FIFA Club World Cup 2025 : സോഔ പെഡ്രോയുടെ ഇരട്ട ഗോൾ; ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
FIFA Club World Cup 2025 Semi Final : ബ്രസീലിയൻ ക്ലബ് ഫ്ലുമിനൻസിനെ തകർത്താണ് ചെൽസി ഫൈനലിൽ പ്രവേശിച്ചത്. ഗോൾ നേടിയ പെഡ്രോയുടെ ബാലകാല ക്ലബാണ് ഫ്ലമിനൻസ്.

Joao Pedro
ന്യൂയോർക്ക് : ക്ലബ് ഫുട്ബോൾ ലോകകപ്പിൻ്റെ ഫൈനലിൽ പ്രവേശിച്ച് ഇംഗ്ലീഷ് ക്ലബ് ചെൽസി. ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ചെൽസി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്. ചെൽസി പുതുതായി സൈൻ ചെയ്ത ഫ്ലുമിനൻസിൻ്റെ മുൻ താരം സോഔ പെട്രോയാണ് വിജയ ഗോളുകൾ നേടിയത്. ചെൽസിക്കായി സോഔ പെട്രോ ഇത് രണ്ടാം തവണയാണ് ബൂട്ട് അണിയുന്നത്.
മത്സരം തുടങ്ങി 18-ാം മിനിറ്റിൽ ആദ്യ ഗോൾ വീണു. ചെൽസിയുടെ പെഡ്രോ നെറ്റോ ഇടത് വിങ്ങിൽ നിന്നും പാസ് നൽകിയെങ്കിലും തിയാഗോ സിൽവ അത് ക്ലിയർ ചെയ്തു. പക്ഷെ പന്ത് നേരെ ചെന്നത് ബോക്സിൻ്റെ ഇടത് ഭാഗത്ത് പുറത്തുണ്ടായിരുന്നു സോഔ പെട്രോയുടെ കാലിലേക്ക്. പെട്രോ അവിടെ നിന്നും പന്ത് പായിച്ച് പോസ്റ്റിൻ്റെ വലത് കോർണറിൽ എത്തിച്ച് ഗോളാക്കി. ശേഷം ചെൽസിയുടെ പ്രതിരോധ താരം ട്രെവോ ഷലബായുടെ കൈയ്യിൽ പന്ത് തട്ടിയപ്പോൾ ഫ്ലുമെനൻസിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. പക്ഷേ വാറിലൂടെ ആ തീരുമാനം മറികടക്കുകയും ചെയ്തു. ശേഷം 1-0ത്തിന് ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിറ്റികൾക്ക് ശേഷമാണ് രണ്ടാമത്തെ ഗോൾ പിറന്നത്. ചെൽസിയുടെ ഗോൾ മുഖത്ത് നിന്നുമാരംഭിച്ച ആക്രമണം അവസാനം പെഡ്രോയുടെ കാലിലൂടെ ഗോളായി മാറി. ചെൽസി നായകനും അർജൻ്റീനിയൻ താരവുമായ എൻസോ ഫെർണാണ്ടസ് ഇടത് വിങ്ങിലേക്ക് നീട്ടി നൽകി ത്രൂ പാസ് സ്വീകരിച്ച് ബ്രസീലയൻ താരം ഗോളാക്കി മാറ്റുകയായിരുന്നു.
ഇന്ന് അർധരാത്രിയാണ് ക്ലബ് ലോകകപ്പിൻ്റെ രണ്ടാമത്തെ സെമി ഫൈനൽ മത്സരം. യുവേഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി എസ് ജിയും സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും തമ്മിലാണ് ഏറ്റമുട്ടുക. മത്സരത്തിൽ വിജയിക്കുന്ന ടീം ജൂലൈ 14-ാം തീയതി ചെൽസിക്കെതിരെ ക്ലബ് ലോകകപ്പിൻ്റെ ഫൈനലിൽ ഇറങ്ങും.