India vs England: ഇന്ത്യന്‍ വാലറ്റത്തിന്റെ നടുവൊടിച്ച് സ്റ്റോക്‌സും, ആര്‍ച്ചറും; പിടിമുറുക്കി ക്രൗളിയും ഡക്കറ്റും
India all out for 358 runs: മുന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയ്ക്കും മാഞ്ചസ്റ്ററില്‍ ആദ്യ ഇന്നിങ്‌സില്‍ തിളങ്ങാനായില്ല. വാഷിങ്ടണ്‍ സുന്ദറിനും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല

അഞ്ച് വിക്കറ്റ് നേടിയ ബെന്‍ സ്റ്റോക്‌സിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
ടീമിനായി പൊരുതാന്‍ വാലറ്റം ഒരിക്കല്‍ കൂടി മറന്നതോടെ മാഞ്ചസ്റ്ററില്‍ മികച്ച തുടക്കം മുതലാക്കാനാകാതെ ഇന്ത്യ 358ന് പുറത്തായി. ആറു വിക്കറ്റിന് 314 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 358ന് ഓള്‍ ഔട്ടായത്. അവസാന നാലു വിക്കറ്റുകള്‍ 44 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് അഞ്ച് വിക്കറ്റും, ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ക്രിസ് വോക്ക്‌സും ലിയം ഡോസണും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ടോപ് സ്‌കോറര്‍. യശ്വസി ജയ്‌സ്വാള്‍ (58), ഋഷഭ് പന്ത് (54) എന്നിവരും അര്‍ധ സെഞ്ചുറികള്‍ നേടി. പരിക്കിനിടയിലും ടീമിന് വേണ്ടി പന്ത് പോരാട്ടവീര്യം പുറത്തെടുത്തു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും പന്ത് സ്വന്തമാക്കി. കെഎല്‍ രാഹുല്‍ (46), ശാര്‍ദ്ദുല്‍ താക്കൂര്‍ (41) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുന്‍നിര ബാറ്റര്‍മാരില്‍ ശുഭ്മാന്‍ ഗില്‍ മാത്രമാണ് നിരാശപ്പെടുത്തിയത്. 12 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.
മുന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയ്ക്കും മാഞ്ചസ്റ്ററില്‍ ആദ്യ ഇന്നിങ്‌സില്‍ തിളങ്ങാനായില്ല. 20 റണ്‍സാണ് ജഡേജയുടെ സംഭാവന. വാഷിങ്ടണ്‍ സുന്ദറിനും (27) പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.
അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന അന്‍ഷുല്‍ കാംബോജ് പൂജ്യത്തിന് പുറത്തായി. ജസ്പ്രീത് ബുംറ നാലു റണ്‍സെടുത്ത് ഔട്ടായി. അഞ്ച് റണ്‍സുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. ഇന്ത്യയുടെ ഓപ്പണര്‍മാരായ ജയ്‌സ്വാള്‍, രാഹുല്‍ എന്നിവരൊഴികെയുള്ള ബാറ്റര്‍മാരുടെയെല്ലാം വിക്കറ്റുകള്‍ വീഴ്ത്തിയത് ആര്‍ച്ചറും സ്റ്റോക്‌സും ചേര്‍ന്നാണ്.
ആദ്യ ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും, ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 36 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. 113 പന്തില്‍ 84 റണ്‍സെടുത്ത സാക്ക് ക്രൗളിയെ രവീന്ദ്ര ജഡേജ പുറത്താക്കി. 95 പന്തില്‍ 90 റണ്‍സുമായി ബെന്‍ ഡക്കറ്റും, 11 പന്തില്‍ നാല് റണ്‍സുമായി ഒല്ലി പോപ്പുമാണ് ക്രീസില്‍.