India vs Zimbabwe: ഈ പ്ലേയിങ് ഇലവന്‍ പൊളിച്ചു; അടിയെന്ന് പറഞ്ഞാല്‍ ഒന്നൊന്നരയടി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
India scored 256 runs against Zimbabwe: സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ അടിച്ചുകൂട്ടിയത് 256 റണ്‍സ്. ഒരിടവേളയ്ക്ക് ശേഷം ഫോമിലേക്ക് തിരികെയെത്തിയ അഭിഷേക് ശര്‍മയാണ് ടോപ് സ്‌കോറര്‍.
ചെന്നൈ: ടി20 ലോകകപ്പില്‍ ഇതാദ്യമായി ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം ഇന്ത്യയ്ക്കായി തകര്‍ത്താടിയപ്പോള്‍, സിംബാബ്‌വെയ്‌ക്കെതിരെ ‘മെന്‍ ഇന്‍ ബ്ലൂ’ അടിച്ചുകൂട്ടിയത് 256 റണ്‍സ്. ഒരിടവേളയ്ക്ക് ശേഷം ഫോമിലേക്ക് തിരികെയെത്തിയ അഭിഷേക് ശര്‍മയാണ് ടോപ് സ്‌കോറര്‍. താരം 30 പന്തില്‍ 55 റണ്‍സെടുത്തു. പ്ലേയിങ് ഇലവന്‍ പൊളിച്ചെഴുതിയാണ് ഇന്ത്യ സിംബാബ്‌വെയെ നേരിട്ടത്. ഈ പരീക്ഷണം വിജയമായി.
വാഷിങ്ടണ്‍ സുന്ദറിന് പകരം വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും, റിങ്കു സിങിന് പകരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിലെത്തി. ഓപ്പണര്‍മാരായ സഞ്ജുവും അഭിഷേകും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തിയ സഞ്ജു ഇന്ത്യന്‍ ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്.
രണ്ട് സിക്‌സറുകളുടെയും, ഒരു ഫോറിന്റെയും അകമ്പടിയോടെ താരം 15 പന്തില്‍ 24 റണ്‍സെടുത്തു. ബ്ലെസിങ് മുസറബാനിയെ സിക്‌സിന് പായിക്കാനുള്ള ശ്രമത്തില്‍ പാളിയാണ് സഞ്ജു പുറത്തായത്. വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനും തകര്‍ത്തടിച്ചു. താരം 24 പന്തില്‍ 38 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്-13 പന്തില്‍ 33, ഹാര്‍ദ്ദിക് പാണ്ഡ്യ-23 പന്തില്‍ 50, തിലക് വര്‍മ-16 പന്തില്‍ 44 എന്നിവരും ഒട്ടും മോശമാക്കിയില്ല. മോശം ഫോമിലുള്ള തിലകിനും ഈ മത്സരം ഫോമിലേക്ക് തിരികെയെത്താനുള്ള അവസരമായി. ആറാമതാണ് തിലക് ബാറ്റു ചെയ്തത്. ഇന്ത്യയുടെ എല്ലാ ബാറ്റര്‍മാരും 150 സ്‌ട്രൈക്ക് റേറ്റിന് മുകളില്‍ ബാറ്റു ചെയ്തു.
സിംബാബ്‌വെയ്ക്കു വേണ്ടി റിച്ചാര്‍ഡ് എന്‍ഗ്രാവ, ബ്ലെസിങ് മുസറബാനി, ടിനോടെൻഡ മപോസ, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.