AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Lionel Messi: “നന്ദി ലിയോ..കാല്‍പ്പന്തിന് ഇത്രയേറെ സൗന്ദര്യം പകര്‍ന്നു നല്‍കിയതിന്’! ഇതിഹാസം പടിയിറങ്ങുമ്പോള്‍

Lionel Messi’s International Retirement: അര്‍ജന്റീനയുടെ ദേശീയ ജഴ്‌സിയിലേക്കുള്ള മെസിയുടെ അരങ്ങേറ്റം ഒരു ദുരന്തക്കാഴ്ചയായിരുന്നു. 2005 ഓഗസ്ത് 17. ഹംഗറിക്കെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മെസിക്ക് മിനിറ്റുകള്‍ക്കകം ചുവപ്പുകാര്‍ഡ് കണ്ട് മൈതാനം വിടേണ്ടി വന്നു. പക്ഷേ, ആ മടക്കം ഇതിഹാസത്തിലേക്കുള്ള ആരംഭമായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.

Lionel Messi: “നന്ദി ലിയോ..കാല്‍പ്പന്തിന് ഇത്രയേറെ സൗന്ദര്യം പകര്‍ന്നു നല്‍കിയതിന്’! ഇതിഹാസം പടിയിറങ്ങുമ്പോള്‍
Lionel Messi International Retirement Malayalam ArticleImage Credit source: PTI
Jayadevan AM
Jayadevan AM | Published: 01 Sep 2026 | 06:31 AM

ഫുട്‌ബോള്‍ മൈതാനത്തിന്റെ കോണുകളില്‍ കാല്‍പ്പന്തിന്റെ ചലനത്തിനൊപ്പം കാലം ശ്വാസമടക്കിപ്പിടിച്ചുനിന്ന ഒരു യുഗത്തിനാണ് തിരശീല വീഴുന്നത്. അര്‍ജന്റീന ജഴ്‌സിയിലെ ആ കാല്‍പ്പന്ത് സഞ്ചാരം ഒടുവില്‍ അവസാനിക്കുമ്പോള്‍, ഫുട്‌ബോള്‍ ലോകം ലയണല്‍ മെസി എന്ന ഇതിഹാസത്തോട് നെടുവീര്‍പ്പോടെ വിട പറയുകയാണ്. മെസി എന്ന രണ്ടക്ഷരത്തില്‍ ഒതുങ്ങുന്നതല്ല ആ നാമം; അത് കോടിക്കണക്കിന് ആരാധകരുടെ പ്രാര്‍ത്ഥനയും, കണ്ണീരും, ആനന്ദവുമാണ്, അതിലേറെ ഫുട്‌ബോളിനോടുള്ള അളവറ്റ സ്‌നേഹവുമായിരുന്നു. ആ കാല്‍പ്പന്ത് മാന്ത്രികത ഇനി അന്താരാഷ്ട്ര വേദിയില്‍ അര്‍ജന്റീനയുടെ നീലയും വെള്ളയും ജഴ്‌സിയില്‍ വിരിയുകയില്ലെന്ന സത്യം ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഓരോ ഹൃദയത്തിലും കനത്ത മൗനമായി ആര്‍ത്തലയ്ക്കുന്നു.

റൊസാരിയോയിലെ കൊച്ചുമാന്ത്രികന്‍!

ഇതിഹാസത്തിന്റെ ആദ്യ താളുകള്‍ എഴുതപ്പെടുന്നത് അര്‍ജന്റീനയിലെ റൊസാരിയോ എന്ന കൊച്ചുനഗരത്തിലെ തെരുവുകളില്‍ നിന്നാണ്. കാല്‍പ്പന്തിനെ സ്വന്തം ശരീരത്തിന്റെ ഭാഗമെന്നപോലെ കൊണ്ടുനടന്ന ആ കൊച്ചുപയ്യന്റെ ഫുട്‌ബോള്‍ സഞ്ചാരം പ്രതിസന്ധികളുടെ കനല്‍വഴി താണ്ടിയായിരുന്നു.

വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി. ചികിത്സയ്ക്കുള്ള പണത്തിനായി കുടുംബം ബുദ്ധിമുട്ടുമ്പോഴും, ആ കാലുകളില്‍ വിരിഞ്ഞ മാസ്മരികതയെ ഫുട്‌ബോള്‍ ലോകം കാണാതിരുന്നില്ല. ബാഴ്‌സലോണയുടെ കരാറിലേക്ക്, ഒരു ടിഷ്യൂ പേപ്പറില്‍ ഒപ്പുവെച്ച് കടന്നുപോയ ആ ബാലന്‍ പിന്നീട് ലോകം കീഴടക്കുമെന്ന് റൊസാരിയോയിലെ തെരുവുകള്‍ പോലും കരുതിയിട്ടുണ്ടാകില്ല.

ചുവന്നു ‘തുടങ്ങി’യ ഉദയം

അര്‍ജന്റീനയുടെ ദേശീയ ജഴ്‌സിയിലേക്കുള്ള മെസിയുടെ അരങ്ങേറ്റം ഒരു ദുരന്തക്കാഴ്ചയായിരുന്നു. 2005 ഓഗസ്ത് 17. ഹംഗറിക്കെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മെസിക്ക് മിനിറ്റുകള്‍ക്കകം ചുവപ്പുകാര്‍ഡ് കണ്ട് മൈതാനം വിടേണ്ടി വന്നു. പക്ഷേ, ആ മടക്കം ഇതിഹാസത്തിലേക്കുള്ള ആരംഭമായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു. തുടര്‍ന്ന് സ്വന്തം രാജ്യത്തിന്റെ പ്രതീക്ഷകളുടെ അമിതഭാരം പേറിയായിരുന്നു താരത്തിന്റെ കാല്‍പ്പന്ത് സഞ്ചാരം.

Also Read: ഇതിഹാസത്തിന്റെ ഒരു അ‌ധ്യായം അ‌ടയുന്നു; അ‌ർജന്റീന ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസി

മൈതാനത്ത് അത്ഭുതങ്ങള്‍ കോറിയിടുമ്പോഴും രാജ്യത്തിനായി ഒരു വലിയ കിരീടം നേടാനാകാത്തതിന്റെ വേദന മെസിയെ വേട്ടയാടിക്കൊണ്ടിരുന്നു. 2014-ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിക്ക് മുന്നില്‍ കൈയെത്തും അകലെ നഷ്ടപ്പെട്ട ആ വിശ്വകിരീടം, 2015-ലും 2016-ലും കോപ്പ അമേരിക്ക കലാശപ്പോരാട്ടങ്ങളിലെ വേദനാജനകമായ തോല്‍വികള്‍….2016-ല്‍ ഹൃദയഭാരത്തോടെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ പോലും അദ്ദേഹം സ്വയം നിര്‍ബന്ധിതനായി. പരിഹാസ ശരങ്ങളും കണ്ണീരും ആ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.

ഫീനിക്‌സ് പക്ഷിയെപോലെ തിരിച്ചുവരവ്‌

ഇതിഹാസങ്ങള്‍ തളര്‍ന്നുവീഴുന്നത് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വേണ്ടിയാണല്ലോ? മനോഹരമായ ഒരു പുലരി മെസിയെയും കാത്തിരിപ്പുണ്ടായിരുന്നു. കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകള്‍ തോളിലേറ്റി മെസി വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തി. 2021-ല്‍ ബ്രസീലിന്റെ മണ്ണില്‍, മാരക്കാന സ്റ്റേഡിയത്തില്‍ വെച്ച് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം വാനിലുയര്‍ത്തുമ്പോള്‍, ആ കണ്ണുകളില്‍ കണ്ടത് വര്‍ഷങ്ങളുടെ സങ്കടവും കാത്തിരിപ്പുമായിരുന്നു.

ഖത്തറിലെ കാവ്യനീതി

ഖത്തറിന്റെ മണ്ണിലായിരുന്നു അത്രയും നാള്‍ മെസി കാത്തിരുന്ന ആ വലിയ നിമിഷം സാക്ഷാത്കരിക്കപ്പെടേണ്ടിയിരുന്നത്. 2022-ലെ ലോകകപ്പ് ലോക കാല്‍പ്പന്ത് ചരിത്രത്തിലെ മനോഹരമായ കാവ്യനീതിക്കാണ് സാക്ഷ്യം വഹിച്ചത്. പടനായകന്റെ പാടവങ്ങളോടെ തന്റെ ടീമിനെ മുന്നില്‍ നിന്ന് നയിച്ച ആ 35-കാരന്‍ മൈതാനത്ത് വിസ്മയങ്ങള്‍ നെയ്തുകൂട്ടി.

ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ കീഴടക്കി മെസി സ്വപ്‌നകിരീടത്തില്‍ മുത്തമിട്ടു. എട്ട് ബാളണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും, എണ്ണമറ്റ ക്ലബ് കിരീടങ്ങളും, റെക്കോഡുകളും ആ കാല്‍ക്കല്‍ പ്രണാമമര്‍പ്പിച്ചു. വിധിക്ക് മേല്‍ നിശ്ചയദാര്‍ഢ്യം നേടിയ വിജയം കൂടിയായിരുന്നു ആ കിരീടനേട്ടം.

വിടവാങ്ങലിന്റെ വേദന

പിതാവിന്റെ വിയോഗം ലിയോയെ ഏറെ തളര്‍ത്തിയിരുന്നു. ഒടുവില്‍ അനിവാര്യമായ ആ പടിയിറക്കത്തിലേക്ക് മെസി കാലെടുത്തുവെച്ചു. ആ നീലയും, വെള്ളിയും ജഴ്‌സിയഴിച്ചുവെച്ച്‌ മെസി രാജ്യാന്തര ഫുട്‌ബോളിന്റെ പടിയിറങ്ങുമ്പോള്‍, ആരാധകരുടെ ഉള്ളില്‍ ഒരു വലിയ ശൂന്യത ബാക്കിയാവുകയാണ്. ക്ലബ് ഫുട്‌ബോളില്‍ ആ കാല്‍പന്ത് സഞ്ചാരം തുടരുമെന്നത് മാത്രമാണ് അല്‍പ ആശ്വാസം.

ഇനിയൊരിക്കലും അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്‌സിയില്‍ ആ പടക്കുതിരയെ കാണാനാകില്ല. പച്ചപ്പുല്‍മൈതാനത്ത് അദ്ദേഹത്തിന്റെ കാലുകളിലേക്ക് പന്തുകളെത്തുമ്പോള്‍ ഒരു സംഗീതം പോലെ ലോകം ശാന്തമായിരുന്നു. കളിക്കളത്തില്‍ മെസി പഠിപ്പിച്ചുനല്‍കിയ വിനയത്തിന്റെയും, ശാന്തതയുടെയും പാഠങ്ങള്‍ വരുംതലമുറകള്‍ക്ക് എന്നും മാര്‍ഗദര്‍ശിയാകും. ‘ നന്ദി ലിയോ, ഞങ്ങളുടെ കാല്‍പ്പന്ത് സ്വപ്‌നങ്ങള്‍ക്ക് ഇത്രയേറെ സൗന്ദര്യം പകര്‍ന്നു നല്‍കിയതിന്’.

English Summary

Lionel Messi has officially announced his retirement from international football, marking the end of a legendary era for Argentina. Rising from childhood struggles in Rosario to becoming a global icon, his international journey was defined by initial heartbreaks followed by historic triumphs.

Follow Us