തോൽവിയെ തോൽപ്പിച്ച് പയ്യോളി എക്സ്പ്രസ്! IOA തെരഞ്ഞെടുപ്പ്: ഐസ് ഹോക്കി പ്രതിനിധിയായി പിടി ഉഷ ജനറൽ അസംബ്ലിയിൽ
IOA election- PT Usha elected as Ice Hockey representative: നേരത്തെ ജനറൽ കൗൺസിലിലേക്ക് എത്താൻ സ്‌പോർട്‌സ് പേഴ്‌സൺ ഓഫ് ഔട്ട്സ്റ്റാന്റിങ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ മത്സരിച്ച പിടി ഉഷ തോൽക്കുകയും വനിതാ വിഭാഗം തിരഞ്ഞെടുപ്പിൽ അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നെഹ്വാൾ എന്നിവർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Pt Usha Ice Hockey Association Representative
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ് കൂടുതൽ നാടകീയതകളിലേക്ക്. എസ്ഒഎം തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ, ഐഒഎ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിനുള്ള ജനറൽ അസംബ്ലിയിലേക്ക് ഐസ് ഹോക്കി ഫെഡറേഷന്റെ വനിതാ പ്രതിനിധിയായി പി.ടി ഉഷ ഇടംപിടിച്ചു. തോൽവിയെത്തന്നെ തോൽപ്പിച്ചുകൊണ്ട്, അത്യന്തം നാടകീയമായിട്ടാണ് പയ്യോളി എക്സ്പ്രസ് എന്ന് വിശേഷണമുള്ള ഉഷ ജനറൽ കൗൺസിലിലേക്ക് എത്തിയിരിക്കുന്നത്. നേരത്തെ ജനറൽ കൗൺസിലിലേക്ക് എത്താൻ സ്‌പോർട്‌സ് പേഴ്‌സൺ ഓഫ് ഔട്ട്സ്റ്റാന്റിങ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ മത്സരിച്ച പിടി ഉഷ തോൽക്കുകയും വനിതാ വിഭാഗം തിരഞ്ഞെടുപ്പിൽ അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നെഹ്വാൾ എന്നിവർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
എസ്ഒഎം തെരഞ്ഞെടുപ്പിൽ തോറ്റതോടെ ജനറൽ കൗൺസിലിലേക്കുള്ള ഉഷയുടെ വഴി അടയുകയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഉഷയുടെ നീക്കത്തിന് അത് തിരിച്ചടിയാകുകയും ചെയ്തിരുന്നു. എന്നാൽ എതിരാളികളുടെ ഈ തന്ത്രത്തെ ഐസ് ഹോക്കി ഫെഡറേഷൻ തന്ത്രത്തിലൂടെ മറികടന്നിരിക്കുകയാണ് ഉഷ. ഇതോടെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ തിരഞ്ഞെടുപ്പിന് ആവേശമേറി.
Also Read: Sanju Samson: ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചേട്ടൻ’; സഞ്ജുവിനെക്കുറിച്ച് രോഹിത്; വീഡിയോ വൈറൽ
ജനറൽ കൗൺസിലിലേക്ക് ഓരോ കായിക ഫെഡറേഷനും ഒന്നുവീതം പുരുഷ, സ്ത്രീ പ്രതിനിധികളെ നാമനിർദേശം ചെയ്യാം. ഇത്തരത്തിൽ 30 ദേശീയ കായിക ഫെഡറേഷനുകളിൽ നിന്നായി ഉഷ ഉൾപ്പെടെ ആകെ 60 പ്രതിനിധികളാണ് ജനറൽ അസംബ്ലിയിലെത്തിയത്. ജനറൽ കൗൺസിലിൽ എത്തിയതോടെ ഐഒഎ എക്‌സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പിടി ഉഷയ്ക്ക് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകും.
നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ യോഗ്യത സൂഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ അംഗീകരിക്കപ്പെടൂ. 15 ന് ആണ് അന്തിമ പട്ടിക പുറത്തിറക്കുക. തുടർന്ന് ഡിസംബർ അഞ്ചിന് ആണ് ഐഒഎ പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള മത്സരങ്ങൾ നടക്കുക. 2030ൽ ഇന്ത്യയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടനം ഉൾപ്പെടെയുള്ളവ പുതിയ ഐഒഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചുമതലയാണ്.
അതിനിടെ, എസ്ഒഎം തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടായെന്ന് ആരോപിച്ച് പിടി ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണമെന്നാണ് ആവശ്യം. തന്നെ തോൽപ്പിക്കാൻ വഴിവിട്ട നീക്കങ്ങളുണ്ടായതായി ഉഷ നേരത്തെ ആരോപിച്ചിരുന്നു.
English Summary
The Indian Olympic Association (IOA) elections are taking an increasingly dramatic turn. Following her defeat in the SOM (Special Olympics Movement) elections, P.T. Usha has secured a spot in the General Assembly which will elect the IOA Executive Committee as a female representative of the Ice Hockey Federation. With her entry into the General Council, P.T. Usha is now eligible to contest for the position of President in the IOA Executive Council elections.