ടിവിയിലോ, അതോ യൂട്യൂബിലോ? ഇന്ത്യ-ജപ്പാൻ ചരിത്ര മത്സരത്തിന് മുന്നിൽ ‘ബ്രോഡ്കാസ്റ്റ്’ തലവേദന
IND vs JPN T20 Broadcast Issue: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രം ക്രമീകരിച്ചിരിക്കുന്നതിനാൽ, ഈ മത്സരത്തിന്റെ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ വലിയ ലോജിസ്റ്റിക്കൽ വെല്ലുവിളികൾ ഉയർത്തും. സംപ്രേക്ഷണാവകാശത്തിനായുള്ള ധാരണാപത്രത്തിൽ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ ഐടിഡബ്ല്യുവുമായി ഉടൻ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ചരിത്രത്തിലാദ്യമായി ഇന്ത്യ-ജപ്പാന്‍ ടി20 മത്സരത്തിന് കളമൊരുങ്ങുകയാണ്. സെപ്റ്റംബർ 22-ന് തോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, മത്സരത്തിന്റെ സംപ്രേക്ഷണാവകാശത്തെച്ചൊല്ലി വലിയ ആശയക്കുഴപ്പവും തർക്കങ്ങളും ഉടലെടുത്തിട്ടുണ്ട്; പ്രാദേശിക പ്രക്ഷേപകർ ഒരു പങ്കാളിയെ കണ്ടെത്തുന്നതിനായി നെട്ടോട്ടമോടുകയാണെന്നാണ് റിപ്പോർട്ടുകൾ. സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ നിലവിൽ ഐടിഡബ്ല്യു യൂണിവേഴ്സുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രം ക്രമീകരിച്ചിരിക്കുന്നതിനാൽ, ഈ മത്സരത്തിന്റെ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ വലിയ ലോജിസ്റ്റിക്കൽ വെല്ലുവിളികൾ ഉയർത്തും. എന്നാലും, സംപ്രേക്ഷണാവകാശത്തിനായുള്ള ധാരണാപത്രത്തിൽ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ ഐടിഡബ്ല്യുവുമായി ഉടൻ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
യൂട്യൂബിൽ കാണാനാകുമോ?
നേരത്തെ മത്സരം യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനും ഐടിഡബ്ല്യു യൂണിവേഴ്സും തമ്മിൽ കരാർ അന്തിമമാക്കിയാലും, മത്സരം യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യാനുള്ള ഓപ്ഷൻ നിലനിൽക്കും.
മത്സരത്തിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ട് ‘ഫാന്‍കോഡ്’ ചര്‍ച്ചയിലുണ്ട്. ഐടിഡബ്ല്യു, സ്റ്റാർ, സോണി, സീ എന്നിവയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ പുരുഷ ടീമിന്റെ മത്സരം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ ശേഷമുള്ള സമയത്താണ് ഐച്ചിയിലെ നിഷിൻ സിറ്റിയിലുള്ള കോറോഗി അത്ലറ്റിക് പാർക്കിൽ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനൽ നടക്കുന്നത്.
Also Read: IND vs PAK Cricket: ഇന്ത്യ-പാകിസ്ഥാൻ ത്രിരാഷ്ട്ര പരമ്പര വരുന്നു? ഐസിസിയുടെ പുതിയ മാസ്റ്റർ പ്ലാൻ
നിലവിൽ ഏഷ്യൻ ഗെയിംസിന്റെ സംപ്രേക്ഷണാവകാശം സോണിയുടെ കൈവശമാണുള്ളത്. മത്സരം ഒരു ദിവസം കഴിഞ്ഞ്, അതായത് സെപ്റ്റംബർ 23-ന് നടത്തുന്നതായിരുന്നു മറ്റൊരു ഓപ്ഷൻ. എന്നാൽ, ഏഷ്യൻ ഗെയിംസിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിനായി ജപ്പാൻ ടീമിന് അന്ന് യാത്ര ചെയ്യേണ്ടതുണ്ട്. സെപ്റ്റംബർ 24-ന് ഐച്ചിയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരെയാണ് ജപ്പാന്റെ ആദ്യ മത്സരം. സാനോയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് ഐച്ചി സ്ഥിതി ചെയ്യുന്നത്.
ജപ്പാനുമായുള്ള പോരാട്ടത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യന്‍ ടീം സാനോയിൽ പരിശീലന സെഷൻ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 28-ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് ക്യാമ്പെയ്നായി ഐച്ചിയിലേക്ക് തിരിക്കുന്നതിന് മുൻപ് ഇന്ത്യന്‍ ടീം ഏതാനും ദിവസങ്ങൾ കൂടി സാനോയിൽ തുടർന്നേക്കുമെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നേരിട്ട് ക്വാർട്ടർ ഫൈനലിൽ നിന്നാണ് മത്സരം ആരംഭിക്കുന്നത്.
English Summary
Team India will play a historic first-ever T20 match against Japan on September 22 in Sano. The match faces broadcast chaos as local organizers scramble to secure a streaming partner. Production is further complicated by an overlapping Asian Games women’s final broadcast.