AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WCL India vs Pakistan: ധവാന് പിന്നാലെ കൂടുതൽ താരങ്ങൾ പിന്മാറി; ലെജൻഡ്സ് ലീഗിൽ ഇന്ത്യ – പാകിസ്താൻ മാച്ച് റദ്ദാക്കിയതായി അധികൃതർ

Ind vs Pak WCL Match Cancelled: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം റദ്ദാക്കിയതായി അധികൃതർ. ശിഖർ ധവാൻ അടക്കം നിരവധി ഇന്ത്യൻ താരങ്ങൾ പിന്മാറിയതോടെയാണ് മാച്ച് റദ്ദാക്കിയത്.

WCL India vs Pakistan: ധവാന് പിന്നാലെ കൂടുതൽ താരങ്ങൾ പിന്മാറി; ലെജൻഡ്സ് ലീഗിൽ ഇന്ത്യ – പാകിസ്താൻ മാച്ച് റദ്ദാക്കിയതായി അധികൃതർ
ഇന്ത്യ - പാകിസ്താൻImage Credit source: Social Media
Abdul Basith
Abdul Basith | Published: 20 Jul 2025 | 10:04 AM

ലെജൻഡ്സ് ലീഗിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം റദ്ദാക്കിയതായി അധികൃതർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ചൂണ്ടിക്കാട്ടി ശിഖർ ധവാൻ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. പിന്നാലെ മറ്റ് ചില താരങ്ങളും മത്സരത്തിൽ നിന്ന് പിന്മാറി. ഇതോടെയാണ് മത്സരം റദ്ദാക്കാൻ അധികൃതർ നിർബന്ധിതരായത്.

ജൂലായ് 20ന് ഇംഗ്ലണ്ടിലെ ബെർമിംഹാമിലാണ് മത്സരം തീരുമാനിച്ചിരുന്നത്. എന്നാൽ, മത്സരം റദ്ദാക്കിയതായി സംഘാടകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ടൂർണമെൻ്റ് പ്രഖ്യാപിച്ചപ്പോൾ മുതൽ ഇന്ത്യ – പാകിസ്താൻ മത്സരവുമായി ബന്ധപ്പെട്ട് ആരാധകർ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതിന് പിന്നാലെ കഴിഞ്ഞ ദിവസം ധവാൻ മത്സരത്തിൽ നിന്ന് പിന്മാറി. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ധവാൻ നിലപാടറിയിച്ചത്. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സംഘാടകർക്ക് അയച്ച ഇ മെയിലും താരം പുറത്തുവിട്ടു.

പിന്നാലെ ധവാൻ്റെ ചുവടുപിടിച്ച് മറ്റ് താരങ്ങളും കളിക്കില്ലെന്നറിയിച്ചു. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച് ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ തുടങ്ങിയ താരങ്ങളാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്. ഇതോടെ കളി റദ്ദാക്കുകയായിരുന്നു. ഇക്കാര്യം മത്സരവേദിയായ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയം ഔദ്യോഗികമായി അറിയിച്ചു.

മത്സരം മാറ്റിവച്ചു എന്നും വേദി അടച്ചു എന്നും എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ടിക്കറ്റെടുത്തവർക്ക് മുഴുവൻ തുകയും തിരികെലഭിക്കും. ടൂർണമെൻ്റിലെ ബാക്കി മത്സരങ്ങൾ നേരത്തെ തീരുമാനിച്ചത് പോലെ നടക്കുമെന്നും എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയം അറിയിച്ചു.

Also Read: KCL 2026: കേരള ക്രിക്കറ്റ് ലീഗിൻ്റെ ഗ്രാൻഡ് ലോഞ്ച് ഇന്ന്; സഞ്ജു ഫാൻ ജഴ്സി അവതരിപ്പിക്കും: ട്രോഫി ടൂർ നാളെ മുതൽ

യുവ്‌രാജ് സിംഗിൻ്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. സുരേഷ് റെയ്ന, റോബിൻ ഉത്തപ്പ, പീയുഷ് ചൗള, വരുൺ ആരോൺ, സ്റ്റുവർട്ട് ബിന്നി, സിദ്ധാർത്ഥ് കൗൾ, ഗുർകീരത് സിംഗ്, അഭിമന്യു മിഥുൻ, വിനയ് കുമാർ തുടങ്ങിയവരും ടീമിലുണ്ട്. മുഹമ്മദ് ഹഫീസ് ആണ് പാകിസ്താൻ ടീമിൻ്റെ ക്യാപ്റ്റൻ. കമ്രാൻ അക്ലം, ഷൊഐബ് മാലിക്, വഹാബ് റിയാസ്, സൊഹൈൽ തൻവീർ, മിസ്ബാഹ് ഉൽ ഹഖ്, ഷാഹിദ് അഫ്രീദി, സയീദ് അജ്മൽ, യൂനുസ് ഖാൻ, അബ്ദുൽ റസാഖ് തുടങ്ങിയവരും പാക് ടീമിലുണ്ട്.