Rishabh Pant: ഋഷഭ് പന്തിന് ‘ഘര്‍ വാപ്പസി’! ഡല്‍ഹിയിലേക്ക് മടങ്ങാന്‍ കോടികള്‍ വേണ്ടെന്ന് വെയ്ക്കും?
Rishabh Pant Set to Return to Delhi Capitals : ഋഷഭ് പന്ത് തന്റെ മുന്‍ ഐപിഎല്‍ ഫ്രാഞ്ചെസിയായ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരികെയെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് ഋഷഭ് ഡല്‍ഹി വിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തിയത്. നിരാശജനകമായിരുന്നു പന്തിന്റെ പ്രകടനം.
ഋഷഭ് പന്ത് തന്റെ മുന്‍ ഐപിഎല്‍ ഫ്രാഞ്ചെസിയായ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരികെയെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് ഋഷഭ് ഡല്‍ഹി വിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തിയത്. 27 കോടി രൂപയ്ക്ക് ഋഷഭിനെ ടീമിലെത്തിച്ച ഡല്‍ഹി, താരത്തെ നായകനുമാക്കി. എന്നാല്‍ ക്യാപ്റ്റന്റെ റോളിലും, ബാറ്ററെന്ന നിലയിലും രണ്ട് സീസണിലും നിരാശജനകമായിരുന്നു പന്തിന്റെ പ്രകടനം. ഈ സീസണ് ശേഷം താരം ലഖ്‌നൗവിന്റെ നായകസ്ഥാനം ഒഴിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലേക്ക് താരം തിരിച്ചെത്തിയേക്കുമെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തത്.
ഋഷഭിന് പകരം കുല്‍ദീപ് യാദവ് ഡല്‍ഹിയില്‍ നിന്നും ലഖ്‌നൗവിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. കുല്‍ദീപ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്. പന്ത് ഡല്‍ഹിക്കാരനും. അതുകൊണ്ട് ട്രേഡ് യാഥാര്‍ത്ഥ്യമായാല്‍ ഇരുവര്‍ക്കും സ്വന്തം നാട്ടിലെ ഐപിഎല്‍ ഫ്രാഞ്ചെസിയുടെ ഭാഗമാകാനുള്ള അവസരമൊരുങ്ങും.
ശമ്പളം വെട്ടിക്കുറയ്ക്കും
പന്ത് തന്റെ പ്രതിഫലത്തിൽ വലിയൊരു കുറവ് വരുത്താൻ സമ്മതിച്ചതായാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തത്. 27 കോടി രൂപയുടെ ശമ്പളമായിരുന്നു പന്തിന്റെ ട്രേഡിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ തടസ്സം. ഇത്രയും വലിയൊരു തുക ഒരു താരത്തിനായി മാറ്റിവെക്കാൻ മറ്റ് ഫ്രാഞ്ചൈസികൾക്ക് അത്ര എളുപ്പം സാധിക്കില്ല.
Also Read: ചുണയുണ്ടെങ്കിൽ വാ തല്ലിത്തീർക്കാം! ഹർഭജൻ സിങ്ങിനെ ബോക്സിങ്ങിന് വെല്ലുവിളിച്ച് ശ്രീശാന്ത്
എന്നാൽ ട്രേഡ് സാധ്യമാക്കുന്നതിനായി പന്ത് തന്റെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാവുകയായിരുന്നു. കഴിഞ്ഞ സീസണിൽ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ട് രാജസ്ഥാൻ റോയൽസിൽ ചേർന്നപ്പോൾ ചെയ്തതിന് സമാനമാണിത്.
പന്തിന്റെ പുതുക്കിയ ഫീസ് ഇപ്പോഴും അദ്ദേഹത്തിന്റെ നിലവിലെ ശമ്പളത്തിന്റെ പകുതിയേക്കാൾ നേരിയ തോതിൽ കൂടുതലായിരിക്കുമെന്നാണ് സൂചന. ഏതാണ്ട് ഏകദേശം 15 കോടി രൂപയ്ക്ക് പന്ത് സമ്മതം മൂളിയതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ കുൽദീപിന്റെ പ്രതിഫലം 13.25 കോടി രൂപയിൽ മാറ്റമില്ലാതെ തുടരും.
ലഖ്‌നൗവിനോട് ബൈ
മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ പന്ത് ലഖ്നൗ സൂപ്പർ ജയന്റ്സ് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. ഐപിഎൽ സീസൺ അവസാനിക്കുന്നതിന് മുൻപ് തന്നെ ക്യാപ്റ്റന്‍സി ഒഴിയുന്നതുമായി ബന്ധപ്പപെട്ട് പന്തും ലഖ്‌നൗ മാനേജ്‌മെന്റും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ഐപിഎല്‍ സീസണില്‍ പന്ത് നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമായിരുന്നു. 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. പത്തിലും തോറ്റ ലഖ്‌നൗവിന് എട്ട് പോയിന്റുകള്‍ മാത്രമാണ് നേടാനായത്.
മാനേജ്മെന്റുമായി ചില വിഷയങ്ങളിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 2025 ലെ മെഗാ ലേലത്തിന് മുന്നോടിയായി റിലീസ് ചെയ്യപ്പെടുന്നതിന് മുൻപ് മൂന്ന് സീസണുകളിലായി 43 മത്സരങ്ങളിൽ അദ്ദേഹം ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചിട്ടുണ്ട്.
യുവരാജ് സിംഗ് കോച്ചിംഗ് സ്റ്റാഫിലേക്ക്?
മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് ഡൽഹി കാപിറ്റൽസ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജെഎസ്ഡബ്ല്യു മാനേജ്മെന്റിന്റെ തലപ്പത്തേക്ക് എത്തുന്നതോടെ സൗരവ് ഗാംഗുലി ക്രിക്കറ്റ് കാര്യങ്ങളുടെ തലവനായി ടീമിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. അദ്ദേഹമാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറായ യുവരാജിനെ കോച്ചിംഗ് സ്റ്റാഫ് അംഗമായി കൊണ്ടുവരുന്നതെന്നാണ് വിവരം.
English Summary
Rishabh Pant is returning to Delhi Capitals through a trade deal. He accepted a major pay cut to make the move possible.Kuldeep Yadav is moving to Lucknow Super Giants as a swap. Yuvraj Singh might join the Delhi Capitals coaching staff.