India vs England: 9ആമൻ്റെ വക തകർപ്പൻ ഫിഫ്റ്റി; അഞ്ച് വിക്കറ്റ് നേട്ടവുമായി ബുംറ: ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ
England All Out For 387 vs India: ഇന്ത്യക്കെതിരെ 387 റൺസിന് ഓൾ ഔട്ടായി ഇംഗ്ലണ്ട്. എട്ടാം വിക്കറ്റിലെ തകർപ്പൻ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്.
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387 റൺസെടുത്ത് ഓൾഔട്ടായി. 271 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ ജേമി സ്മിത്തിൻ്റെയും ബ്രൈഡൻ കാഴ്സിൻ്റെയും ഫിഫ്റ്റികളാണ് മികച്ച സ്കോറിലെത്തിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കായി തിളങ്ങിയത്.
നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 9 റൺസെടുക്കുന്നതിനിടെ അഞ്ചാം വിക്കറ്റ് നഷ്ടമായി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ (44) ക്ലീൻ ബൗൾഡാക്കി ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിന് രണ്ടാം ദിവസത്തിൽ ആദ്യ പ്രഹരമേല്പിച്ചു. പിന്നീട് ജോ റൂട്ട് (104), ക്രിസ് വോക്സ് (0) എന്നിവരെക്കൂടി തുടരെ മടക്കിയ ബുംറ ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കി.




ഏഴ് വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എന്ന നിലയിലാണ് ജേമി സ്മിത്തും ബ്രൈഡൻ കാഴ്സും ക്രീസിൽ ഒത്തുചേർന്നത്. സ്മിത്ത് പതിവുപോലെ ആക്രമിച്ച് കളിച്ചു. 9ആം നമ്പറിൽ ക്രീസിലെത്തിയ കാഴ്സ് സ്മിത്തിന് ഉറച്ച പിന്തുണയാണ് നൽകിയത്. അനായാസം സ്കോർ ചെയ്ത സ്മിത്ത് കേവലം 52 പന്തുകളിൽ ഫിഫ്റ്റി തികച്ചു. 51 റൺസ് നേടിയ സ്മിത്തിനെ വീഴ്ത്തി സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. എട്ടാം വിക്കറ്റിൽ 87 റൺസാണ് സ്മിത്തും കാഴ്സും ചേർന്ന് കൂട്ടിച്ചേർത്തത്. ജോഫ്ര ആർച്ചർ (4) വേഗം മടങ്ങി. ആക്രമണം തുടർന്ന കാഴ്സ് ഇതിനിടെ തൻ്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഫിഫ്റ്റി കുറിച്ചു. 56 റൺസെടുത്ത താരത്തെ മടക്കി മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.