Gautam Gambhir: ‘ഞാനും മനുഷ്യനാണ്, മറ്റുള്ളവരെ പോലെ എനിക്കും തെറ്റ് സംഭവിക്കാം’
Gautam Gambhir Breaks Silence on Rift Rumors with Rohit and Kohli: വിരാട് കോഹ്ലിയുമായും, രോഹിത് ശര്‍മയുമായും ഗൗതം ഗംഭീര്‍ അകല്‍ച്ചയിലാണെന്നുള്ള അഭ്യൂഹങ്ങള്‍ ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. ടെസ്റ്റില്‍ നിന്ന് രോഹിതും, കോഹ്ലിയും വിരമിക്കാന്‍ കാരണമായത് ഗംഭീറാണെന്നും അഭ്യൂഹമുണ്ട്.
സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയുമായും, രോഹിത് ശര്‍മയുമായും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ അകല്‍ച്ചയിലാണെന്നുള്ള അഭ്യൂഹങ്ങള്‍ ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. ടെസ്റ്റില്‍ നിന്ന് രോഹിതും, കോഹ്ലിയും വിരമിക്കാന്‍ കാരണമായത് ഗംഭീറാണെന്നും പ്രചാരണമുണ്ട്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ ഇവര്‍ നിഷേധിക്കുകയോ, തള്ളിക്കളയുകയോ ചെയ്തിട്ടില്ല. ഇപ്പോഴിതാ, കോഹ്ലിയുമായും, രോഹിതുമായും തനിക്ക് അത്ര നല്ല അടുപ്പമില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് ഗംഭീര്‍ രംഗത്തെത്തി.
റെവ്‌സ്‌പോർട്‌സ് ട്രയൽബ്ലേസേഴ്‌സ് കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയാണ് ഗംഭീര്‍ ഇതേക്കുറിച്ച് സൂചന നല്‍കിയത്. താരങ്ങളെ നിങ്ങള്‍ക്കെതിരെ തിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് താങ്കള്‍ പണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ടല്ലോയെന്നായിരുന്നു അവതാരകന്റെ ചോദ്യം.
അത് വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും കുറിച്ചാണെന്ന് വ്യക്തമാണെന്നും, ഹെഡ് കോച്ച് വിരാടിനും രോഹിത്തിനും എതിരാണ് എന്നൊക്കെയുള്ള കമന്റുകളെ എങ്ങനെയാണ് നേരിടുന്നതെന്നും അവതാരകന്‍ ചോദിച്ചു. ഈ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗംഭീര്‍.
Also Read: Chennai Super Kings: സഞ്ജുവും, ദുബെയും മിന്നും ഫോമില്‍; ചെന്നൈയ്ക്ക് ഇത്തവണ ‘ഡബിള്‍ എഞ്ചിന്‍’ പവര്‍
താനും ഒരു മനുഷ്യനാണെന്നും, തനിക്കും മറ്റുള്ളവരെ പോലെ തെറ്റ് പറ്റാമെന്നുമായിരുന്നു ഗംഭീറിന്റെ മറുപടി. കളിക്കാർക്കും തെറ്റുകൾ സംഭവിക്കാം. കഴിഞ്ഞ 18 മാസത്തിനിടയിൽ തനിക്കും തെറ്റുകൾ പറ്റിയിട്ടുണ്ടാകാം. അതിൽ നിന്ന് ഒളിച്ചോടിയിട്ടില്ല. ശരിയായ ഉദ്ദേശ്യത്തോടെ എടുക്കുന്ന തെറ്റായ തീരുമാനം അംഗീകരിക്കാമെന്നാണ് തന്റെ വിശ്വാസം. തെറ്റായ ഉദ്ദേശ്യത്തോടെ എടുക്കുന്ന തെറ്റായ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഗംഭീര്‍ പറഞ്ഞു.
രോഹിതിന്റെയും, വിരാടിന്റെയും കാര്യത്തില്‍ തനിക്ക് തെറ്റുകള്‍ സംഭവിച്ചതായി പരോക്ഷമായി അംഗീകരിക്കുന്ന തരത്തിലായിരുന്നു ഗംഭീറിന്റെ മറുപടിയെന്ന് ആരാധകര്‍ പറയുന്നു.