India vs Australia: കാന്‍ബറയില്‍ റണ്ണൊഴുകുമോ? പ്രതീക്ഷിക്കുന്ന പ്ലേയിങ് ഇലവന്‍
India vs Australia first T20 preview: ഓസീസിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റിരുന്നു. ടി20 പരമ്പര സ്വന്തമാക്കാമെന്നാണ് പ്രതീക്ഷ
കാൻബറ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണം ടി20യിലൂടെ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സൂര്യകുമാര്‍ യാദവും സംഘവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഏഷ്യാ കപ്പ് ജയിച്ച പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഏഷ്യാ കപ്പില്‍ തോല്‍വിയറിയാതെ മുന്നേറിയ ടീം ഒടുവില്‍ ജേതാക്കളായാണ് മടങ്ങിയത്. ഏഷ്യാ കപ്പില്‍ വെല്ലുവിളികളില്ലാതെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. എന്നാല്‍ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ നേരിടേണ്ടതാണ് ഇവിടെ വെല്ലുവിളി.
പ്രതീക്ഷിക്കുന്ന പ്ലേയിങ് 11
ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകും. സൂര്യകുമാര്‍ യാദവ് വണ്‍ ഡൗണായെത്തും. തിലക് വര്‍മയും, സഞ്ജു സാംസണും നാലും അഞ്ചും സ്ഥാനങ്ങളില്‍. ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓള്‍ റൗണ്ടര്‍മാരായി കളിക്കാനാണ് സാധ്യത. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരായി കളിച്ചേക്കും.
വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീണേക്കാം. റിങ്കു സിങ്, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ഇന്ന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
പ്ലേയിങ് 11 സാധ്യത: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍/നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
Also Read: India vs Australia: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 എപ്പോൾ എവിടെ എങ്ങനെ കാണാം?
മഴ പണി തരില്ല
കാന്‍ബറയിലെ മനുക ഓവലിലാണ് മത്സരം നടക്കുന്നത്. മത്സര ദിവസം നേരിയ മഴയുണ്ടായേക്കാം. എങ്കിലും മത്സരം തടസപ്പെടാന്‍ സാധ്യതയില്ല. ആകാശം മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് 1.45നാണ് മത്സരം. 1.15ന് ടോസിടും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും കാണാം.
റണ്ണൊഴുകുമോ?
മനുക്ക ഓവലിലെ പിച്ച് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റിങിന് അനുകൂലമാണ്. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ചെറിയ ബൗണ്ടറികൾ സ്കോറിങ്ങിന് കൂടുതൽ സഹായകമാണ്.