സഞ്ജുവും കൂട്ടരും കത്തിക്കയറുമ്പോൾ വൈഭവിന് എങ്ങനെ അവസരം കിട്ടും? കണക്കുകൾ നിരത്തി ആകാശ് ചോപ്ര
Sanju Samson, Ishan Kishan and Abhishek Sharma Dominate T20s: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവര്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ വൈഭവ് കാത്തിരിക്കേണ്ടി വരുമെന്ന് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു. നിലവില്‍ ഇവരില്‍ ആര്‍ക്കും പകരമായി വൈഭവിനെ പരിഗണിക്കാനാകില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ ചൂണ്ടിക്കാട്ടി.

Sanju Samson, Abhishek Sharma, Ishan Kishan and Vaibhav Sooryavanshi
വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരെണ്ണത്തില്‍ പോലും വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവര്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ വൈഭവ് കാത്തിരിക്കേണ്ടി വരുമെന്ന് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു. നിലവില്‍ ഇവരില്‍ ആര്‍ക്കും പകരമായി വൈഭവിനെ പരിഗണിക്കാനാകില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ ചൂണ്ടിക്കാട്ടി. വൈഭവിനെ പുറത്തിരുത്തിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു ആകാശ് ചോപ്ര.
വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കാത്തത്, തിലക് വര്‍മ്മ ടീമില്‍ തുടരുന്നത് എന്ത് അടിസ്ഥാനത്തിലാണ് തുടങ്ങി ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ചോപ്ര കൃത്യമായി ഉത്തരം നല്‍കി. “വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാത്തത് എന്തുകൊണ്ട്? 10 മത്സരങ്ങളില്‍ ഒന്നില്‍ മാത്രം മികച്ച പ്രകടനം പുറത്തെടുക്കുന്ന തിലക് വര്‍മ്മ എന്തിനാണ് ഈ ടീമില്‍ തുടരുന്നത്?’എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
ആ പറയുന്നത് ശരിയല്ല!
തിലക് വര്‍മ്മ പെര്‍ഫോം ചെയ്യുന്നേയില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. തിലക് വര്‍മ്മ മൂന്നാം നമ്പറില്‍ കളിച്ചപ്പോള്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു.ലോകകപ്പിന് തൊട്ടുമുമ്പ് അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും, ലോകകപ്പിന്റെ തുടക്കം മോശമാവുകയും ചെയ്തു.
എന്നാല്‍ അതിനുശേഷം ഫിനിഷറുടെ റോളിലേക്ക് മാറിയപ്പോള്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ്, ഏഷ്യ കപ്പ് എന്നിവയിലൊക്കെ അദ്ദേഹം മധ്യനിരയിലും ലോവര്‍ മിഡിലിലും മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. അതിനാല്‍ തിലക് വര്‍മ്മയ്ക്ക് നേരെ മാത്രം കുന്തമുന തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: Sanju Samson: തലൈവർക്കായി സഞ്ജുവിന്റെ സ്പെഷ്യൽ ഷോ; ജയിലർ 2 കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്തു
എന്തുകൊണ്ട് വൈഭവ് കളിക്കുന്നില്ല?
വൈഭവിന് ടീമില്‍ സ്ഥാനം കണ്ടെത്താന്‍ സാധിക്കാത്തതിന് പ്രധാന കാരണം ടീമില്‍ നിലവില്‍ ഒഴിവില്ലാത്തതാണെന്ന് ആകാശ് ചോപ്ര കണക്കുകള്‍ നിരത്തി വ്യക്തമാക്കി. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നീ മൂന്ന് താരങ്ങളുടെ സ്ഥാനത്തേക്ക് മാത്രമേ വൈഭവിന് കളിക്കാന്‍ സാധിക്കൂ. കഴിഞ്ഞ 20 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് സഞ്ജുവാണ്. മികച്ച ആവറേജും സഞ്ജുവിനുണ്ട്.
ഇഷാന്‍ കിഷനാണ് മികച്ച ശരാശരിയുള്ളത്. ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരം അഭിഷേക് ശര്‍മയാണ്. ഈ മൂന്ന് താരങ്ങള്‍ മികച്ച രീതിയില്‍ കളിക്കുമ്പോള്‍ ആരെയെങ്കിലും ഒഴിവാക്കി മറ്റൊരു താരത്തെ കളിപ്പിക്കുക ബുദ്ധിമുട്ടാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
ആകാശ് ചോപ്ര പങ്കുവെച്ച കഴിഞ്ഞ 20 മത്സരങ്ങളിലെ കണക്കുകള്‍:
| താരം | റണ്‍സ് | സെഞ്ചുറി, അര്‍ധ സെഞ്ചുറി | ആവറേജ് | സ്‌ട്രൈക്ക് റേറ്റ് |
| സഞ്ജു സാംസണ്‍ | 657 | ഏഴ് അര്‍ധ സെഞ്ചുറി | 34.57 | 183.51 |
| ഇഷാന്‍ കിഷന്‍ | 625 | മൂന്ന് അര്‍ധ സെഞ്ചുറി | 36.76 | 152.06 |
| അഭിഷേക് ശര്‍മ | 584 | നാല് അര്‍ധ സെഞ്ചുറി, ഒരു സെഞ്ചുറി | 29.2 | 200 |
വീഡിയോ കാണാം:
ആകാശ് ചോപ്രയുടെ നിര്‍ദ്ദേശം:
വൈഭവ് അടക്കം ഈ നാലുപേരെയും കളിപ്പിക്കണമെങ്കില്‍ റൊട്ടേഷന്‍ രീതി പിന്തുടരണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കെതിരെയുള്ള പരമ്പരകളില്‍ ഈ നാല് താരങ്ങളെയും (സഞ്ജു, ഇഷാൻ, അഭിഷേക്, വൈഭവ്) റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കളിപ്പിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്. ഇനി വൈഭവിനെ കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, അദ്ദേഹത്തെ വെറുതെ ബെഞ്ചിലിരുത്താതെ പോയി രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്നും ആകാശ ചോപ്ര വ്യക്തമാക്കി.
English Summary
Akash Chopra analyzed why Vaibhav Sooryavanshi is not getting into India’s T20 playing XI. He explained that exceptional performances by top-order players like Sanju Samson, Ishan Kishan, and Abhishek Sharma currently block new entries. Chopra defended Tilak Varma against criticism, highlighting his consistency and strong contributions in the lower-middle order.