Chennai Super Kings: സഞ്ജുവും, ദുബെയും മിന്നും ഫോമില്‍; ചെന്നൈയ്ക്ക് ഇത്തവണ ‘ഡബിള്‍ എഞ്ചിന്‍’ പവര്‍
CSK IPL 2026 Preview: ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്‌ക്വാഡില്‍ കാര്യമായ പൊളിച്ചെഴുത്തുകള്‍ നടത്തിയാണ് ചെന്നൈ എത്തുന്നത്. രവീന്ദ്ര ജഡേജയെയും, സാം കറനെയും വിട്ടുകൊടുത്ത്, സഞ്ജു സാംസണെ എത്തിച്ചതാണ് വലിയ മാറ്റം.
കഴിഞ്ഞ തവണ പുറത്തെടുത്തത് നിരാശജനകമായ പ്രകടനമാണെങ്കിലും, ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്‌ക്വാഡില്‍ കാര്യമായ പൊളിച്ചെഴുത്തുകള്‍ നടത്തിയാണ് റുതുരാജ് ഗെയ്ക്‌വാദ് ക്യാപ്റ്റനായ ചെന്നൈ എത്തുന്നത്. രവീന്ദ്ര ജഡേജയെയും, സാം കറനെയും വിട്ടുകൊടുത്ത്, രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണെ എത്തിച്ചതാണ് ഏറ്റവും വലിയ മാറ്റം.
ഈ സീസണ് വേണ്ടി മാത്രമല്ല, ഭാവി മുന്‍നിര്‍ത്തിയുള്ള വന്‍ കരുനീക്കങ്ങളാണ് ചെന്നൈ നടത്തിയത്. കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍ തുടങ്ങിയ യുവതാരങ്ങളെ 14.2 കോടി മുടക്കി ടീമിലെത്തിച്ച് ചെന്നൈ താരലേലത്തില്‍ ഞെട്ടിച്ചിരുന്നു.
ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായ പങ്കുവഹിച്ച സഞ്ജുവിനൊപ്പം, ശിവം ദുബെയും കൂടി ചേരുമ്പോള്‍ ‘ഡബിള്‍ എഞ്ചിന്‍’ പവറാണ് ചെന്നൈയ്ക്ക് ലഭിക്കുന്നത്. ആയുഷ് മാത്രെയും, സഞ്ജുവും ഓപ്പണര്‍മാരാകാനാണ് സാധ്യത. റുതുരാജ് വണ്‍ ഡൗണാകും. ഇമ്പാക്ട് പ്ലയറായി ധോണി കളിച്ചേക്കുമെന്നാണ് സൂചനകള്‍.
Also Read: MS Dhoni: ഇത് സിഎസ്‌കെ കുപ്പായത്തില്‍ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍; പ്രവചനവുമായി മുന്‍ സഹതാരം
വയസന്‍ പട ഇമേജില്‍ നിന്ന് മുക്തി നേടിയാണ് ഇത്തവണ ചെന്നൈയുടെ വരവ്. ചെപ്പോക്കിലെ ടേണിങ് ട്രാക്കുകള്‍ പ്രയോജനപ്പെടുത്താന്‍ മികച്ച സ്പിന്നര്‍മാരെ അണിനിരത്തിയിട്ടുണ്ട്. രാഹുല്‍ ചഹര്‍, നൂര്‍ അഹമ്മദ് എന്നിവരുടെ സ്പിന്‍ മികവ് തുണയാകുമെന്നാണ് പ്രതീക്ഷ.
കിവി ഫാസ്റ്റ് ബൗളർമാരായ മാറ്റ് ഹെൻറി, സാക്ക് ഫോൾക്സ് എന്നിവരെ ഉൾപ്പെടുത്തി പേസ് കരുത്തും ചെന്നൈ വര്‍ധിപ്പിച്ചിരുന്നു. ഇവര്‍ക്കൊപ്പം നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ കൂടി ചേരുമ്പോള്‍ ചെന്നൈയുടെ പേസാക്രമണം വിനാശകരമായേക്കാം. ഹൈ സ്‌കോറിങ് മത്സരങ്ങള്‍ക്ക് അനുയോജ്യമല്ല ചെന്നൈയുടെ ഹോം വേദിയായ ചെപ്പോക്ക്. സഞ്ജുവിന്റെ ഇവിടുത്തെ ട്രാക്ക് റെക്കോഡും മോശമാണ്. എങ്കിലും ഇത്തവണ താരം ചെപ്പോക്കില്‍ തകര്‍ത്തടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ചെന്നൈ സ്‌ക്വാഡ്
- വിക്കറ്റ് കീപ്പർമാർ: എം.എസ്. ധോണി, സഞ്ജു സാംസൺ, കാർത്തിക് ശർമ്മ, ഉർവിൽ പട്ടേൽ.
- ബാറ്റേഴ്സ്: റുതുരാജ് ഗെയ്ക്വാദ്, ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രെ, സർഫറാസ് ഖാൻ.
- ഓൾറൗണ്ടർമാർ: മാത്യു ഷോർട്ട്, ശിവം ദുബെ, ജാമി ഓവർട്ടൺ, അമൻ ഖാൻ, പ്രശാന്ത് വീർ, രാമകൃഷ്ണ ഘോഷ്.
- ഫാസ്റ്റ് ബൗളർമാർ: മാറ്റ് ഹെൻറി, സാക് ഫൗൾക്സ്, അൻഷുൽ കംബോജ്, ഗുർജപ്നീത് സിംഗ്, നഥാൻ എല്ലിസ്, മുകേഷ് ചൗധരി, ഖലീൽ അഹമ്മദ്.
- സ്പിന്നർമാർ: ശ്രേയസ് ഗോപാൽ, രാഹുൽ ചാഹർ, അകേൽ ഹൊസൈൻ, നൂർ അഹമ്മദ്.
സാധ്യതാ പ്ലേയിങ് ഇലവന്‍
ആയുഷ് മാത്രെ, സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്വാദ്, ഡെവാൾഡ് ബ്രെവിസ്, മാത്യു ഷോർട്ട്, ശിവം ദുബെ, എംഎസ് ധോണി, പ്രശാന്ത് വീർ, നൂർ അഹമ്മദ്, നഥാൻ എല്ലിസ്, ഖലീൽ അഹമ്മദ്.