Glen Maxwell: വീരേന്ദർ സെവാഗ് ഏകാധിപതി; ആ സംഭവത്തിന് ശേഷം ഞങ്ങളൊരിക്കലും സംസാരിച്ചിട്ടില്ല: ഗ്ലെൻ മാക്സ്വെൽ
Glen Maxwell And Virender Sehwag: താൻ നായകനായ 2017 സീസണിൽ അരുൺ ജെ കുമാറായിരുന്നു പഞ്ചാബിന്റെ മുഖ്യ പരിശീലകൻ. എന്നാൽ കടലാസിൽ മാത്രമായിരുന്നു അദ്ദേഹം പരിശീലകനായി ഉണ്ടായിരുന്നതെന്നും മാക്സ്വെൽ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗുമായുള്ള ഭിന്നതകളെ കുറിച്ച് തുറന്നുപറഞ്ഞ് ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്‍.
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന്‍റെ ടീം മെന്‍ററായിരുന്ന കാലത്ത് സെവാഗും താനുമായുണ്ടായ പ്രശ്നങ്ങളെ കുറിച്ചാണ് മാക്സ്വെൽ തുറന്നുപറഞ്ഞിരിക്കുന്നത്. ഏകാധിപതിയെ പോലെയാണ് സെവാഗ് ടീം മെന്ററായ കാലത്ത് പ്രവർത്തിച്ചിരുന്നതെന്ന് മാക്സ്‌വെല്‍ തന്‍റെ പുസ്തകമായ ‘ഷോമാനി’ല്‍ ആരോപിച്ചു.
“ഏകാധിപതിയെ പോലെയായിരുന്നു സെവാഗ് പെരുമാറിയിരുന്നത്. പ്ലേയിംഗ് ഇലവൻ പോലും തീരുമാനിച്ചിരുന്നത് അദ്ദേഹമായിരുന്നു. ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെ പഞ്ചാബ് കിംഗ്സിന്‍റെ നായകസ്ഥാനത്ത് താനായിരിക്കുമെന്ന് സെവാഗ് പറഞ്ഞു. ടീമിനായി ഒരുമിച്ച് പാഡണിഞ്ഞവരാണ് ഞങ്ങൾ. പിന്നാലെ അദ്ദേഹം ടീമിന്റെ മെന്റർഷിപ്പ് ഏറ്റെടുത്തു. ഇന്ത്യ- ഓസീസ് പരമ്പരയ്ക്കിടെ ആ സീസണിൽ പഞ്ചാബ് കിംഗ്സിന്‍റെ പ്രകടനം ഏത് രീതിയിലായിരിക്കണം എന്നുൾപ്പെടെ ചർച്ച ചെയ്തു. ഒരേ രീതിയിൽ ചിന്തിക്കുന്നവരാണ് ഞങ്ങളെന്ന് പരമ്പരയ്ക്കിടെ എനിക്ക് തോന്നി. എന്നാൽ ആ ധാരണ തെറ്റാണെന്ന് തെളിയാൻ അധിക സമയം വേണ്ടിവന്നില്ല”.
താൻ നായകനായ 2017 സീസണിൽ അരുൺ ജെ കുമാറായിരുന്നു പഞ്ചാബിന്റെ മുഖ്യ പരിശീലകൻ. എന്നാൽ കടലാസിൽ മാത്രമായിരുന്നു അദ്ദേഹം പരിശീലകനായി ഉണ്ടായിരുന്നത്. കാര്യങ്ങൾ തീരുമാനിക്കുന്നതും ടീമിനെ നിയന്ത്രിക്കുന്നതും സെവാഗ് തന്നെയായിരുന്നു. താരങ്ങളെ കുറിച്ചും പരിശീലകരെ കുറിച്ചും സ്വകാര്യമായി എന്നോട് ചോദിച്ചു. കൃത്യമായ മറുപടി ഞാൻ നൽകിയിരുന്നില്ല. പരിശീലകരുടെ സമ്മതത്തോടെ അവരെ ഉൾപ്പെടുത്തി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങണമെന്ന ആവശ്യം ഞാൻ മുന്നോട്ട് വച്ചു. എന്നാൽ സെവാഗ് അതിനെ എതിർത്തു. പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നത് അദ്ദേഹമാണെന്നും പറഞ്ഞു.
പൂനെ സൂപ്പർ ജയന്റ്സിനെതിരായ സീസണിലെ അവസാന മത്സരത്തിൽ 9 വിക്കറ്റിന് ഞങ്ങൾ പരാജയപ്പെട്ടിരുന്നു. മത്സരശേഷമുള്ള വാർത്തസമ്മേളനത്തിൽ സെവാഗ് എല്ലാ കുറ്റവും എന്റെ തലയിലിട്ടു. ഞാൻ ഉത്തരവാദിത്തം കുറവായിരുന്നു 73 റൺസിന് ഓൾഔട്ടാകാൻ കാരണമെന്ന് പറഞ്ഞു. മത്സര ശേഷം ഹോട്ടലിൽ എത്തുന്നതിന് മുമ്പേ ടീമിന്റെ പ്രധാനപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എന്നെ പുറത്താക്കിയിരുന്നു. ചുറ്റും സംഭവിക്കുന്നത് എന്താണെന്ന് പോലും എനിക്ക് മനസിലായില്ല. സെവാഗിന്റെ ആരാധകൻ കൂടിയായ എനിക്ക് ആ വ്യക്തിയോടുള്ള ബഹുമാനവും നഷ്ടമായി. ഇക്കാര്യം ഞാന്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
എന്നെ പോലുള്ള ഒരു ആരാധകനെ വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന് ശേഷം ഞങ്ങൾ ഇതുവരെയും പരസ്പരം സംസാരിച്ചിട്ടില്ല. പഞ്ചാബിൽ ഇനി എനിക്ക് സ്ഥാനമില്ലെന്ന് എനിക്ക് മനസിലായി. മെന്ററായി സെവാഗിനെ നിലനിർത്തുന്നത് ടീം മാനേജ്മെന്റ് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടീം വിട്ടത്.
2014 മുതല്‍ പഞ്ചാബ് കിംഗ്സ് താരമായിരുന്ന മാക്സ്‌വെല്‍ 2017-ലാണ് നായക സ്ഥാനത്ത് അരങ്ങേറിയത്. എന്നാൽ 14 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ആ സീസണിൽ പഞ്ചാബ് ഫിനിഷ് ചെയ്തത്. 2017-ൽ ടീം വിട്ട മാക്സ്വെൽ 2020-ൽ വീണ്ടും പഞ്ചാബിലേക്കെത്തി. 2021 മുതൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമാണ് ഗ്ലെൻ മാക്സ്വെൽ.