India U19 World Cup Champions: ഇംഗ്ലണ്ട് നിലംപരിശായി! അണ്ടർ-19 ലോകകപ്പ് കിരീടത്തില്‍ വീണ്ടും ഇന്ത്യന്‍ മുത്തം; ഷെല്‍ഫിലേക്ക് ആറാം ട്രോഫി
India beat England in U19 World Cup Final: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പിച്ചു. ഇന്ത്യയുടെ ആറാമത്തെ കിരീടമാണിത്. മത്സരത്തിന്റെ വിശദാംശങ്ങള്‍ വായിക്കാം.

Indian U19 Team
ഹരാരെ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആറാം കിരീടം. ഇന്ന് നടന്ന കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് നിഷ്പ്രഭമാക്കിയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ കിരീടം ചൂടിയത്. ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ കൗമാരപ്പടയുടെ പോരാട്ടം 40.2 ഓവറില്‍ 311 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 411, ഇംഗ്ലണ്ട്: 40.2 ഓവറില്‍ 311 ന് ഓള്‍ ഔട്ട്.
67 പന്തില്‍ 115 റണ്‍സ് നേടിയ കാലേബ് മാത്യു ഫാൽക്കണർ, 56 പന്തില്‍ 66 റണ്‍സ് നേടിയ ബെന്‍ ഡാക്കിന്‍സ്, 28 പന്തില്‍ 45 റണ്‍സ് നേടിയ ബെന്‍ മേയേഴ്‌സ്, 18 പന്തില്‍ 31 റണ്‍സ് നേടിയ തോമസ് റ്യൂ എന്നിവര്‍ പോരാടി നോക്കിയെങ്കിലും ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനായില്ല.
ജോസഫ് മൂര്‍സ്-16 പന്തില്‍ 17, റാള്‍ഫി ആല്‍ബര്‍ട്ട്-രണ്ട് പന്തില്‍ പൂജ്യം, ഫര്‍ഹാന്‍ അഹമ്മദ്-രണ്ട് പന്തില്‍ ഒന്ന്, സെബാസ്റ്റ്യന്‍ മോര്‍ഗന്‍-രണ്ട് പന്തില്‍ പൂജ്യം, ജെയിംസ് മിന്റോ-41 പന്തില്‍ 28, മാന്നി ലംസ്‌ഡെന്‍-10 പന്തില്‍ മൂന്ന് എന്നിവരെ ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.
ഇന്ത്യയ്ക്കു വേണ്ടി ആംബ്രിഷ് ആര്‍എസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപേഷ് ദേവേന്ദ്രനും, കനിഷ്‌ക് ചൗഹാനും രണ്ട് വിക്കറ്റ് വീതവും, ആയുഷ് മാത്രെ ഒരു വിക്കറ്റും നേടി. 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 15 വീതം ഫോറുകളും സിക്‌സറുകളും അടങ്ങുന്നതായിരുന്നു സൂര്യവംശിയുടെ ബാറ്റിങ്. 55 പന്തിലാണ് താരം സെഞ്ചുറി തികച്ചത്.
Also Read: U19 Cricket World Cup: തകര്‍പ്പന്‍ സെഞ്ചുറി നേടിയ ശേഷം വൈഭവ് മടങ്ങി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
51 പന്തില്‍ 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെ, 31 പന്തില്‍ 40 റണ്‍സ് നേടിയ അഭിഗ്യാന്‍ അഭിഷേക് കുന്ദു, പുറത്താകാതെ 20 പന്തില്‍ 37 റണ്‍സ് നേടിയ കനിഷ്‌ക് ചൗഹാന്‍, 6 പന്തില്‍ 32 റണ്‍സ് നേടിയ വേദാന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദി, 36 പന്തില്‍ 30 റണ്‍സ് നേടിയ വിഹാന്‍ മനോജ് മല്‍ഹോത്ര എന്നിവരും ബാറ്റിങിനില്‍ നിര്‍ണായക സംഭാവന നല്‍കി.
മലയാളി താരം ആരോണ്‍ ജോര്‍ജ് ഫൈനലില്‍ നിരാശപ്പെടുത്തി. 11 പന്തില്‍ ഒമ്പത് റണ്‍സെടുക്കാനെ ആരോണിന് സാധിച്ചുള്ളൂ. ഖിലന്‍ പട്ടേല്‍-നാല് പന്തില്‍ മൂന്ന്, ഹെനില്‍ പട്ടേല്‍-ഏഴു പന്തില്‍ അഞ്ച്, ആംബ്രിഷ് ആര്‍എസ്-24 പന്തില്‍ 18 എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.