South Africa vs Zimbabwe: ലാറയുടെ 400 റൺസ് മറികടക്കുന്നില്ലെന്ന് വ്യാൻ മുൾഡർ; 367ൽ നിൽക്കെ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു
SA vs ZIM Wiaan Mulder Record: ബ്രയാൻ ലാറയുടെ റെക്കോർഡ് തകർക്കാതെ വ്യാൻ മുൾഡർ. വ്യക്തിഗത സ്കോർ 367ൽ നിൽക്കെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സിംബാബ്‌വെയ്ക്കെതിരെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

വ്യാൻ മുൾഡർ
അവസരമുണ്ടായിട്ടും ബ്രയാൻ ലാറയുടെ 400 എന്ന മാജിക് സ്കോർ മറികടക്കാതെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ വ്യാൻ മുൾഡർ. സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ വ്യക്തിഗത സ്കോർ 367ൽ നിൽക്കെ താരം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 626 റൺസെടുത്താണ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.
രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 626 റൺസെന്ന നിലയിലായിരുന്നു. മുൾഡർ 334 പന്തിൽ 367 നോട്ടൗട്ട്. ലാറയുടെ റെക്കോർഡ് സ്കോറിലേക്ക് ദൂരം വെറും 33 റൺസ്. 34 റൺസെടുത്താൽ റെക്കോർഡ് മറികടക്കാം. മുൾഡറിൻ്റെ റെക്കോർഡ് പ്രതീക്ഷിച്ചിരുന്ന ക്രിക്കറ്റ് ലോകത്തെ സ്തബ്ധരാക്കി ഉച്ചഭക്ഷണത്തിൻ്റെ ഇടവേളയിൽ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിനെതിരെ ലാറ നേടിയ 400 നോട്ടൗട്ടിന് ഭീഷണിയില്ല.
Also Read: India vs England: എഡ്ജ്ബാസ്റ്റണിലെ ചരിത്ര വിജയം; റെക്കോർഡുകൾ കടപുഴക്കി ഇന്ത്യൻ ടീം
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ വ്യക്തിഗത സ്കോറാണ് ഈ ഇന്നിംഗ്സിലൂടെ മുൾഡർ നേടിയത്. ഒന്നാമത് ലാറ. ഇംഗ്ലണ്ടിനെതിരെ 2004ലാണ് ലാറ 400 എന്ന മാജിക് സംഖ്യയിലെത്തിയത്. രണ്ടാം സ്ഥാനത്ത് 380 റൺസുമായി ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡനാണ്. സിംബാബ്‌വെയ്ക്കെതിരെ 2003ലായിരുന്നു താരത്തിൻ്റെ പ്രകടനം. 1994ൽ ഇംഗ്ലണ്ടിനെതിരെ 375 റൺസ് നേടിയ ലാറ തന്നെയാണ് പട്ടികയിൽ മൂന്നാമത്. 2006ൽ ദക്ഷിണാഫ്രിക്കക്കെതിരെ 374 റൺസ് നേടിയ ശ്രീലങ്കൻ താരം മഹേല ജയവർധനയ്ക്ക് പിന്നിലാണ് മുൾഡർ.
വേഗതയേറിയ ട്രിപ്പിൾ സെഞ്ചുറിപ്പട്ടികയിൽ മുൾഡർ രണ്ടാം സ്ഥാനത്താണ്. 2007ൽ ദക്ഷിണാഫ്രിക്കക്കെതിരെ 278 പന്തിൽ ട്രിപ്പിൾ സെഞ്ചുറി തികച്ച ഇന്ത്യൻ താരം വീരേന്ദർ സേവാഗാണ് പട്ടികയിൽ ഒന്നാമത്. 297 പന്തുകളിൽ നിന്ന് ഈ നേട്ടം കുറിച്ച മുൾഡർ രണ്ടാമതെത്തി.