Kerala vs Tripura: ഏഴാമനായി സഞ്ജു, തകര്‍ത്തടിച്ച് സല്‍മാന്‍; ത്രിപുരയെ തീര്‍ത്ത് കേരളം
Kerala Chase Down 122 in 13 Overs Against Tripura in Syed Mushtaq Ali Trophy: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കേരളം. 122 റണ്‍സ് വിജയലക്ഷ്യം ഏഴോവര്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: ത്രിപുര 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 121, കേരളം 13 ഓവറില്‍ അഞ്ച് വിക്കറ്റിന് 123. പുറത്താകാതെ 29 പന്തില്‍ 51 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണ്‍-ഫയല്‍ ചിത്രം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കേരളം. 122 റണ്‍സ് വിജയലക്ഷ്യം ഏഴോവര്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: ത്രിപുര 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 121, കേരളം 13 ഓവറില്‍ അഞ്ച് വിക്കറ്റിന് 123. പുറത്താകാതെ 29 പന്തില്‍ 51 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാര്‍ക്ക് അവസരം നല്‍കുന്നതിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഏഴാമനായാണ് ബാറ്റിങിന് ഇറങ്ങിയത്. സല്‍മാനൊപ്പം, മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി സഞ്ജുവും പുറത്താകാതെ നിന്നു.
രോഹന്‍ കുന്നുമ്മലും ഗോവിന്ദ് പൈയുമാണ് കേരളത്തിനായി ഓപ്പണ്‍ ചെയ്തത്. തരക്കേടില്ലാത്ത തുടക്കം ഇരുവരും കേരളത്തിന് നല്‍കി. 10 പന്തില്‍ 17 റണ്‍സെടുത്ത ഗോവിന്ദിന്റെ വിക്കറ്റ് മൂന്നാം ഓവറിലെ നാലാം പന്തില്‍ കേരളത്തിന് നഷ്ടമായി. ഗോവിന്ദ് പുറത്തായതിന് പിന്നാലെ വണ്‍ ഡൗണായെത്തിയ സല്‍മാന്‍ നിസാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മികച്ച ഫോമിലായിരുന്ന രോഹനെ (22 പന്തില്‍ 38) എട്ടാം ഓവറില്‍ സന്ദീപ് സര്‍ക്കാര്‍ വീഴ്ത്തി.
രോഹന് ശേഷം ക്രീസിലെത്തിയ വിഷ്ണു വിനോദ് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. രണ്ട് പന്തില്‍ ഒരു റണ്‍സെടുക്കാനെ വിഷ്ണുവിന് സാധിച്ചുള്ളൂ. അബ്ദുല്‍ ബാസിത്ത് (ഏഴു പന്തില്‍ എട്ട്), ഷറഫുദ്ദീന്‍ (ആറു പന്തില്‍ രണ്ട്) എന്നിവരും മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.
ബൗളിങില്‍ തിളങ്ങി കേരളം
ടോസ് നേടിയ ത്രിപുര ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ എംഡി നിധീഷ് പേസര്‍ എംഡി നിധീഷ് ത്രിപുരയ്ക്ക് പ്രഹരം ഏല്‍പിച്ചു. മൂന്ന് പന്തില്‍ നാലു റണ്‍സെടുത്ത ഓപ്പണര്‍ അര്‍ക്കപ്രഭ അശോക് സിന്‍ഹയെയാണ് നിധീഷ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ത്രിപുരയുടെ മറ്റൊരു ഓപ്പണറായ തന്‍മയ് ഹരന്‍ ദാസിനെ കെഎം ആസിഫും വീഴ്ത്തി. ആറു പന്തില്‍ ഒരു റണ്‍സാണ് തന്‍മയ് നേടിയത്.
വണ്‍ ഡൗണായി ക്രീസിലെത്തിയ ശ്രീധം പോള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മറ്റ് ബാറ്റര്‍മാരുടെ പിന്തുണ ലഭിച്ചില്ല. നാലാമനായ മന്ദീപ് സിങിനെ റണ്‍സെടുക്കും മുമ്പേ ബിജു നാരായണന്‍ വീഴ്ത്തി. തുടര്‍ന്ന് കാര്‍ത്തിക് ബി നായര്‍ ത്രിപുരയ്ക്ക് ഇരട്ടപ്രഹരം സമ്മാനിച്ചു. മന്ദീപിന് പിന്നാലെ ബിക്രംജിത്ത് ഭജന്‍ ദേബ്‌നാഥ് (എട്ടു പന്തില്‍ 6), അരിന്ദം ബാപി ബര്‍മന്‍ (11 പന്തില്‍ 10) എന്നിവരെ കാര്‍ത്തിക് പുറത്താക്കി.
Also Read: IPL 2027: താരലേലത്തില്‍ തിളങ്ങുമോ മലയാളി താരങ്ങള്‍; 2018 ആവര്‍ത്തിക്കാന്‍ എംഡി നിധീഷ്
ഇതോടെ ഒമ്പതോവറില്‍ അഞ്ച് വിക്കറ്റിന് 47 എന്ന നിലയില്‍ ത്രിപുര തകര്‍ന്നടിഞ്ഞു. ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മണിശങ്കര്‍ മുരാസിങിനൊപ്പം ചേര്‍ന്ന് ശ്രീധം പോള്‍ നടത്തിയ ചെറിയ പോരാട്ടമാണ് ത്രിപുരയ്ക്ക് അല്‍പം ആശ്വാസം പകര്‍ന്നത്. 32 പന്തില്‍ 41 റണ്‍സെടുത്ത ശ്രീധമാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍. അബ്ദുല്‍ ബാസിത്താണ് ശ്രീധമിന്റെ വിക്കറ്റ് സ്വന്തമാക്കിയത്.
ശ്രീധം പുറത്തായതിന് പിന്നാലെ ത്രിപുരയുടെ കൂട്ടത്തകര്‍ച്ച വീണ്ടും ആരംഭിച്ചു. തുടര്‍ന്ന് ക്രീസിലെത്തി ദന്‍വീര്‍ സിങിനെ (16 പന്തില്‍ 20) ആസിഫ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. വാലറ്റത്തെ ബാറ്റര്‍മാരായ അഭിജിത്ത് സര്‍ക്കാരിനെയും (മൂന്ന് പന്തില്‍ രണ്ട്), സന്ദീപ് സമീര്‍ സര്‍ക്കാരിനെയും (രണ്ട് പന്തില്‍ പൂജ്യം) ഷറഫുദ്ദീന്‍ വീഴ്ത്തി. മണിശങ്കര്‍ മുരാസിങും (31 പന്തില്‍ 31), ചിരഞ്ജിത് പോളും (0) പുറത്താകാതെ നിന്നു.
കേരളത്തിന് വേണ്ടി കെഎം ആസിഫും, കാര്‍ത്തിക് ബി നായരും, ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതവും, എംഡി നിധീഷും, ബിജു നാരായണനും, അബ്ദുല്‍ ബാസിത്തും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം വിജയമാണിത്. നേരത്തെ മഹാരാഷ്ട്രയെയും കേരളം തോല്‍പിച്ചിരുന്നു. മധ്യപ്രദേശിനോടും, ആന്ധ്രയോടും തോറ്റു.
English Summary
Kerala defeated Tripura by five wickets in the Syed Mushtaq Ali Trophy. Chasing a target of 122, Kerala secured victory in just 13 overs. Salman Nizar starred for Kerala with an unbeaten 51 off 29 balls. Captain Sanju Samson batted at number seven to give other batters a chance.