India vs Pakistan U-19: ‘പോരാട്ടവീര്യത്തിന് ബാറ്റിങ് ഓര്‍ഡറില്ല’! പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ ‘പയ്യന്‍സി’നെ വാഴ്ത്തി ഗംഭീര്‍
Gautam Gambhir Praises India's Fearless Cricket After U-19 Asia Cup Triumph: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ മലര്‍ത്തിയടിച്ച ഇന്ത്യയുടെ ചുണക്കുട്ടികളെ പ്രശംസിച്ച് സീനിയര്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. 'പോരാട്ടവീര്യത്തിന് ബാറ്റിങ് ഓര്‍ഡറില്ല' എന്ന് ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചുകൊണ്ട് ഗംഭീര്‍ എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

India U19 Asia Cup champions
അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ മലര്‍ത്തിയടിച്ച ഇന്ത്യയുടെ ചുണക്കുട്ടികളെ പ്രശംസിച്ച് സീനിയര്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. ‘പോരാട്ടവീര്യത്തിന് ബാറ്റിങ് ഓര്‍ഡറില്ല’ എന്ന് ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചുകൊണ്ട് ഗംഭീര്‍ എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. “നിർഭയമായ ക്രിക്കറ്റ്. അചഞ്ചലമായ വിശ്വാസം. പോരാട്ടവീര്യത്തിന് ബാറ്റിംഗ് ഓർഡർ ഇല്ല!! ഏഷ്യയിലെ ചാമ്പ്യന്മാർ! മികച്ച പ്രകടനം, കുട്ടികളേ!” -ഗംഭീര്‍ എക്‌സില്‍ ഇപ്രകാരം കുറിച്ചു. 338 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിട്ടും ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഗംഭീറിന്റെ പ്രതികരണം
Fearless cricket. Unshakable belief. Grit has no batting order !!
Champions of Asia!
Well done, boys! 🇮🇳🏆 https://t.co/n2mTAsZPHz
— Gautam Gambhir (@GautamGambhir) November 14, 2026
വലിയൊരു ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42-ാം ഓവറിൽ എട്ട് വിക്കറ്റിന് 252 റൺസ് എന്ന നിലയിൽ തകര്‍ന്നിരുന്നു. എന്നാൽ, അപ്രതീക്ഷിത നായകന്മാരായി അവതരിച്ച മനാൽ (47), മോഹിത് (പുറത്താകാതെ 49) എന്നിവരുടെ മികവിൽ ഇന്ത്യ വിജയവര കടന്നു.
ഏഴാമനായി ക്രീസിലെത്തിയ മനല്‍ ചൗഹാന്‍ (32 പന്തില്‍ 47), പത്താമനായി എത്തിയ മോഹിത് ഉല്‍വ (പുറത്താകാതെ 26 പന്തില്‍ 49) എന്നിവരുടെ മികവിലാണ് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദാനിയാണ് (101 പന്തില്‍ 80) ഫൈനലിലെ ടോപ് സ്‌കോറര്‍. 61 പന്തില്‍ 58 റണ്‍സുമായി ആര്യവീര്‍ സെവാഗും മികച്ച പ്രകടനം പുറത്തെടുത്തു.
ടൂർണമെന്റിലെ ടോപ് സ്കോററായ ആര്യവീര്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും ഉൾപ്പെടെ 90.25 ശരാശരിയിൽ 361 റൺസാണ് താരം അടിച്ചുകൂട്ടിയത്.
വിജയലക്ഷ്യം മറികടക്കാൻ കഴിയുമെന്ന് ടീമിന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നാണ് മത്സരശേഷം ആര്യവീര്‍ പ്രതികരിച്ചത്. ബാറ്റിങിന് അനുകൂലമായ പിച്ചാണിതെന്നും ഇതൊരു വലിയ സ്കോറല്ലെന്നും, സാധാരണ രീതിയിൽ ബാറ്റ് ചെയ്ത് നമ്മുടെ പതിവ് ഷോട്ടുകൾ കളിച്ചാൽ ഈ സ്കോറിലേക്ക് എത്താൻ കഴിയുമെന്നും തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ലക്ഷ്യം മറികടക്കാനാകുമെന്ന് ടീം വിശ്വസിച്ചിരുന്നതായും ആര്യവീര്‍ കൂട്ടിച്ചേര്‍ത്തു. റായ്ചന്ദാനിയെയും മോഹിത് ഉൽവയെയും മനാൽ ചൗഹാനെയും ആര്യവീർ പ്രശംസിച്ചു.
“അവസാന 10 ഓവറിൽ 100 അല്ലെങ്കിൽ 120 റൺസ് എങ്ങനെ ചേസ് ചെയ്യാം എന്നതിനെക്കുറിച്ച് ടീം മീറ്റിങില്‍ ചര്‍ച്ച ചെയ്തിരുന്നു. ആരെങ്കിലും ഒരാൾ അവസാനം വരെ ബാറ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. ലക്ഷ്യ റായ്ചന്ദാനി അത് ഭംഗിയായി ചെയ്തു. അതിനാൽ അദ്ദേഹത്തിന് ഹാറ്റ്സ് ഓഫ്. അവസാനം മോഹിതും മനാലും ചെയ്തത് തികച്ചും അവിശ്വസനീയമായിരുന്നു, അവർക്കും ഹാറ്റ്സ് ഓഫ്”-ആര്യവീർ പറഞ്ഞു.
English Summary
India beat Pakistan by one wicket in a thrilling Under-19 Asia Cup 2026 final to win their ninth title. Mohit Ulva and Manal Chauhan rescued the team from a collapse to chase down 338 runs on the last ball. Head coach Gautam Gambhir praised the young squad on social media, stating that “grit has no batting order.”