സഹീർഖാന്റെ വലംകൈയായി മുൻ പർപ്പിൾ ക്യാപ് ഉടമ സിഎസ്കെയിലേക്ക്; വരുന്നത് എറിക് സിമ്മൺസിന് പകരക്കാരനായി
Mohit Sharma set to become CSK's bowling coach: മുൻ ഇന്ത്യൻ പേസർകൂടിയായ മോഹിത് ശർമ്മ ചെന്നൈ സൂപ്പർ കിങ്സിന്റെ (CSK) ബൗളിംഗ് കോച്ചായി ചുമതല ഏറ്റെടുക്കാൻ തയാറെടുക്കുന്നു. പുതിയ ഹെഡ് കോച്ച് സഹീർ ഖാന്റെ നിർദ്ദേശപ്രകാരം മോഹിതിനെ ബൗളിംഗ് കോച്ചായി തിരഞ്ഞെടുക്കാൻ സിഎസ്കെ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. മുൻപ് സിഎസ്കെ താരമായിരുന്ന മോഹിത് ടീമിനൊപ്പം പർപ്പിൾ ക്യാപ് നേട്ടവും കൈവരിച്ചിട്ടുണ്ട്.

Mohit Sharma Set To Become Csk Bowling Coach
ചെന്നൈ സൂപ്പർ കിങ്സിനെ വിജയവഴിയിലേക്ക് തിരികെ നടത്താൻ പുതിയ കോച്ച് സഹീർഖാന് വലം കൈയായി മുൻ ഇന്ത്യൻ താരം എത്തുന്നു. കളിക്കാരനെന്ന നിലയിൽ നാല് സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിരുന്ന, മുൻ ഇന്ത്യൻ പേസർകൂടിയായ മോഹിത് ശർമ്മ ചെന്നൈ സൂപ്പർ കിങ്സിന്റെ (CSK) ബൗളിംഗ് കോച്ചായി ചുമതല ഏറ്റെടുക്കാൻ തയാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാനെ അടുത്തിടെ സിഎസ്കെ ഹെഡ് കോച്ചായി നിയമിച്ചിരുന്നു. ഇപ്പോൾ സഹീർ ഖാന്റെ നിർദ്ദേശപ്രകാരം മോഹിതിനെ ബൗളിംഗ് കോച്ചായി തിരഞ്ഞെടുക്കാൻ സിഎസ്കെ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.
38 വയസുകാരനായ മോഹിത് ശർമ്മ എറിക് സിമ്മൺസിന് പകരക്കാരനായാണ് സിഎസ്കെ സപ്പോർട്ട് സ്റ്റാഫിലേക്ക് എത്തുന്നത്. സിഎസ്കെയുടെ ബാക്കി സപ്പോർട്ട് സ്റ്റാഫ് നിയമനങ്ങളിലും വരും ആഴ്ചകളിൽ അഴിച്ചുപണി പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ സിഎസ്കെ തിളങ്ങിനിന്ന ഘട്ടത്തിൽ മോഹിത് ടീമിന്റെ ഭാഗമായിരുന്നു. ഇപ്പോൾ കുറച്ച് നാളുകളായി മോശം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സിഎസ്കെയെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ കോച്ച് സഹീർഖാന്റെ കരങ്ങൾക്ക് ശക്തിപകരുക എന്നതാണ് മോഹിത്തിന്റെ പുതിയ ദൗത്യം.
Also Raed: മനസ് വെച്ചാൽ കോലി 100 സെഞ്ചുറികളടിക്കും! പിന്തുണച്ച് മുൻ താരം
2023-ൽ ആണ് സിഎസ്കെ ഏറ്റവുമൊടുവിൽ ഐപിഎൽ കിരീടം നേടിയത്. ടീമിന്റെ അഞ്ചാമത്തെ കിരീടനേട്ടമായിരുന്നു അത്. എന്നാൽ പിന്നീടുള്ള മൂന്ന് സീസണുകളിലും പ്ലേഓഫിൽ ഇടം നേടാൻ പോലും ടീമിന് സാധിച്ചില്ല. തുടർച്ചയായ ഈ തിരിച്ചടികളെ തുടർന്ന ടീം വൻ തോതിലുള്ള അഴിച്ചുപണികളിലേക്ക് കടക്കുകയായിരുന്നു. സിഎസ്കെയുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന ഹെഡ് കോച്ച് ഫ്ലെമിങ് പുറത്തേക്ക് പോയി എന്നതടക്കമുള്ള വലിയ മാറ്റങ്ങളാണ് നടന്നിരിക്കുന്നത്.
ഫ്ലെമിങ്ങിന് പകരക്കാരനായി സഹീർഖാൻ എത്തിയതിന് പിന്നാലെ ടീമിൽ നടക്കുന്ന ആദ്യ സുപ്രധാന അഴിച്ചുപണിയാണ് മോഹിത്തിന്റെ നിയമനം എന്നാണ് റിപ്പോർട്ട്. എട്ട് ടി20 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള മോഹിത്, കഴിഞ്ഞ വർഷം ഡിസംബറിൽ കളിയിൽ നിന്ന് പൂർണ്ണമായും വിരമിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന് പുറമേ, കിങ്സ് ഇലവൻ പഞ്ചാബ്, ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായും ഐപിഎല്ലിൽ മോഹിത് കളിച്ചിട്ടുണ്ട്.
മുൻ പർപ്പിൾ ക്യാപ് ഉടമ
മുൻ പർപ്പിൾ ക്യാപ് ഉടമകൂടിയാണ് മോഹിത് ശർമ. 2014-ൽ ചെന്നൈ സൂപ്പർ കിങ്സിനായി 16 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയാണ് മോഹിത് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളർക്കുള്ള പർപ്പിൾ ക്യാപ് സ്വന്തമാക്കിയത്. 120-ലധികം മത്സരങ്ങളിൽ നിന്നായി 134 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 10 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം.
English Summary
Former Indian pacer Mohit Sharma is set to take over as the bowling coach of Chennai Super Kings (CSK). Reports claim that the CSK management has decided to appoint Mohit as the bowling coach on the advice of new head coach Zaheer Khan. Mohit, a former CSK player, has also won the Purple Cap with the team.