India vs England: ഇന്ത്യൻ ക്യാമ്പിൽ പരിക്ക് അവസാനിക്കുന്നില്ല; പട്ടികയിലേക്ക് രണ്ടാം ടെസ്റ്റ് ഹീറോ ആകാശ് ദീപും
Akash Deep Injured India vs England: ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട ആകാശ് ദീപിന് പരിക്ക്. ഋഷഭ് പന്ത്, അർഷ്ദീപ് സിംഗ് എന്നിവർക്ക് ശേഷം പരിക്കേൽക്കുന്ന താരമാണ് ആകാശ്.

ആകാശ് ദീപ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വീണ്ടും പരിക്ക്. രണ്ടാം ടെസ്റ്റ് മത്സരവിജയത്തിലെ ഹീറോ ആകാശ് ദീപിനാണ് പുതുതായി പരിക്കേറ്റിരിക്കുന്നത്. നാഭിയിൽ പരിക്കേറ്റ താരം നാലാം ടെസ്റ്റിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്ന് സംശയമാണ്. നേരത്തെ ഋഷഭ് പന്തിനും അർഷ്ദീപ് സിംഗിനും പരിക്കേറ്റിരുന്നു. അർഷ്ദീപിന് പകരം അൻഷുൽ കംബോജിനെ ടീമിൽ പരിഗണിക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് പ്രകാരം ആകാശ് ദീപ് നിലവിൽ പരിക്കിൻ്റെ പിടിയിലാണ്. ജൂലായ് 23ന് ആരംഭിക്കുന്ന നാലാം ടെസ്റ്റിന് മുന്നോടിയായി പരിക്കിൽ നിന്ന് മുക്തനാവാൻ താരം ശ്രമിക്കുകയാണ്. രണ്ടാം ടെസ്റ്റിൽ തകർപ്പൻ പ്രകടം നടത്തിയെങ്കിലും ലോർഡ്സിൽ നടന്ന മൂന്നാം മത്സരത്തിൽ ഒരു വിക്കറ്റ് നേടാനേ ആകാശ് ദീപിന് കഴിഞ്ഞിരുന്നുള്ളൂ. ആകാശ് ദീപ് പുറത്തിരുന്നാൽ പ്രസിദ്ധ് കൃഷ്ണ വീണ്ടും ടീമിൽ ഇടം നേടും. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യക്ക് മറ്റൊരു സ്പെഷ്യലിസ്റ്റ് പേസർ ഉണ്ടാവില്ല.
അടുത്ത കളി ബുംറ കളിക്കുന്ന കാര്യത്തിൽ മാഞ്ചസ്റ്ററിലെത്തിയിട്ടേ തീരുമാനമെടുക്കൂ എന്ന് ഇന്ത്യയുടെ സഹപരിശീലകൻ റയാൻ ടെൻ ഡോഷറ്റ് പറഞ്ഞിരുന്നു. അവസാനത്തെ രണ്ട് മത്സരങ്ങൾക്ക് അദ്ദേഹത്തെ ലഭിച്ചിട്ടുണ്ട്. പരമ്പര നിർണായകമായ ഒരു ഇടത്ത് നിൽക്കുന്ന സാഹചര്യത്തിൽ മാഞ്ചസ്റ്ററിലെ കളി വളരെ നിർണായകമാണ്. അതുകൊണ്ട് തന്നെ നാലാം ടെസ്റ്റിൽ ബുംറയെ കളിപ്പിക്കാമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരമ്പരയിലെ ആദ്യ കളി ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. രണ്ടാമത്തെ കളി 336 റൺസിൻ്റെ വമ്പൻ വിജയം കുറിച്ച ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. ലോർഡ്സിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ പൊരുതിയെങ്കിലും 22 റൺസിന് പരാജയപ്പെട്ടു. മത്സരത്തിൻ്റെ പല ഘട്ടങ്ങളിലും മുന്നിട്ടുനിന്നെങ്കിലും ഒടുവിൽ ഇന്ത്യ വിജയം കൈവിടുകയായിരുന്നു. ജൂലായ് 23 മുതൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് പരമ്പരയിലെ നാലാം മത്സരം ആരംഭിക്കുക.