LBW in Cricket: ലെഗ് ബിഫോർ വിക്കറ്റ് എങ്ങനെയാണ് കണക്കാക്കുന്നത്? അമ്പയര്‍മാര്‍ എല്‍ബിഡബ്ല്യു കണ്ടെത്തുന്ന രീതി
Cricket LBW Rules Explained: ക്രിക്കറ്റിലെ സങ്കീര്‍ണവും, എന്നാല്‍ കളിയുടെ ഗതി മാറ്റാന്‍ ശേഷിയുള്ളതുമായ ഔട്ടുകളില്‍ ഒന്നാണ് 'ലെഗ് ബിഫോര്‍ വിക്കറ്റ്‌സ്'. ക്രിക്കറ്റ് പതിവായി കാണാത്ത പലര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ് എല്‍ബിഡബ്ല്യു. എന്താണ് എല്‍ബിഡബ്ല്യു, എങ്ങനെയാണ് അമ്പയര്‍മാര്‍ കണ്ടെത്തുന്നത് തുടങ്ങിയവ വിശദമായി പരിശോധിക്കാം.
ക്രിക്കറ്റിലെ സങ്കീര്‍ണവും, എന്നാല്‍ കളിയുടെ ഗതി മാറ്റാന്‍ ശേഷിയുള്ളതുമായ ഔട്ടുകളില്‍ ഒന്നാണ് ‘ലെഗ് ബിഫോര്‍ വിക്കറ്റ്‌സ്’ (എല്‍ബിഡബ്ല്യു). ക്രിക്കറ്റ് പതിവായി കാണാത്ത പലര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ് എല്‍ബിഡബ്ല്യു. എന്താണ് എല്‍ബിഡബ്ല്യു, അത് എങ്ങനെയാണ് അമ്പയര്‍മാര്‍ കണ്ടെത്തുന്നത് തുടങ്ങിയവ വിശദമായി പരിശോധിക്കാം. ഒരു ബാറ്റര്‍ തന്റെ വിക്കറ്റില്‍ പന്ത് തട്ടാതെ ബാറ്റ് കൊണ്ട് പ്രതിരോധിക്കുന്നതിന് പകരം, ശരീരഭാഗങ്ങള്‍ (പ്രത്യേകിച്ച് കാല്‍) ഉപയോഗിച്ച് പന്തിന്റെ ഗതി തടസപ്പെടുത്തുകയും, ആ ബോള്‍ പാഡില്‍ തട്ടിയില്ലായിരുന്നുവെങ്കില്‍ നേരെ വിക്കറ്റില്‍ കൊള്ളുമായിരുന്നുവെന്ന് അമ്പയര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് എല്‍ബിഡബ്ല്യു.
മേരി ലിബോണ്‍ ക്രിക്കറ്റ് ക്ലബിന്റെ (എംസിസി) 36-ാം നിയമപ്രകാരമാണ് എല്‍ബിഡബ്ല്യു നിര്‍വചിച്ചിരിക്കുന്നത്. ഇതുപ്രകാരം ബാറ്റിന് മുമ്പ് ബോള്‍ പാഡിലോ, കാലിലോ, ഹെല്‍മറ്റൊഴികെ മറ്റ് ശരീരഭാഗങ്ങളിലോട തട്ടിയാലും ഇത് ബാധകമായിരിക്കും.
എല്‍ബിഡബ്ല്യു ആകണമെങ്കില്‍
അമ്പയര്‍ ആ വിക്കറ്റ് എല്‍ബിഡബ്ല്യു ആയി സ്ഥിരീകരിക്കുന്നത് വിവിധ സാഹചര്യങ്ങളിലാണ്. അത് ഏതൊക്കെയെന്ന് നോക്കാം.
- പന്ത് ലീഗല്‍ ഡെലിവറി ആയിരിക്കണം. പന്ത് നോ ബോള്‍ ആയിരിക്കരുത്
- പന്ത് പിച്ച് ചെയ്ത സ്ഥാനം പ്രധാനമാണ്. വിക്കറ്റുകളുടെ നേര്‍രേഖയിലോ, അല്ലെങ്കില്‍ ഓഫ് സൈഡിലോ പിച്ച് ചെയ്യണം. ലെഗ് സൈഡിന് പുറത്താണ് പിച്ച് ചെയ്യുന്നതെങ്കില്‍ അത് എല്‍ബിഡബ്ല്യു അല്ല.
- എന്നാല്‍ ബാറ്റര്‍ പന്ത് കളിക്കാന്‍ ശ്രമിക്കാതെ ബോധപൂര്‍വം പാഡ് വച്ച് തടയുകയാണെങ്കില്‍, ഇംപാക്ട് ഓഫ് സൈഡിന് പുറത്താണെങ്കിലും അമ്പയര്‍ക്ക് എല്‍ബിഡബ്ല്യു വിധിക്കാവുന്നതാണ്.
- പന്ത് പാഡില്‍ കൊള്ളുന്നതിന് മുമ്പ് ബാറ്റിലോ, ഗ്ലൗസിലോ തട്ടിയിട്ടുണ്ടാകരുത്.
- പന്ത് പാഡില്‍ കൊണ്ടില്ലായിരുന്നുവെങ്കില്‍ അത് നേരെ പോയി സ്റ്റമ്പില്‍ കൊള്ളുമായിരുന്നു എന്ന് ഉറപ്പായിരിക്കണം.
ഈ രീതികള്‍ പ്രധാനം
ഒരു ബാറ്റര്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ ബോള്‍ പാഡില്‍ തട്ടിയെന്ന് കരുതുക. ഇവിടെ ബോള്‍ ‘ഇന്‍ ലൈന്‍’ പിച്ച് ചെയ്യുകയും, ‘ഇന്‍ ലൈനാ’യി തന്നെ പാഡില്‍ തട്ടുകയും വേണം. എന്നാല്‍ ബാറ്റര്‍ ഷോട്ട് കളിക്കാതെ, പന്ത് പാഡില്‍ തട്ടാന്‍ അനുവദിക്കുമ്പോള്‍, ഇംപാക്ട് ‘ഔട്ട്‌സൈഡ് ഓഫ്’ ആണെങ്കിലും അമ്പയര്‍ക്ക് എല്‍ബിഡബ്ല്യു അനുവദിക്കാവുന്നതാണ്.
എങ്ങനെയാണ് കണ്ടെത്തുന്നത്?
ഡിആര്‍എസ് വരുന്നതിന് മുമ്പ് അമ്പയര്‍മാരുടെ തീരുമാനമായിരുന്നു അവസാന വാക്ക്. എല്‍ബിഡബ്ല്യുവില്‍ അമ്പയര്‍മാര്‍ക്ക് അബദ്ധം പറ്റുന്നത് പണ്ട് പതിവുകാഴ്ചയായിരുന്നു. കാല്‍ക്കുലേഷനില്‍ ചെറിയ പിഴവ് വന്നാല്‍ പോലും അത് എല്‍ബിഡബ്ല്യുവില്‍ തെറ്റായ തീരുമാനത്തിലേക്ക് നയിക്കാം.
ബൗളറുടെ കൈയില്‍ നിന്ന് റിലീസ് ചെയ്യുന്നത് മുതല്‍ പന്ത് കുത്തുന്നത് വരെയുള്ള ലൈന്‍ ശ്രദ്ധിച്ചാണ് എല്‍ബിഡബ്ല്യു കണ്ടെത്തുന്നത്. ‘ഡിആര്‍എസി’ന്റെ വരവോടെ തെറ്റായ എല്‍ബിഡബ്ല്യു തീരുമാനത്തിലൂടെ ബാറ്റര്‍മാര്‍ക്ക് പുറത്താകേണ്ട സാഹചര്യം കുറഞ്ഞു.
English Summary
Leg Before Wicket (LBW) occurs when a batter illegally stops a ball bound for the stumps with their body. To award an LBW out, the delivery must be legal and cannot pitch outside the leg stump. The ball must also hit the batter in line with the wickets without touching the bat or glove first. Umpires evaluate the ball’s trajectory, swing, and impact location to make the call.