KCL 2026: കപ്പുമായി കൂട്ടുകാരെത്തി; ആശുപത്രി കിടക്കയില്‍ കിരീടനേട്ടം ആഘോഷിച്ച് ഷോണ്‍ റോജര്‍
Shoun Roger celebrates Kerala Cricket League title win from hospital bed: സഹതാരങ്ങള്‍ തന്നെ കാണാനെത്തിയതിന്റെ ദൃശ്യങ്ങള്‍ ഷോണ്‍ റോജര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തൃശൂര്‍ ടൈറ്റന്‍സ് താരങ്ങളുടെയും, മാനേജ്‌മെന്റിന്റെയും ഈ പ്രവൃത്തിയില്‍ ഷോണ്‍ റോജര്‍ സന്തോഷം പ്രകടിപ്പിക്കുകയും, നന്ദി അറിയിക്കുകയും ചെയ്തു.
കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ മൂന്നിലെ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ, സഹതാരം ഷോണ്‍ റോജറിനൊപ്പം നേട്ടം ആഘോഷിക്കാന്‍ തൃശൂര്‍ ടൈറ്റന്‍സ് താരങ്ങള്‍ ആശുപത്രിയിലെത്തി. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരായ ഫൈനല്‍ മത്സരത്തില്‍ ഫീല്‍ഡിങിനിടെ സഹതാരവുമായി കൂട്ടിയിടിച്ചാണ് റോജറിന് പരിക്കേറ്റത്. തുടര്‍ന്ന് ബോധരഹിതനായ താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുഹമ്മദ് ഇനാനുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്. റോജറിന്റെ ആരോഗ്യനില തൃപ്തികരമാണ്. റോജറിനൊപ്പം നേട്ടം ആഘോഷിക്കാനെത്തിയ താരങ്ങള്‍ ആശുപത്രിക്കിടക്കിയലായിരുന്ന സഹതാരത്തിന് മെഡല്‍ അണിയിക്കുകയും, ട്രോഫി സമ്മാനിക്കുകയും ചെയ്തു.
സഹതാരങ്ങള്‍ തന്നെ കാണാനെത്തിയതിന്റെ ദൃശ്യങ്ങള്‍ ഷോണ്‍ റോജര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തൃശൂര്‍ ടൈറ്റന്‍സ് താരങ്ങളുടെയും, മാനേജ്‌മെന്റിന്റെയും ഈ പ്രവൃത്തിയില്‍ ഷോണ്‍ റോജര്‍ സന്തോഷം പ്രകടിപ്പിക്കുകയും, നന്ദി അറിയിക്കുകയും ചെയ്തു.
വീഡിയോ കാണാം:
View this post on Instagram
“നിറഞ്ഞൊഴുകുന്ന സ്റ്റേഡിയത്തിന് മുന്നിൽ ട്രോഫി ഉയർത്തുക എന്നതായിരുന്നു എന്റെ സ്വപ്നവും ആഗ്രഹവും, പക്ഷേ ദൈവത്തിന് എനിക്ക് വേണ്ടി വ്യത്യസ്തമായ ഒരു പദ്ധതി ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്ന് ആഘോഷിക്കേണ്ട വേദിയിൽ എത്താൻ കഴിയാത്തപ്പോൾ എനിക്ക് ചെറിയൊരു വേദന തോന്നി.
എന്റെ പ്രിയപ്പെട്ട തൃശൂർ ടൈറ്റൻസ് ടീം അംഗങ്ങൾക്കും, പരിശീലകർക്കും, എല്ലാ ഉദ്യോഗസ്ഥർക്കും, പ്രത്യേകിച്ച് ഞങ്ങളുടെ ടീം ഉടമ സാജിദ് സാറിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു.
ഇത്രയും മനോഹരമായ ഒരു ടൂർണമെന്റ് സംഘടിപ്പിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) കെസിഎൽ ടൂർണമെന്റ് സംഘാടകർക്കും ഹൃദയംഗമമായ നന്ദി. എല്ലാ തൃശൂർ ടൈറ്റൻസ് ആരാധകർക്കും, പ്രത്യേകിച്ച് എന്റെ കുടുംബത്തിനും, എന്റെ പരിശീലകർക്കും വളരെ പ്രത്യേക നന്ദി. നിങ്ങളുടെ അനന്തമായ സ്നേഹത്തിനും പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും നന്ദി”, ഷോണ്‍ റോജര്‍ കുറിച്ചു.
പരിക്കേറ്റത് ഇങ്ങനെ
എംഎസ് അഖില്‍ എറിഞ്ഞ പതിമൂന്നാം ഓവറിലായിരുന്നു സംഭവം. അഖില്‍ സ്‌കോറില്‍ ലോങ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച പന്തില്‍ ക്യാച്ചിനായി ശ്രമിക്കുന്നതിനിടെയാണ് സഹതാരവുമായി ഷോണ്‍ റോജര്‍ കൂട്ടിയിടിച്ചത്. ഇതിനിടെ ഇനാന്റെ കാല്‍മുട്ട് ഷോണിന്റെ കഴുത്തിലിടിക്കുകയായിരുന്നു.
തുടര്‍ന്ന് ഗ്രൗണ്ടില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം താരത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷകള്‍ക്കായി പത്ത് മിനിറ്റോളം ഫൈനല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. തൃശൂര്‍ ടൈറ്റന്‍സിന്റെ ഇന്നിങ്‌സില്‍ ഷോണിന് പകരം സഞ്ജീവ് സതീശനാണ് ബാറ്റു ചെയ്യാനെത്തിയത്.