പേരിൽ മാത്രമേ ‘ജയ വർധന’ ഉള്ളൂ! മുംബൈ ഇന്ത്യൻസ് കോച്ചിന്റെ പണിപോയി; പകരം 5 പേർ പട്ടികയിൽ
Mahela Jayawardene steps down as Mumbai Indians head coach: മഹേല ജയവർധനെ മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞു. രണ്ട് തവണ മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ചായി ജയവർധനെ പ്രവർത്തിച്ചിട്ടുണ്ട്. 2017 മുതൽ 2022 വരെയുള്ള ആദ്യ ടേമിൽ മുംബൈയെ മൂന്ന് തവണ (2017, 2019, 2020) ഐപിഎൽ കിരീടത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് മാർക്ക് ബൗച്ചർക്ക് പകരക്കാരനായി 2025 സീസണിൽ ആണ് വീണ്ടും മുഖ്യ പരിശീലകനായി ജയവർധനെ തിരിച്ചെത്തിയത്.
മുംബൈ: ഐപിൽ (IPL) ടീമായ മുംബൈ ഇന്ത്യൻസിൽ (Mumbai Indians) വമ്പൻ അഴിച്ചുപണി. ദീർഘനാളായി ടീമിനൊപ്പം ഉണ്ടായിരുന്ന ശ്രീലങ്കൻ ഇതിഹാസ താരം മഹേല ജയവർധനെ മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞു. ഇതോടെ ഒരു ദശാബ്ദം നീണ്ടുനിന്ന ബന്ധത്തിന് ആണ് വിരാമമായിരിക്കുന്നത്. ജയവർദ്ധനെക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് ആരംഭിച്ചു കഴിഞ്ഞു. പുതിയ ചീഫ് കോച്ചായി അഞ്ച് പ്രമുഖരുടെ ചുരുക്കപ്പട്ടിക മുംബൈ ഇന്ത്യൻസ് തയ്യാറാക്കി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിൽ രണ്ട് ഓസ്ട്രേലിയൻ താരങ്ങളും ഉൾപ്പെടുന്നു.
രണ്ട് തവണ മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ചായി ജയവർധനെ പ്രവർത്തിച്ചിട്ടുണ്ട്. 2017 മുതൽ 2022 വരെയുള്ള ആദ്യ ടേമിൽ മുംബൈയെ മൂന്ന് തവണ (2017, 2019, 2020) ഐപിഎൽ കിരീടത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് ഗ്ലോബൽ ഹെഡ് ഓഫ് പെർഫോമൻസ് പദവി അലങ്കരിച്ച അദ്ദേഹം, മാർക്ക് ബൗച്ചർക്ക് പകരക്കാരനായി 2025 സീസണിൽ വീണ്ടും മുഖ്യ പരിശീലകനായി തിരിച്ചെത്തുകയായിരുന്നു.
Also Read: ഏകദിനത്തിൽ വീണ്ടും തഴഞ്ഞു! സഞ്ജുവിനോട് എന്തിന് ഈ അനീതി?
എന്നാൽ രണ്ടാം വരവിൽ മുംബൈയെ വിജയവഴിയിലേക്ക് തിരിച്ചെത്തിക്കുന്നതിൽ ജയവർധനെയും പരാജയപ്പെട്ടു. ടീമിന്റെ പ്രകടനം അത്രമെച്ചപ്പെടാതെ വന്നതോടെയാണ് ഇപ്പോൾ മുംബൈ കോച്ച് സ്ഥാനത്തുനിന്ന് ജയവർധനെയ്ക്കും പടിയിറങ്ങേണ്ടിവരുന്നത് എന്നാണ് സൂചന. തുടർ തോൽവികളെ തുടർന്ന് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയെയും മാറ്റി, പകരം ആളെ കൊണ്ടുവരാൻ മുംബൈ നീക്കങ്ങൾ നടത്തുന്നുണ്ട്.
ഇപ്പോൾ കോച്ചിനെ മാറ്റി ഞെട്ടിച്ച മുംബൈ, അധികം വൈകാതെ പുതിയ കോച്ചിനെയും ക്യാപ്റ്റനെയും പ്രഖ്യാപിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന ഐപിഎൽ സീസണുകൾക്ക് മുന്നോടിയായുള്ള മുംബൈ ടീമിലെ വമ്പൻ മാറ്റങ്ങളുടെ തുടക്കമായാണ് കോച്ചിന്റെ സ്ഥാനമൊഴിയൽ കണക്കാക്കപ്പെടുന്നത്. തന്റെ ദീർഘകാല യാത്രയിൽ പിന്തുണ നൽകിയ കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫിനും ‘വൺ ഫാമിലി’ ആരാധകർക്കും ജയവർധനെ നന്ദി അറിയിച്ചു.
ജയവർധനെയ്ക്ക് പകരക്കാരനായി ഹെഡ് കോച്ച് സ്ഥാനത്തേക്ക് അഞ്ച് പേരടങ്ങുന്ന ചുരുക്കപ്പട്ടിക മുംബൈ ഇന്ത്യൻസ് തയ്യാറാക്കിയതായും ഇതിൽ രണ്ട് ഓസ്ട്രേലിയൻ താരങ്ങളും ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ ബാറ്റിംഗ് കോച്ച് കൂടിയായ, മുൻ ഓസീസ് താരം മൈക്കൽ ഹസി, ഓസ്ട്രേലിയയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മുൻ ക്യാപ്റ്റൻകൂടിയായ ആരോൺ ഫിഞ്ച് എന്നിവരാണ് മുംബൈ പരിഗണിക്കുന്ന ഓസീസ് താരങ്ങൾ.
ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത മുൻ നായകൻ ഓയിൻ മോർഗൻ, മുംബൈ ഇന്ത്യൻസിന്റെ മുൻ പരിശീലകൻകൂടിയായ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചർ, പ്രമുഖ ദക്ഷിണാഫ്രിക്കൻ പരിശീലകൻ ആഡ്രിയൻ ബിറെൽ എന്നിവരാണ് മുംബൈ ഇന്ത്യൻസ് ഹെഡ് കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റുള്ളവർ. ഇവരുടെ ഇന്റർവ്യൂ ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന ഐപിഎൽ ലേലത്തിന് മുമ്പ് പുതിയ കോച്ചിനെ മുംബൈ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
English Summary
Mahela Jayawardene has stepped down as the head coach of the Mumbai Indians. Reports indicate that the franchise has shortlisted five prominent candidates for the position of new head coach, a list that includes two Australians. Jayawardene’s departure is seen as the beginning of major changes within the Mumbai Indians squad ahead of the upcoming IPL seasons.