SRH vs DC: അഭിഷേക് അടിച്ചോടിച്ചു, മലിംഗ എറിഞ്ഞുവീഴ്ത്തി; ഡല്‍ഹിയെ തവിടുപൊടിയാക്കി സണ്‍റൈസേഴ്‌സ്‌

Sunrisers Hyderabad vs Delhi Capitals: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. 243 റണ്‍സ് വിജയലക്ഷ്യം നേടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‌ ക്യാപിറ്റല്‍സിന്‌ സാധിച്ചില്ല. അഭിഷേക് ശര്‍മയുടെ ബാറ്റിങ് മികവും, ഈഷന്‍ മലിംഗയുടെ ബൗളിങ് കരുത്തുമാണ് സണ്‍റൈസേഴ്‌സിന്റെ ജയം അനായാസമാക്കിയത്.

SRH vs DC: അഭിഷേക് അടിച്ചോടിച്ചു, മലിംഗ എറിഞ്ഞുവീഴ്ത്തി; ഡല്‍ഹിയെ തവിടുപൊടിയാക്കി സണ്‍റൈസേഴ്‌സ്‌

എസ്ആർഎച്ച് സഹതാരങ്ങള്‍ക്കൊപ്പം ഈഷന്‍ മലിംഗ

Updated On: 

21 Apr 2026 | 11:34 PM

ഹൈദരാബാദ്: അഭിഷേക് ശര്‍മയുടെ ബാറ്റിങ് മികവിന്റെയും, ഈഷന്‍ മലിംഗയുടെ ബൗളിങ് കരുത്തിന്റെയും പിന്‍ബലത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 47 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 243 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 195 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 20 ഓവറില്‍ രണ്ട് വിക്കറ്റിന് 242, ഡല്‍ഹി ക്യാപിറ്റല്‍സ്: 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 195.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കു വേണ്ടി 30 പന്തില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയ്ക്കും, 28 പന്തില്‍ 41 റണ്‍സെടുത്ത സമീര്‍ റിസ്വിക്കും മാത്രമേ പോരാടാന്‍ സാധിച്ചുള്ളൂ. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ പഥും നിസങ്കയെ ഡല്‍ഹിക്ക് നഷ്ടമായി. ആറു പന്തില്‍ എട്ടു റണ്‍സെടുത്ത നിസങ്കയെ, അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള ദില്‍ഷന്‍ മധുശങ്കയാണ് പുറത്താക്കിയത്.

രക്ഷാപ്രവര്‍ത്തനവും കൂട്ടത്തകര്‍ച്ചയും

രണ്ടാം വിക്കറ്റില്‍ കെഎല്‍ രാഹുലും, റാണയും ഡല്‍ഹിയെ കരകയറ്റാന്‍ ശ്രമിച്ചു. 86 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും കെട്ടിപ്പൊക്കിയത്. ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡ് 100 കടന്നതിന് തൊട്ടുപിന്നാലെ രാഹുലിനെ നഷ്ടമായി. 23 പന്തില്‍ 37 റണ്‍സെടുത്ത രാഹുലിനെ സാക്കിബ് ഹുസൈന്റെ പന്തില്‍ അഭിഷേക് ശര്‍മ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

രാഹുലിന്റെ വിക്കറ്റിന് പിന്നാലെ ഡല്‍ഹി കൂട്ടത്തകര്‍ച്ച നേരിട്ടു. പത്താം ഓവറിലാണ് രാഹുല്‍ പുറത്തായത്. 11-ാം ഓവറില്‍ നിതീഷ് റാണയെ പുറത്താക്കി ഈഷന്‍ മലിംഗ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. അതേ ഓവറില്‍ തന്നെ ഡേവിഡ് മില്ലറെ ഗോള്‍ഡന്‍ ഡക്കാക്കി മലിംഗ ഡല്‍ഹിയെ പ്രതിരോധത്തിലേക്ക് തള്ളിയിട്ടു.

11-ാം ഓവറിലെ വിക്കറ്റുകള്‍

ഡല്‍ഹിയുടെ പ്രതീക്ഷയായിരുന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും വീഴ്ത്തിയത് മലിംഗയായിരുന്നു. 16 പന്തില്‍ 27 റണ്‍സാണ് സ്റ്റബ്‌സ് നേടിയത്. തന്റെ അവസാന പന്തില്‍ ഇമ്പാക്ട് പ്ലയറായെത്തിയ അശുതോഷ് ശര്‍മയെയും പുറത്താക്കിയാണ് മലിംഗ സ്‌പെല്‍ പൂര്‍ത്തിയാക്കിയത്. 10 പന്തില്‍ 14 റണ്‍സായിരുന്നു അശുതോഷിന്റെ സമ്പാദ്യം. നാലോവറില്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മലിംഗ നാലു വിക്കറ്റുകള്‍ പിഴുതത്.

20-ാം ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് ഹാര്‍ഷ് ദുബെ സ്വന്തമാക്കിയത്. റിസ്വി, അക്‌സര്‍ പട്ടേല്‍-മൂന്ന് പന്തില്‍ രണ്ട്, ലുങ്കി എന്‍ഗിഡി-ഗോള്‍ഡന്‍ ഡക്ക് എന്നിവരാണ് അവസാന ഓവറില്‍ ദുബെയ്ക്ക് വിക്കറ്റുകള്‍ സമ്മാനിച്ചത്. കുല്‍ദീപ് യാദവ് റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

Also Read: Salman Nizar: മാത്രെയ്ക്ക് പകരമായി സല്‍മാന്‍ നിസാറിനെ ഉള്‍പ്പെടുത്തൂ; ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ആരാധകര്‍

അഭിഷേകിന്റെ സെഞ്ചുറി അഭിഷേകം

അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പുറത്താകാതെ 68 പന്തില്‍ 135 റണ്‍സാണ് അഭിഷേക് നേടിയത്. 10 വീതം ഫോറും സിക്‌സറും താരം പായിച്ചു. ക്രീസിലെത്തിയ നാലു സണ്‍റൈസേഴ്‌സ് ബാറ്റര്‍മാരും ടീമിനായി കാര്യമായ സംഭാവനകള്‍ നല്‍കി.

അഭിഷേക് ശര്‍മ-ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം 8.5 ഓവറില്‍ 97 റണ്‍സാണ് സണ്‍റൈസേഴ്‌സിന്റെ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍ ഇവരെ സെഞ്ചുറി കൂട്ടുക്കെട്ട് സൃഷ്ടിക്കാന്‍ അനുവദിക്കാതെ ഡല്‍ഹിയുടെ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ഹെഡിനെ പുറത്താക്കി. 26 പന്തില്‍ 37 റണ്‍സാണ് ഹെഡ് നേടിയത്.

വണ്‍ ഡൗണായി ക്രീസിലെത്തിയ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും, തകര്‍പ്പനടിക്കുള്ള മൂഡിലായിരുന്നു. എന്നാല്‍ 13 പന്തില്‍ 25 റണ്‍സെടുത്ത് ഫുള്‍ ഫ്‌ളോയിലായിരുന്ന കിഷന്‍ നിര്‍ഭാഗ്യകരമായ ഒരു റണ്ണൗട്ടില്‍ പുറത്തായി.

വിന്റേജ് ക്ലാസണ്‍

പിന്നാലെയായിരുന്നു ഹെയിന്റിച്ച് ക്ലാസന്റെ വരവ്. എല്ലാ മത്സരങ്ങളിലും നന്നായി സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കിലും, മുന്‍ സീസണുകളിലെ പോലെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ തനിക്ക് ബാറ്റു ചെയ്യാനാകുന്നില്ലെന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതായിരുന്നു ക്ലാസന്റെ പ്രകടനം. വിന്റേത് ക്ലാസനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ താരം തകര്‍പ്പനടികളുമായി കളം നിറഞ്ഞു. 13 പന്തില്‍ 37 റണ്‍സ് നേടിയ ക്ലാസണ്‍ അഭിഷേകിനൊപ്പം പുറത്താകാതെ നിന്നു.

Follow Us
പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?
കുക്കറിൽ നിന്ന് വെള്ളം ചീറ്റുന്നോ? ഈ ട്രിക്ക് പരീക്ഷിക്കൂ
കാസറോളില്‍ ചപ്പാത്തി വെച്ച് കുഴപ്പത്തിലാകല്ലേ! ഇതൊന്ന് നോക്കൂ
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്