India vs England: കപിൽ ദേവിൻ്റെ ഐതിഹാസിക റെക്കോർഡ് മറികടന്ന് ബുംറ; ഇനി അക്രമിനൊപ്പം
Jasprit Bumrah Surpasses Kapil Devs Record: കപിൽ ദേവിൻ്റെ റെക്കോർഡ് മറികടന്ന് ജസ്പ്രീത് ബുംറ. അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് താരം കപിലിനെ മറികടന്ന് ഒന്നാമത് എത്തിയത്.

ജസ്പ്രീത് ബുംറ
ഐതിഹാസിക റെക്കോർഡിൽ കപിൽ ദേവിനെ മറികടന്ന് ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിലാണ് ബുംറ റെക്കോർഡ് കുറിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ചായയ്ക്ക് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിലാണ്.
ഇന്ത്യക്കായി എവേ ടെസ്റ്റുകളിൽ ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേടിയ ബൗളർമാരുടെ പട്ടികയിലാണ് ബുംറ കപിൽ ദേവിനെ മറികടന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയതോടെ താരം ഈ റെക്കോർഡിലെത്തുകയായിരുന്നു. ഇന്നത്തെ പ്രകടനത്തോടെ 35 മത്സരങ്ങളിൽ നിന്ന് ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടം 13 എണ്ണമായി. ഇതോടെ 66 മത്സരങ്ങളിൽ നിന്ന് 12 തവണ അഞ്ച് വിക്കറ്റ് നേടിയ കപിൽ ദേവ് രണ്ടാമതും 69 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 10 അഞ്ച് വിക്കറ്റ് നേട്ടം തികച്ച അനിൽ കുംബ്ലെ മൂന്നാം സ്ഥാനത്തേക്കും ഇറങ്ങി.
സേന രാജ്യങ്ങളിൽ ഏറ്റവുമധികം തവണ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്ന ഏഷ്യൻ താരം എന്ന റെക്കോർഡിൽ താരം പാകിസ്താൻ്റെ മുൻ താരം വസിം അക്രമിനൊപ്പവും ബുംറ എത്തി. ഇരുവരും 11 തവണയാണ് ഈ നേട്ടം കുറിച്ചത്.
271 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ ജേമി സ്മിത്തും ബ്രൈഡൻ കാഴ്സും ചേർന്ന് മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. ഇരുവരും ഫിഫ്റ്റിയടിച്ചു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റൺസിൻ്റെ കൂട്ടുകെട്ടും ഉയർത്തി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജും നിതീഷ് റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.