India vs Sri Lanka: കൊളംബോ ടെസ്റ്റില്‍ 33-കാരന്‍ അരങ്ങേറും? കുല്‍ദീപിന് ‘പണി’ കിട്ടിയേക്കും
India vs Sri Lanka Colombo Test: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ സാരന്‍ഷ് ജെയിന്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരമാണ് 33-കാരനായ സാരന്‍ഷിനെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. കുല്‍ദീപ് യാദവിന് പകരം സാരന്‍ഷ് പ്ലേയിങ് ഇലവനില്‍ എത്താനാണ് സാധ്യത.

India vs Sri Lanka Test
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ സാരന്‍ഷ് ജെയിന്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരമാണ് 33-കാരനായ സാരന്‍ഷിനെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. 2014-ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ താരത്തിന് 12 വര്‍ഷത്തിന് ശേഷമാണ് സീനിയര്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. കൊളംബോ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ സാരൻഷ് ജെയിൻ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം സാരന്‍ഷ് പ്ലേയിങ് ഇലവനില്‍ എത്താനാണ് സാധ്യത. ഗാല്ലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കുല്‍ദീപിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 25 ഓവറുകള്‍ എറിഞ്ഞ താരം 103 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയത്. ഓഗസ്ത് 23-നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
ഇന്ത്യയ്ക്ക് നിര്‍ണായകം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിനുള്ള സാധ്യതകള്‍ സജീവമാക്കാന്‍ ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റും ജയിക്കേണ്ടതുണ്ട്. ആദ്യ ടെസ്റ്റില്‍ ആതിഥേയരെ 165 റണ്‍സിന് കീഴടക്കിയിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സാണ് നേടിയത്. 230 പന്തില്‍ 167 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കല്‍, 175 പന്തില്‍ 82 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍, 68 പന്തില്‍ 51 റണ്‍സെടുത്ത ധ്രുവ് ജൂറെല്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
Also Read: Manav Suthar: ‘സ്വന്തം കരുത്ത് കളയരുത്, ഐപിഎല്ലില്‍ കളിക്കരുത്’! മാനവ് സുതാറിന് ഉപദേശം
ശ്രീലങ്കയ്ക്കായി പ്രബത് ജയസൂര്യ നാലും, കേശാര നുവാന്ത മൂന്നും, അസിത ഫെര്‍ണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തിയിരുന്നു. നാല് വിക്കറ്റെടുത്ത മാനവ് സുതാറിന്റെയും, മൂന്ന് വിക്കറ്റ് പിഴുത രവീന്ദ്ര ജഡേജയുടെയും മികവില്‍ ഇന്ത്യ ശ്രീലങ്കയെ 284 റണ്‍സിന് പുറത്താക്കി. മുഹമ്മദ് സിറാജും, പ്രസിദ്ധ് കൃഷ്ണയും, കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
168 പന്തില്‍ 100 റണ്‍സെടുത്ത സോനല്‍ ദിനുഷയ്ക്കും, 115 പന്തില്‍ 80 റണ്‍സ് അടിച്ചുകൂട്ടിയ നിരോഷന്‍ ദിക്ക്‌വെല്ലയ്ക്കും മാത്രമാണ് ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ക്ക് വേണ്ടി പൊരുതാനായത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരും നിരാശപ്പെടുത്തി. വെറും 193 റണ്‍സിന് ഇന്ത്യ പുറത്തായി. 69 പന്തില്‍ 66 റണ്‍സെടുത്ത ഋഷഭ് പന്തും, 75 പന്തില്‍ 44 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും മാത്രമാണ് പിടിച്ചുനിന്നത്. നാലു വിക്കറ്റെടുത്ത അസിത ഫെര്‍ണാണ്ടോയും, മൂന്ന് വിക്കറ്റെടുത്ത പ്രബത് ജയസൂര്യയും, രണ്ട് വിക്കറ്റ് വീഴ്ത്തിയ ലഹിര കുമാരയും, ഒരു വിക്കറ്റെടുത്ത കേശാര നുവാന്തയും ശ്രീലങ്കയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞു.
372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 206 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആറു വിക്കറ്റ് വീഴ്ത്തിയ മാനവ് സുതാറും, രണ്ട് വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും, ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയ രവീന്ദ്ര ജഡേജയും, മുഹമ്മദ് സിറാജുമാണ് ശ്രീലങ്കയെ നിഷ്പ്രഭമാക്കിയത്.
English Summary
Saransh Jain likely to make his India Test debut in Colombo. The 33-year-old all-rounder earned his maiden call-up after a 12-year wait. He is expected to replace left-arm spinner Kuldeep Yadav in the team.