India vs New Zealand 5th ODI: കളി തിരിച്ചുപിടിച്ച് ബൗളര്‍മാര്‍; അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പര
India Clinches ODI Series Against New Zealand: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ വിജയിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. 22 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ അഞ്ചാം ഏകദിനത്തില്‍ കീഴടക്കിയത്. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 48.1 ഓവറില്‍ 187 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഇന്ത്യ 42.1 ഓവറില്‍ 209, ന്യൂസിലന്‍ഡ് 48.1 ഓവറില്‍ 187.
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ വിജയിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. 22 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ അഞ്ചാം ഏകദിനത്തില്‍ കീഴടക്കിയത്. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 48.1 ഓവറില്‍ 187 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഇന്ത്യ 42.1 ഓവറില്‍ 209, ന്യൂസിലന്‍ഡ് 48.1 ഓവറില്‍ 187. ഇരുടീമുകളിലെയും ബാറ്റര്‍മാര്‍ അമ്പേ പരാജയമായ മത്സരത്തില്‍ ബൗളര്‍മാര്‍ തിളങ്ങി. ഇരുടീമുകളിലെയും ഒരു ബാറ്റര്‍ക്ക് പോലും അര്‍ധ ശതകം നേടാനായില്ല.
മുന്നിലുണ്ടായിരുന്നത് ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കീവിസ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. അഞ്ചാം ഓവറില്‍ ടിം സെയിഫെര്‍ട്ടിനെ (21 പന്തില്‍ 14) പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയടിച്ച വില്‍ യങിന് ഇന്ന് തിളങ്ങാനായില്ല. 42 പന്തില്‍ 22 റണ്‍സെടുത്ത വില്‍ യങിനെ അര്‍ഷ്ദീപ് സിങ് പുറത്താക്കി.
ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ആഘാതത്തില്‍ നിന്ന് കരകയറാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല. വണ്‍ ഡൗണായെത്തിയ നിക്ക് കെല്ലിയെ (45 പന്തില്‍ 24) അര്‍ഷ്ദീപും, ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റിനെ (42 പന്തില്‍ 31) യാഷ് താക്കൂറും പുറത്താക്കിയതോടെ കീവിസ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഫോക്‌സ്‌ക്രോഫ്റ്റാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.
ഫിന്‍ അലന്‍-അഞ്ച് പന്തില്‍ ഒന്ന്, മൈക്കല്‍ ബ്രേസ്വെല്‍-33 പന്തില്‍ 19, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍-31 പന്തില്‍ 24, ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്-35 പന്തില്‍ 16, , ബ്ലെയര്‍ ടിക്ക്‌നര്‍-20 പന്തില്‍ 14, ജേക്കബ് ഡഫി-12 പന്തില്‍ ഒമ്പത്, മാത്യു ഫിഷര്‍-ആറു പന്തില്‍ മൂന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും, അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും, ആക്വിബ് നബി, യാഷ് താക്കൂര്‍, നമാന്‍ ധീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.
ഇഷാനും അക്‌സറും ടോപ് സ്‌കോറര്‍മാര്‍
മറുവശത്ത്, ഇന്ത്യയുടെ ബാറ്റിങും പരിതാപകരമായിരുന്നു. ഇഷാന്‍ കിഷനും (58 പന്തില്‍ 46) അക്‌സര്‍ പട്ടേലുമാണ് (55 പന്തില്‍ 46) ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: രോഹിത് ശര്‍മ-13 പന്തില്‍ ഏഴ്, റുതുരാജ് ഗെയ്ക്‌വാദ്-27 പന്തില്‍ 18, വിരാട് കോലി-ഏഴു പന്തില്‍ അഞ്ച്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍-26 പന്തില്‍ 22, നമാന്‍ ധീര്‍-31 പന്തില്‍ 22, ആക്വിബ് നബി-ഒമ്പത് പന്തില്‍ അഞ്ച്, യാഷ് താക്കൂര്‍-നാലു പന്തില്‍ പൂജ്യം, മുഹമ്മദ് സിറാജ്-20 പന്തില്‍ 14 നോട്ടൗട്ട്, അര്‍ഷ്ദീപ് സിങ്-നാലു പന്തില്‍ 14.
ന്യൂസിലന്‍ഡിനു വേണ്ടി ജേക്കബ് ഡഫിയും, മിച്ചല്‍ സാന്റ്‌നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാത്യു ഫിഷര്‍ രണ്ട് വിക്കറ്റും, ബ്ലെയര്‍ ടിക്ക്‌നറും, മൈക്കല്‍ ബ്രേസ്വെല്ലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചു. നിര്‍ണായകമായ അഞ്ചാം മത്സരം വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. നേരത്തെ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇനി രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കും. ആദ്യ ടെസ്റ്റ് മത്സരം നവംബര്‍ 19-നും രണ്ടാമത്തേത് 27-നും ആരംഭിക്കും.
English Summary
India defeated New Zealand by 22 runs in the fifth ODI to win the series. Batters struggled on both sides, with no player scoring a half-century. Ishan Kishan and Axar Patel top-scored for India with 46 runs each. Arshdeep Singh took three wickets to help defend a small target of 210.