Sanju Samson: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരുമോ; ഐപിഎൽ ലേലത്തീയതി പുറത്ത്
Sanju Samsons And Rajasthan Royals: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരുമോ എന്ന് ഉടനറിയാം. ഐപിഎൽ അടുത്ത സീസണിലേക്കുള്ള ലേലത്തീയതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സഞ്ജു സാംസൺ
വരുന്ന ഐപിഎൽ സീസണിലെ റിട്ടൻഷനുകൾക്കുള്ള അവസാന തീയതി നവംബർ 15 എന്ന് റിപ്പോർട്ട്. ഡിസംബർ മൂന്നാം വാരം ലേലം നടക്കുമെന്നാണ് വിവരം. അതുകൊണ്ട് തന്നെ മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരുമോ എന്ന് നവംബർ 15ന് അറിയാൻ കഴിഞ്ഞേക്കും.
ഡിസംബർ 13-15 തീയതികളിൽ ലേലം നടക്കുമെന്നാണ് സൂചനകൾ. ഇന്ത്യയിലാണോ വിദേശത്താണോ വേദിയെന്ന് വ്യക്തമല്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ദുബായിലും ജിദ്ദയിലുമായാണ് ഐപിഎൽ ലേലങ്ങൾ നടന്നത്.
Also Read: Sanju Samson: സഞ്ജു സാംസണ് പിന്നിൽ അണിനിരന്ന് മുൻതാരങ്ങൾ; താരത്തെ ഒഴിവാക്കിയത് തെറ്റായ തീരുമാനം
നവംബർ 15ന് മുൻപ് തന്നെ നിലനിർത്താനാഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക ഫൈനലൈസ് ചെയ്യണം. മിനി ലേലം ആയതുകൊണ്ട് തന്നെ ടീമുകളിൽ കാര്യമായ മാറ്റങ്ങളുണ്ടാവാനിടയില്ല. രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും ടീമുകളിൽ മാറ്റം വരുത്തുമെന്ന് സൂചനയുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്ന് നിരവധി താരങ്ങളെ റിലീസ് ചെയ്തേക്കും. ദീപക് ഹൂഡ, വിജയ് ശങ്കർ, രാഹുൽ ത്രിപാഠി, സാം കറൻ, ഡെവോൺ കോൺവേ എന്നിവരെ റിലീസ് ചെയ്യുമെന്നാണ് വിവരം. ആർ അശ്വിൻ വിരമിക്കുകയും ചെയ്തു. അശ്വിൻ്റെ 9.75 കോടി രൂപ ഇതിനകം ചെന്നൈയുടെ പഴ്സിലുണ്ട്.
രാജസ്ഥാൻ റോയൽസ് പരിഗണിക്കുമ്പോൾ സഞ്ജു സാംസൺ ആണ് റിലീസ് ചെയ്യുന്ന പേരുകളിൽ പ്രധാനപ്പെട്ടത്. മഹീഷ് തീക്ഷണ, വനിന്ദു ഹസരങ്ക, ഫസലുൽ ഹഖ് ഫറൂഖി തുടങ്ങിയവരെയും രാജസ്ഥാൻ റിലീസ് ചെയ്തേക്കും.
ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ലേലത്തിലുണ്ടാവുമെന്നാണ് വിവരം. ഗ്രീനായി പിടിവലി നടന്നേക്കും. രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്താൽ സഞ്ജു സാംസണ് വേണ്ടിയും വിവിധ ഫ്രാഞ്ചൈസികൾ രംഗത്തിറങ്ങും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനായി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നേരത്തെ ഇരു ടീമുകളും സഞ്ജുവിനായി ട്രേഡ് ഡീലിന് ശ്രമിച്ചിരുന്നു.