WPL 2026: തുടർച്ചയായ നാലാം ജയവുമായി ബെംഗളൂരു; മൂന്നാം പരാജയത്തിലേക്ക് വീണ് ഡൽഹി
RCB Wins Against DC: വനിതാ പ്രീമിയർ ലീഗിൽ തുടരെ നാലാം ജയവുമായി ആർസിബി. ഡൽഹി ക്യാപിറ്റൽസിനെയാണ് കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു തോല്പിച്ചത്.
വനിതാ പ്രീമിയർ ലീഗിൽ പരാജയമറിയാതെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നാലാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തകർത്ത ബെംഗളൂരു ഇതോടെ പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഡൽഹി മുന്നോട്ടുവച്ച 167 റൺസ് വിജയലക്ഷ്യം 19ആം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ആർസിബി മറികടന്നത്.
10 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞ് ഡൽഹിയെ ഷഫാലി വർമ്മയുടെ ഫിഫ്റ്റിയും വാലറ്റത്തിൻ്റെ ചെറുത്തുനിൽപ്പുമാണ് രക്ഷപ്പെടുത്തിയത്. അഞ്ചാം വിക്കറ്റിൽ ഉയർന്ന 59 റൺസ് കൂട്ടുകെട്ടിൽ നികി പ്രസാദിൻ്റെ സംഭാവന വെറും 12 റൺസ്. പിന്നീട് സ്നേഹ് റാണ (22), ലൂസി ഹാമിൽട്ടൺ (36) എന്നിവരും ഷഫാലിക്ക് പിന്തുണ നൽകി. 62 റൺസ് നേടിയാണ് ഷഫാലി പുറത്തായത്. ബെംഗളൂരുവിനായി ലോറൻ ബെൽ, സയാലി സത്ഘരെ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Also Read: Sanju Samson: ടി20 ലോകകപ്പിൽ ആ സ്ഥാനം സഞ്ജു സാംസൺ ഉറപ്പിച്ചു, വെല്ലുവിളി ഒഴിഞ്ഞു
മറുപടി ബാറ്റിംഗിൽ ഗ്രേസ് ഹാരിസിനെ (1) വേഗം നഷ്ടമായെങ്കിലും സ്മൃതി മന്ദനയും ജോർജിയ വോളും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ബെംഗളൂരുവിൻ്റെ ജയം ഉറപ്പിച്ചു. വോളിനെ കാഴ്ചക്കാരിയാക്കി നിർത്തി മന്ദന കത്തിക്കയറിയപ്പോൾ ഡൽഹിയ്ക്ക് മറുപടി ഉണ്ടായില്ല. 142 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. സെഞ്ചുറിക്ക് നാല് റൺസ് അകലെ വച്ച് മന്ദന വീണു. എന്നാൽ ഫിഫ്റ്റി നേടി പുറത്താവാതെ നിന്ന ജോർജിയ വോൾ (54) ബെംഗളൂരുവിൻ്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
വൈകുന്നേരത്തെ മത്സരത്തിൽ യുപി വാരിയേഴ്സ് മുംബൈ ഇന്ത്യൻസിനെ തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത യുപി 188 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ മുംബൈയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.