U19 Cricket World Cup: ബംഗ്ലാദേശിനെ തുരത്തിയോടിച്ച് ഇന്ത്യന്‍ കൗമാരപ്പട; ആവേശപ്പോരാട്ടത്തില്‍ 18 റണ്‍സ് വിജയം
U19 Cricket World Cup India Vs Bangladesh Match Result: അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യയുടെ കൗമാരപ്പട. 18 റണ്‍സിനാണ് ജയം. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 28.3 ഓവറില്‍ 146 റണ്‍സിന് പുറത്തായി.
ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യയുടെ കൗമാരപ്പട. 18 റണ്‍സിനാണ് ജയം. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 28.3 ഓവറില്‍ 146 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 48.3 ഓവറില്‍ 238 റണ്‍സാണ് എടുത്തത്. മഴ മൂലം കളി തടസപ്പെട്ടതിനാല്‍ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 29 ഓവറില്‍ 165 ആയി പുനര്‍ നിശ്ചയിക്കുകയായിരുന്നു.
നാല് വിക്കറ്റെടുത്ത വിഹാന്‍ മനോജ് മല്‍ഹോത്രയുടെ ബൗളിങ് മികവിന് മുന്നില്‍ ബംഗ്ലാദേശിന് പിടിച്ചുനില്‍ക്കാനായില്ല. ഖിലന്‍ പട്ടേല്‍ രണ്ടും, ദീപേഷ് ദേവേന്ദ്രന്‍, ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 72 പന്തില്‍ 51 റണ്‍സെടുത്ത അസിസുല്‍ ഹഖിം തമീമിന് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്.
വൈഭവ് സൂര്യവംശിയുടെയും, അഭിഗ്യാന്‍ അഭിഷേക് കുന്ദുവിന്റെയും ബാറ്റിങ് മികവാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 112 പന്തില്‍ 80 റണ്‍സെടുത്ത അഭിഗ്യാന്‍ അഭിഷേക് കുന്ദുവാണ് ടോപ് സ്‌കോറര്‍. ഫോമിലേക്ക് തിരികെയെത്തിയ വൈഭവ് സൂര്യവംശി 67 പന്തില്‍ 72 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.
ക്യാപ്റ്റന്‍ ആയുഷ് മാത്രെ വീണ്ടും നിരാശപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. വൈഭവിനും, അഭിഗ്യാനും പുറമെ കനിഷ്‌ക് ചൗഹാനും, ദീപേഷ് ദേവേന്ദ്രനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. കനിഷ്‌ക് ചൗഹാന്‍ 26 പന്തില്‍ 28 റണ്‍സെടുത്തു. ദീപേഷ് ദേവേന്ദ്രന്‍ ആറു പന്തില്‍ 11 റണ്‍സെടുത്തു.
മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍ ഇങ്ങനെ: ആയുഷ് മാത്രെ-12 പന്തില്‍ 6, വേദാന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദി-ഗോള്‍ഡന്‍ ഡക്ക്, വിഹാന്‍ മനോജ് മല്‍ഹോത്ര-24 പന്തില്‍ ഏഴ്, ഹര്‍വന്‍ഷ് പങ്കാലിയ-ഏഴ് പന്തില്‍ രണ്ട്, ആംബ്രിഷ് ആര്‍എസ്-12 പന്തില്‍ അഞ്ച്, ഖിലന്‍ പട്ടേല്‍-15 പന്തില്‍ എട്ട്, ഹെനില്‍ പട്ടേല്‍-12 പന്തില്‍ ഏഴ് നോട്ടൗട്ട്.
അഞ്ച് വിക്കറ്റെടുത്ത അല്‍ ഫഹദിന്റെ ബൗളിങ് മികവാണ് ബംഗ്ലാദേശിന് തുണയായത്. മുഹമ്മദ് ഇഖ്ബാല്‍ ഹസന്‍ ഇമോനും, അസിസുല്‍ ഹഖിം തമിമും രണ്ട് വിക്കറ്റ് വീതവും, പര്‍വേസ് റഹ്‌മാന്‍ ജിബോന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.