്നു മുന്നറിയിപ്പ്. ദോസാഞ്ചിന്റെ നവംബർ 1-ലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിയെക്കുറിച്ചുള്ള പരാമർശങ്ങൾക്കൊപ്പം ഖാലിസ്ഥാൻ അനുകൂല സന്ദേശങ്ങളും ഇമെയിലിൽ ഉണ്ടായിരുന്നു. സന്ദേശങ്ങൾ ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധികൃതർ ബോംബ് സ്ക്വാഡിനെയും സുരക്ഷാ സേനയെയും വിന്യസിച്ചു.
രണ്ടാം യൂത്ത് ടെസ്റ്റിൽ ഓസ്ട്രേലിയ യു-19 നെതിരെ ഇന്ത്യ യു-19 10 വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഭീഷണിയുണ്ടായത്. യു-19 അരങ്ങേറ്റത്തിൽ 14 വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത അരങ്ങേറ്റക്കാരൻ തന്മയ് ബലോഡയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ഇതിന് മുമ്പും സമാനസംഭവങ്ങള്‍
2023 ഏകദിന ലോകകപ്പിനിടയിലും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സമാനമായ സുരക്ഷാ ഭീതി നിലനിന്നിരുന്നു. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി, സ്റ്റേഡിയത്തിൽ സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സംഭവത്തില്‍ രാജ്കോട്ടിൽ നിന്നുള്ള 29 വയസുകാരനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. 2025 മേയ് 14-ന് ഗുജറാത്ത് ടൈറ്റൻസും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള ഐപിഎൽ മത്സരത്തിന് മുന്നോടിയായും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
English Summary
A hoax bomb threat was emailed to Narendra Modi Stadium during the India vs Australia U-19 Test match. The cyber cell inspected the venue while players finished the match without initial knowledge of the threat. Both teams were briefed later and left the stadium safely around 1 PM IST after security protocols were completed.